ad
Deshabhimani

പൂവൻകക്ക പുനരുജ്ജീവനം

അഷ്ടമുടിയാഴങ്ങളിൽ വീണ്ടും കറുപ്പുരാശി

അഷ്ടമുടിക്കായലിൽ പൂവൻ കക്ക വാരലിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളി
avatar
സ്വന്തം ലേഖിക

Published on Nov 30, 2025, 01:37 AM | 1 min read

കൊല്ലം

അഷ്ടമുടിക്കായലിലെ പൂവൻ കക്ക (പാഫിയ മലബാറിക്ക) സമ്പത്ത് വർധിപ്പിക്കാനുള്ള കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) ശ്രമങ്ങൾ വിജയത്തിലേക്ക്‌. സിഎംഎഫ്ആർഐ വിഴിഞ്ഞം റീജണൽ സെന്ററിന്റെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം നിക്ഷേപിച്ച 30 ലക്ഷം കക്കവിത്തുകളിൽ 80 ശതമാനം അതിജീവനനിരക്ക് ലഭിച്ചതായി ഷെൽഫിഷ് ഫിഷറീസ് വിഭാഗം നടത്തിയ സർവേയിൽ കണ്ടെത്തി. നിക്ഷേപിച്ച് ഏഴുമാസത്തിനുള്ളിൽ കക്കക്കുഞ്ഞുങ്ങൾ 34 മില്ലി മീറ്റർ വലിപ്പമെത്തി. കഴിഞ്ഞ മാസം രേഖപ്പെടുത്തിയ ചെറിയ വിത്തിന്റെ അളവ് 2.38 മില്ലി മീറ്റർ ആണ്. ഉയർന്ന തോതിൽ ഉപ്പുരസമുള്ള ഭാഗങ്ങളിലാണ് കൂടുതലായും കക്കക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്. കായലിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ വലിപ്പത്തിലുള്ള കക്കകളെയും കണ്ടെത്തി. വരും മാസങ്ങൾ ഇവയുടെ വളർച്ചയ്‌ക്ക് നിർണായകമായതിനാൽ ഡിസംബർ മുതൽ മൂന്നുമാസത്തേക്ക് കക്കവാരൽ നിരോധിക്കണമെന്നും സിഎംഎഫ്ആർഐ നിർദേശിക്കുന്നു. 2018ലെ പ്രളയാനന്തരം അഷ്ടമുടിയിൽ കക്കവിത്തുൽപ്പാദനം ഗണ്യമായി കുറഞ്ഞ പശ്ചാത്തലത്തിലാണ് പുനരജ്ജീവന ശ്രമങ്ങളുമായി സിഎംഎഫ്‌ആർഐ രംഗത്തുവന്നത്‌. വിത്തുകക്കകൾ നിക്ഷേപിച്ച സ്ഥലങ്ങളിൽ അശാസ്ത്രീയ മണൽഖനനം, തോടുകളുടെ ശേഖരണം എന്നിവ കാരണം അവ നശിക്കാനിടയാകുന്നതായും കണ്ടെത്തി. സിഎംഎഫ്‌ആർഐ പ്രിൻസിപ്പൽ സയന്റിസ്റ്റുമാരായ ഡോ. എം കെ അനിൽ, ഡോ. ഗീത ശശികുമാർ എന്നിവരാണ്‌ പുനരുജ്ജീവന പദ്ധതിക്ക്‌ നേതൃത്വം നൽകുന്നത്.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home