"ഭരണഘടനയില്‍’ ജിതിനും ശീതളും ഒന്നായി

സ്വന്തം ലേഖകന്‍
Published on Jan 04, 2026, 12:46 AM | 1 min read
കരുനാഗപ്പള്ളി
ഭരണഘടനയെ സാക്ഷിയാക്കി വേറിട്ട വിവാഹത്തിലൂടെ സർക്കാർ ജീവനക്കാരനായ ജിതിനും അധ്യാപികയായ ശീതളും പുതുജീവിതത്തിലേക്ക്. മതാചാര ചടങ്ങുകൾ ഒഴിവാക്കി ഭരണഘടന കൈമാറ്റംചെയ്തും ഭരണഘടനയുടെ ആമുഖത്തിൽനിന്നും ആശയം ഉൾക്കൊണ്ട് തയ്യാറാക്കിയ വൈവാഹിക പ്രതിജ്ഞ ഒപ്പുവച്ചുമായിരുന്നു വിവാഹ ചടങ്ങ്. വേദിയായത് നെന്മാറ സബ് രജിസ്ട്രാർ ഓഫീസും. വിവാഹത്തിൽ പങ്കെടുത്തവർക്കെല്ലാം ഭരണഘടനാ മൂല്യങ്ങളടങ്ങിയ ലഘുലേഖയും വിതരണംചെയ്തു. പാലക്കാട് അയലൂർ സ്വദേശി ജിതിൻ റവന്യുവകുപ്പിൽ തേങ്കുറിശ്ശി -വില്ലേജിൽ അസിസ്റ്റന്റാണ്. കരുനാഗപ്പള്ളി ആലുംകടവ് സ്വദേശിയായ ശീതൾ പാലക്കാട് കണ്ണാടി ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയും. കെഎസ്ടിഎ മുൻ ജില്ലാ കമ്മിറ്റി അംഗം എം പ്രകാശിന്റെയും എസ് ഷീജാകുമാരിയുടെയും മകളാണ്. ജില്ലാ പഞ്ചായത്തിന്റെ സിറ്റിസൺ- 2022 പദ്ധതിയിൽ ഭരണഘടനാ പരിശീലക സെനറ്ററായും ശീതൾ പ്രവർത്തിച്ചിരുന്നു. ഭരണഘടനാ സാക്ഷരത കേരളമൊട്ടാകെ വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ കോൺസ്റ്റിട്യൂഷൻ ലിറ്ററസി കൗൺസിലിന്റെ സജീവ അംഗവുമാണ് ശീതൾ. ഭരണഘടനാ മൂല്യങ്ങൾ കുടുംബ ജീവിതത്തിൽനിന്ന് തുടങ്ങുക എന്ന ആശയം മുൻ നിർത്തി മുമ്പും കോൺസ്റ്റിറ്റ്യൂഷൻ ലിറ്ററസി കൗൺസിൽ പ്രവർത്തകരുടെ വിവാഹങ്ങൾ ഭരണഘടനാ ആശയപ്രചരണ വേദിയായി മാറ്റിയിട്ടുണ്ട്. അതിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ശീതളും ജിതിനും തങ്ങളുടെ വിവാഹം സമാന മാതൃകയിൽ നടത്താൻ തീരുമാനിച്ചത്.കോൺസ്റ്റിറ്റ്യൂഷൻ ലിറ്ററസി കൗൺസിൽ ചെയർമാൻ എം നസീംഖാൻ, എക്സിക്യൂട്ടീവ് അംഗം എം എ റസീന എന്നിവർ ചേർന്ന് വധൂ വരന്മാർക്ക് ഭരണഘടന കൈമാറി. ദേശീയ ഗാനത്തോടെയാണ് ചടങ്ങ് അവസാനിച്ചത്.










0 comments