ad
Deshabhimani

സ്നേഹത്തിൽ 
സഫ്രാരിസാണ് 'ബി​ഗ് ബ്രോ'

സഫ്രാരിസും അഫ്രാരിസും
avatar
എം ബി അൻസാർ

Published on Jul 07, 2025, 01:27 AM | 1 min read

പത്തനാപുരം

അനുജന്മാരുടെ വിദ്യാഭ്യാസത്തിനായി സ്വന്തം പഠനം വേണ്ടെന്നുവച്ച ചേട്ടന്മാരുടെ കഥകൾ ഒരുപാട് കേട്ടിട്ടുണ്ടാകും. എന്നാൽ, സ്വന്തം വിദ്യാഭ്യസം വേണ്ടെന്നുവച്ച് ചെറിയ പ്രായത്തിൽതന്നെ കൂലിപ്പണിക്കിറങ്ങി ചേട്ടനെ പഠിപ്പിച്ച കഥയാണ് പത്തനാപുരം മാലൂർ കോളേജിന് സമീപം മലശ്ശേരി പടിഞ്ഞാറ്റതിൽ ഷാജിമോന്റെയും ഷീജയുടെയും ഇളയമകൻ സഫ്രാരിസിന്റേത്. ചേട്ടൻ അഫ്രാരിസ് യുജിസിയും ജെആർഎഫും പാസ്സായെങ്കിലും നാട്ടുകാർ സ്വീകരണം നൽകിയത് അനുജന്. പുസ്തകവിൽപന നടത്തി ഉപജീവനം നടത്തിയ അച്ഛൻ ഷാജിയുടെ വരുമാനം വീട്ടുചെലവിനുപോലും തികഞ്ഞിരുന്നില്ല. പ്ലസ് ടു കഴിഞ്ഞ മൂത്ത മകൻ അഫ്രാരിസിനെ ഉപരിപഠനത്തിന് അയക്കാൻ സാധിക്കാതെയായി. പഠനത്തിൽ മിടുക്കനായ ചേട്ടനെ പഠിപ്പിക്കാൻ മറ്റുമാർഗങ്ങളില്ലെന്നു മനസ്സിലാക്കിയ സഫ്രാരിസ് പതിനഞ്ചാം വയസ്സുമുതൽ കൂലിപ്പണിക്കിറങ്ങി. തടിപ്പണി, മീൻ കട, ഉത്സവ സ്ഥലങ്ങളിൽ കുലുക്കി സർബത്ത് വിൽപ്പന എന്നിങ്ങനെ ചെയ്യാത്ത ജോലികളില്ല. ഈ ജോലിക്കൾക്കിടയിലും പ്ലസ്ടു പഠനം സഫ്രാരിസ് പൂർത്തിയാക്കി. തുടർന്ന് എസി മെക്കാനിക്ക് ട്രേഡ് പഠിക്കാൻ പോയെങ്കിലും ചേട്ടന്റെ പഠനത്തിനും വീട്ടുചെലവിനും കൂടുതൽ പണം കണ്ടെത്തേണ്ടി വന്നതോടെ സഫ്രാരിസ് പഠനം നിർത്തി. തനിക്ക് പഠിക്കാൻ കഴിഞ്ഞില്ലങ്കിലും ചേട്ടൻ മികച്ച വിജയങ്ങൾ നേടിയതിന്റെ അഭിമാനവും സന്തോഷവുമാണ് സഫ്രാരിസിന്റെ മനംനിറയെ. കഴിഞ്ഞദിവസം ഗതാഗതമന്ത്രി കെ ബി ഗണേഷ്‍കുമാർ പങ്കെടുത്ത ചടങ്ങിൽ ഈ സഹോദരങ്ങളെ അനുമോദിച്ചു. ഈ വിജയം തന്റേതല്ല തനിക്കായി പഠനം ഉപേക്ഷിച്ച് കൂലിപ്പണിക്കിറങ്ങിയ അനുജന്റേതാണെന്നാണ് അഫ്രാരിസിന് പറയാനുള്ളത്. പിഎച്ച്ഡി പഠനത്തോടൊപ്പം വീടിന് അടുത്തുള്ള കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലിക്ക് പ്രവേശിക്കാനിരിക്കുകയാണ് എസ്എഫ്ഐയുടെ പത്തനാപുരം ഏരിയയിലെ സജീവ പ്രവർത്തകനും ഡിവൈഎഫ്ഐ ‌ വട്ടക്കാല യൂണിറ്റ് സെക്രട്ടറിയുമായിരുന്ന അഫ്രാരിസ്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home