ബീനയ്ക്കിത് 3 പതിറ്റാണ്ടിന്റെ വ്രതശുദ്ധി

സുരേഷ് വെട്ടുകാട്ട്
Published on Feb 22, 2026, 01:25 AM | 1 min read
കരുനാഗപ്പള്ളി
റംസാന്‍ വ്രതത്തിന്റെ ത്യാഗസ്മരണ 29 വർഷമായി പിന്തുടരുകയാണ് അധ്യാപിക എ ബീന. ജനിച്ചത് ഹിന്ദു കുടുംബത്തിലാണെങ്കിലും ഒരു മതത്തിന്റെയും വിശ്വാസി അല്ലെന്നും തന്റെ മതം മാനവികതയാണെന്നും ഉറക്കെപ്പറയുന്നു ക്ലാപ്പന പണ്ടകശാലയിൽ ബീന. ചടങ്ങായല്ല, കൃത്യതയോടെ എല്ലാം പാലിച്ചാണ് ദിവസവും നോമ്പ് അനുഷ്ഠിക്കുന്നത്. റംസാന്‍ തുടങ്ങിയാൽ മുടങ്ങാതെ ക്ലാപ്പന ജുമാ മസ്ജിദിൽ നേർച്ചക്കഞ്ഞി വാങ്ങാൻ ബീന ഉണ്ടാകും. നോമ്പ് കാലത്ത് മസ്ജിദിലെ ഒരു ദിവസത്തെ കഞ്ഞിയും അധ്യാപികയുടെ വകയാണ്. സ്കൂൾ പഠനകാലത്ത് ഇസ്ലാം മതവിശ്വാസികളായ കൂട്ടുകാരുണ്ടായിരുന്നു. അവരിൽനിന്നാണ് വ്രതം അനുഷ്ഠിക്കുന്നതിന്റെ പ്രത്യേകത മനസ്സിലാക്കുന്നത്. 1990കളുടെ അവസാനം മുതൽ നോമ്പ് എടുത്തുതുടങ്ങി. 2002 മുതൽ ജീവിതത്തിന്റെ ഭാഗമാക്കി. റംസാന്‍ അത്താഴം വീട്ടില്‍നിന്ന് കഴിക്കും. എന്നാല്‍, നോമ്പ് തുറക്കുന്നത് പരിസരത്തെ മുസ്ലിം സുഹൃത്തിന്റെ വീട്ടിൽനിന്നായിരിക്കും. മതസൗഹാർദത്തിന് പണ്ടേ പേരുകേട്ട ക്ലാപ്പനയുടെ പാരമ്പര്യം ബീനയിലൂടെ തുടരുന്നു. പുരോഗമന ചിന്താഗതിക്കാരായ നിരവധി മുസ്ലിം തറവാടുകൾ ക്ലാപ്പനയിലുണ്ടായിരുന്നു. കേരളത്തിലെ ആദ്യ നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കർ കെ ഒ ഐഷാഭായിയുടെ കുടുംബവും ക്ലാപ്പനയിലാണ്. മതസാഹോദര്യം ഊട്ടിയുറപ്പിക്കുന്ന നിരവധി പ്രവർത്തനങ്ങൾ ഇപ്പോഴും നടക്കുന്നു. ബീന കൂടി മുൻകൈയെടുത്ത് വീടിന്റെ സമീപത്തെ സിപിഐ എം ഓഫീസ് ആയ അജയ് പ്രസാദ് മന്ദിരത്തിൽ നിരവധി തവണ ഇഫ്താർ സംഗമം നടത്തിയിരുന്നു. കന്യാസ്ത്രീകളും പള്ളി വികാരിയും എല്ലാ മതവിശ്വാസികളും ഉൾപ്പെടെ നിരവധിപേർ പങ്കെടുക്കാറുണ്ടായിരുന്നു. 1995 മുതൽ 2000 വരെ ക്ലാപ്പന പഞ്ചായത്ത് അംഗമായും ബീന പ്രവർത്തിച്ചു. കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയായ ബീന ത്രോബോൾ അസോസിയേഷന്‍ ജില്ലാ ജോയിന്റ് സെക്രട്ടറിയാണ്. ഭർത്താവ് ക്ലാപ്പന സുരേഷ് സിപിഐ എം ഏരിയ കമ്മിറ്റി അംഗമാണ്. മുസാഫിർ, ഹൈനസ് എന്നിവര്‍ മക്കളാണ്.










0 comments