ad
Deshabhimani

എസ്‌സി– എസ്‌ടി വിദ്യാര്‍ഥികളോട് അവഗണന

ആശ്രാമം നഴ്‌സിങ്‌ സ്കൂൾ ബസ് കട്ടപ്പുറത്ത്‌

ആശ്രാമത്തെ നഴ്സിങ്‌ സ്കൂൾ ഷെഡിൽ കട്ടപ്പുറത്തായ ബസ്‌

ആശ്രാമത്തെ നഴ്സിങ്‌ സ്കൂൾ ഷെഡിൽ കട്ടപ്പുറത്തായ ബസ്‌

avatar
സ്വന്തം ലേഖകൻ...

Published on Aug 15, 2026, 12:52 AM | 1 min read

കൊല്ലം

പട്ടികജാതി പട്ടികവര്‍ഗ വിഭാഗം വിദ്യാർഥികൾ പഠിക്കുന്ന സര്‍ക്കാര്‍ നഴ്സിങ്‌ സ്കൂളിലെ വാഹനം കട്ടപ്പുറത്ത്‌. ആശ്രാമത്തെ നഴ്‌സിങ്‌ സ്കൂൾ ഷെഡിൽ അനാഥമായി കിടക്കുന്ന ബസ്‌ പുറത്തിറക്കാൻ ആരോഗ്യവകുപ്പ്‌ നടപടി സ്വീകരിക്കുന്നില്ല. നഴ്‌സിങ്‌ വിദ്യാഭ്യാസത്തിന്റെ ഭാഗമായി ക്ലിനിക്കല്‍ പ്രാക്ടീസ്, കമ്യൂണിറ്റി ഹെല്‍ത്ത് നഴ്‌സിങ്‌ പ്രാക്ടീസ് അടക്കം ഒന്നാംവര്‍ഷം മുതൽ മൂന്നാംവര്‍ഷം വരെ വിദ്യാര്‍ഥികള്‍ക്ക് വാഹനസൗകര്യം സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ നഴ്‌സിങ്‌ സ്കൂളിലുമുണ്ട്‌. എന്നാൽ, കൊല്ലത്തെ ആരോഗ്യവകുപ്പിന്റെ വക ബസ്‌ ഷെഡിൽ പണിമുടക്കി കിടന്നിട്ടും അധികൃതർ നടപടി എടുക്കുന്നില്ല. അറ്റകുറ്റപ്പണി നടത്തുന്നില്ലെന്നു മാത്രമല്ല, ഇൻഷുറൻസും പുതുക്കിയിട്ടില്ല. സ്കൂളിന്റെ വാഹനസൗകര്യം ഉറപ്പാക്കാൻ അധികൃതർ അടിയന്തര നടപടി എടുക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ വിദ്യാർഥികളൂടെ സംഘടന കെജിഎസ്എൻഎ അധികൃതർക്ക്‌ നിരന്തരമായി പരാതി നൽകുന്നു. നിലവിലെ ഒന്നും രണ്ടും മൂന്നും വര്‍ഷ നഴ്‌സിങ്‌ വിദ്യാര്‍ഥികള്‍ വാഹന ഫീസ് അടക്കം പ്രവേശന സമയത്ത് നല്‍കിയിട്ടുള്ളതാണ്‌. എന്നാൽ, വിദ്യാർഥികൾ മാസങ്ങളായി സ്വകാര്യ ബസുകളെ ആശ്രയിച്ച്‌ കമ്യൂണിറ്റി ആൻഡ്‌ ക്ലിനിക്കല്‍ പ്രാക്ടീസിന്‌ നിശ്ചയിച്ച കേന്ദ്രങ്ങളില്‍ പോകേണ്ട അവസ്ഥയിലാണ്‌. കൊല്ലത്തെ ബസ്‌ മാത്രം അറ്റകുറ്റപ്പണി നടത്താൻ കഴിയാത്തത്‌ അധികൃതരുടെ മെല്ലെപ്പോക്ക് മൂലമാണെന്ന്‌ വിദ്യാർഥികൾ പറയുന്നു. വാഹനത്തിന്റെ ഇന്‍ഷുറന്‍സ് ഉറപ്പാക്കാൻ തുക വകയിരുത്തിയാൽ മാത്രമേ വാഹനം ഓടിക്കാന്‍ കഴിയൂ. ഇതിനും നടപടിയില്ല. ഇത്‌ എസ്‌സി– എസ്ടി വിദ്യാര്‍ഥികളോടുള്ള അവഗണനയാണെന്ന്‌ കെജിഎസ്എൻഎ ആശ്രാമം യൂണിറ്റ്‌ പ്രസിഡന്റ്‌ ദിയ മധു, സെക്രട്ടറി സൂര്യനാരായണ മൂർത്തി എന്നിവർ പറഞ്ഞു. വിദ്യാർഥികളുടെ വാഹനസ‍ൗകര്യം പുനഃസ്ഥാപിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home