നിങ്ങളുടെ പണം നിങ്ങളുടെ അവകാശം ക്യാമ്പയിൻ
മറന്നുകിടന്ന തുക വീണ്ടെടുത്ത് നിക്ഷേപകർ

സ്വന്തം ലേഖകന്‍
Published on Dec 30, 2025, 12:22 AM | 1 min read
കൊല്ലം
ജില്ലയിൽ വിവിധ ബാങ്കുകളിൽ അവകാശികളില്ലാതെ കിടക്കുന്ന നിക്ഷേപം അക്കൗണ്ട് ഉടമയെയോ അവകാശികളെയോ കണ്ടെത്തി തിരികെ നൽകുന്നതിന് സംഘടിപ്പിച്ച ‘നിങ്ങളുടെ പണം നിങ്ങളുടെ അവകാശം' ക്യാമ്പയിന് തുടക്കമായി. 25 ബാങ്കുകളും ഇന്‍ഷുറന്‍സ് കമ്പനികളും ക്യാമ്പയിനിന്റെ ഭാഗമായി. ആർബിഐ, സെബി, ഐആർഡിഎഐ, പിഎഫ്ആർഡിഎ, ഐഇപിഎഫ് എന്നിവയുമായി സഹകരിച്ച് ജില്ലാ ലീഡ് ബാങ്കിന്റെ നേതൃത്വത്തിലാണ് ക്യാമ്പയിന്‍ ക്രമീകരിച്ചത്. 147.03കോടിയുടെ നിക്ഷേപമാണ് ജില്ലയിലെ വിവിധ ബാങ്കുകളിലായി അവകാശികളില്ലാതെ കിടക്കുന്നത്. 6.63ലക്ഷം അക്കൗണ്ടുകളിലായാണ് ഇത്രയും പണമുള്ളത്. 120 ആളുകള്‍ പങ്കെടുത്തു. അവകാശം സ്ഥിരീകരിച്ച എട്ടോളം പേർക്ക് ബാങ്കുകളും ഇൻഷുറൻസ് കമ്പനികളും തുകയുടെ രേഖകൾ കൈമാറി. ബാങ്കുകളുടെയും ഇൻഷുറൻസ് കമ്പനികളുടെയും പ്രതിനിധികൾ കൗണ്ടറുകൾ തുറന്ന് അവകാശം സ്ഥിരീകരിക്കാൻ അവശ്യമായ സഹായം നൽകി. അവകാശികളില്ലാത്ത നിക്ഷേപങ്ങളുടെ തീർപ്പാക്കൽ ലക്ഷ്യമിട്ട് കേന്ദ്ര ധനമന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫിനാൻഷ്യൽ സർവീസസാണ് രാജ്യത്തുടനീളം ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. തേവള്ളി സ്വദേശി ആര്‍ വേണുഗോപാലിനാണ് ഏറ്റവും ഉയര്‍ന്ന തുക ലഭിച്ചത്– 57,000രൂപ. 10വർഷത്തിലേറെയായി ഒരുവിധ ഇടപാടുകളും നടക്കാത്ത അക്കൗണ്ടുകളാണ് അവകാശികളില്ലാത്ത അക്കൗണ്ടായി പരിഗണിച്ചത്. ബാങ്കുകളിലും ഇൻഷുറൻസ് കമ്പനി ഓഫീസുകളിലും എത്തി രേഖകൾ നൽകി ഉപയോക്താക്കൾക്ക് അവകാശം വീണ്ടെടുക്കാം. ചിന്നക്കട നാണി ഹോട്ടലിൽ നടന്ന ക്യാമ്പയിന്‍ ഇന്ത്യന്‍ ബാങ്ക് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ റീന സൂസന്‍ ചാക്കോ ഉദ്ഘാടനംചെയ്തു. നബാര്‍ഡ് ജില്ലാ ഡെവലപ്മെന്റ് മാനേജര്‍ എ രാഖിമോള്‍ അധ്യക്ഷയായി. ജില്ലാ ലീഡ് ബാങ്ക് മാനേജർ ജി ജീൻസിങ്, ലീഡ് ബാങ്ക് ഓഫീസർ എം പി സുരേഷ് ബാബു, എൽഐസി മാനേജർ ജയപ്രസാദ്, അൺക്ലെയ്‌മ്‌ഡ് അസെറ്റ്സ് ഇൻഷുറൻസ് കമ്പനി നോഡൽ ഓഫീസർ എസ് സന്ദീപ് എന്നിവർ പങ്കെടുത്തു. കൂടുതല്‍ നിക്ഷേപം എസ്ബിഐയില്‍ എസ്ബിഐയിലാണ് കൂടുതല്‍ നിക്ഷേപമുള്ളത്. 114577 അക്കൗണ്ടുകളിലായി 36.79 കോടി. ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ 20.9കോടി, ഫെഡറല്‍ ബാങ്കില്‍ 15.81 കോടി, കേരള സര്‍വീസ് കോ– ഓപ്പറേറ്റീവ് ബാങ്കില്‍ 70,081 അക്കൗണ്ടുകളിലായി 14.82കോടി, ഇന്ത്യന്‍ ബാങ്കില്‍ 13.95കോടി തുടങ്ങി 34 ബാങ്കുകളിലായാണ് നിക്ഷേപമുള്ളത്.










0 comments