Deshabhimani

അക്ഷരശ്ലോകത്തിന്റെ ആചാര്യന് 
സംസ്ഥാന അധ്യാപക അവാർഡ്

അധ്യാപക അവാർഡ് ജേതാവ് സുനിൽ കുമാറിന് പ്രിൻസിപ്പാളും സഹപ്രവർത്തകരും സ്കൂളിൽ നൽകിയ ആദരവ്
വെബ് ഡെസ്ക്

Published on Sep 04, 2026, 12:30 AM | 1 min read

അഞ്ചൽ

അക്ഷരശ്ലോക രംഗത്തെ പ്രതിഭയ്ക്ക്‌ സംസ്ഥാന അധ്യാപക അവാർഡ്. ഹയർ സെക്കൻഡറി വിഭാഗത്തിൽ കുളത്തൂപ്പുഴ ഹയർസെക്കൻഡറി സ്കൂളിലെ മലയാളം അധ്യാപകൻ കടയ്ക്കൽ കുറ്റിക്കാട് പാലാഴി കെ സുനിൽകുമാറിനാണ്‌ അവാർഡ്‌. 2003ൽ കടയ്ക്കൽ സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഭാഗമായി ആരംഭിച്ച പാലാഴി അക്ഷരശ്ലോക കളരിയിലൂടെയാണ്‌ തുടക്കം. 2026 വരെ കൊല്ലം, തിരുവനന്തപുരം ജില്ലകളിൽനിന്നുള്ള കുട്ടികളെ സംസ്ഥാന മത്സരത്തിൽ വിജയിപ്പിക്കാൻ അദ്ദേഹത്തിനായി. കടയ്ക്കൽ സ്കൂളിൽ 2014ൽ കേരളത്തിൽ ആദ്യമായി മട്ടുപ്പാവ് കൃഷി നടത്തിക്കൊണ്ട് ശ്രദ്ധ നേടിയിരുന്നു. 2017 മുതൽ 2022വരെ സ്കൗട്ട് മാസ്റ്റർ ആയി പ്രവർത്തിച്ചു. സി എം ഷീൽഡ് കോമ്പറ്റീഷനിൽ കൊട്ടാരക്കര, ആറ്റിങ്ങൽ എന്നീ വിദ്യാഭ്യാസ ജില്ലകളിലെ മികച്ച സ്കൗട്ട് മാസ്റ്റർ അംഗീകാരവും നേടി. കിളിമാനൂരിൽ കിടപ്പുരോഗികളെ പരിചരിക്കുന്നതിനാണ് പുരസ്കാരം ലഭിച്ചത്. പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിൽ കുട്ടികളെ ഉയർത്തിക്കൊണ്ടുവരാനും മത്സരങ്ങളിൽ വിജയം നേടാനും പ്രാപ്തരാക്കുക എന്നതിൽ സുനിൽകുമാർ പ്രത്യേകം ശ്രദ്ധ പതിപ്പിക്കുന്നു. 2025ൽ പിടിഎ അവാർഡ്, ഗുരുശ്രേഷ്ഠ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ​2024, 25 വർഷങ്ങളിൽ പത്താം ക്ലാസ് പാഠപുസ്തക സമിതി അംഗമായിരുന്നു. എസ്‌സിഇആർടി സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് അംഗമാണ്. സംസ്കൃത വൃത്തത്തിൽ ധാരാളം ശ്ലോകങ്ങൾ രചിച്ചിട്ടുണ്ട്. കഴിഞ്ഞ റവന്യു ജില്ലാ കലോത്സവത്തിന്റെ സ്വാഗതഗാനവും രചിച്ചു. പഠനത്തിലും മികവ് പുലർത്തിയിരുന്ന സുനിൽകുമാർ 1992ൽ ബിഎ ഒന്നാംറാങ്കും നേടിയിരുന്നു. ഭാര്യ: ശാലിനി (അധ്യാപിക, സിപിഎച്ച്എസ്എസ്, കുറ്റിക്കാട്). മക്കൾ: ശ്രീപത്മനാഭൻ, ശിവമംഗല.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home