ബിയർകുപ്പികൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമം: പ്രതി പിടിയിൽ

ജയൻ
കൊല്ലം
പോർട്ട്ഹാർബറിന് സമീപം ആക്രി പെറുക്കി ജീവിക്കുന്ന തമിഴ്‌നാട് സ്വദേശിയെ പൊട്ടിയ ബിയർകുപ്പി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പൊലീസ് പിടിയിൽ. മൂതാക്കര സുനാമി ഫ്ലാറ്റ് -121-ൽ താമസിക്കുന്ന ജയനെ (യേശുദാസ്, 48)യാണ് പള്ളിത്തോട്ടം പൊലീസ് അറസ്റ്റ്‌ചെയ്തത്. തമിഴ്‌നാട്ടിലെ വില്ലുപുരം കള്ളക്കുറിച്ചി സ്വദേശിയായ പളനിയെ (58) ഇയാൾ ആക്രമിക്കുകയായിരുന്നു. ശനി പകൽ മൂന്നരയ്ക്കാണ് സംഭവം. ലേലഹാളിന് സമീപമുള്ള കടപ്പുറത്ത് പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കുകയായിരുന്ന പളനിയുടെ ചാക്കിലുണ്ടായിരുന്ന കുപ്പികൾ പ്രതി എടുത്തെറിഞ്ഞു. ഇത് ചോദ്യം ചെയ്തതിലുള്ള വിരോധത്തിൽ സമീപത്ത് കിടന്നിരുന്ന ബിയർകുപ്പി കല്ലിൽ അടിച്ച് പൊട്ടിച്ചശേഷം പ്രതി പളനിയുടെ കഴുത്തിന് കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പളനിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം വിദഗ്ധ ചികിത്സയ്ക്കായി പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. പ്രതിയെ മൂതാക്കര സുനാമി ഫ്ലാറ്റിൽനിന്ന് ഇൻസ്‌പെക്ടർ സജിയുടെ നേതൃത്വത്തിൽ പിടികൂടി. ഇയാളെ കോടതി റിമാൻഡ് ചെയ്തു.










0 comments