ഓസ്ട്രേലിയൻ കാട്ടിൽ ആറു ദിവസം അതിജീവിച്ച് 17കാരൻ; രക്ഷിച്ചത് ഹെലികോപ്റ്റർ

വ്യാഴാഴ്ച രാവിലെ പോലീസ് ഹെലികോപ്റ്ററാണ് ഉണങ്ങിയ പുഴയോരത്ത് ഉറങ്ങിക്കിടന്ന നിലയിൽ കുട്ടിയെ കണ്ടെത്തിയത്
മെൽബൺ: ഓസ്ട്രേലിയയിലെ കൊടുംകാട്ടിൽ ആറു ദിവസമായി കാണാതായ 17കാരനെ ജീവനോടെ കണ്ടെത്തി. രണ്ട് ടവലുകൾ പുതച്ച് കൊടുംതണുപ്പിനെ അതിജീവിച്ചും കൈവശമുണ്ടായിരുന്ന ചിക്കൻ ചിപ്സ് മിതമായി കഴിച്ചുമാണ് വില്യം എന്ന കൗമാരക്കാരൻ കാട്ടിൽ കഴിഞ്ഞത്. വ്യാഴാഴ്ച രാവിലെ പോലീസ് ഹെലികോപ്റ്ററാണ് ഉണങ്ങിയ പുഴയോരത്ത് ഉറങ്ങിക്കിടന്ന നിലയിൽ കുട്ടിയെ കണ്ടെത്തിയത്.
മെൽബണിൽ നിന്ന് 180 കിലോമീറ്റർ കിഴക്കുള്ള വാൽഹല്ല ഈസ്റ്റിൽ സുഹൃത്തിനൊപ്പം ക്യാമ്പിങ്ങിന് പോയതിനിടെയാണ് കഴിഞ്ഞ വെള്ളിയാഴ്ച വില്യമിനെ കാണാതായത്. നൂറുകണക്കിന് പോലീസുകാരും സന്നദ്ധപ്രവർത്തകരും പങ്കെടുത്ത ആറു ദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്.
സ്റ്റോണി ക്രീക്കിന് സമീപം ഉണങ്ങിയ പുഴയുടെ അടിത്തട്ടിലുള്ള പാറയിൽ ഉറങ്ങിക്കിടക്കുകയായിരുന്നു വില്യം. ഹെലികോപ്റ്ററിന്റെ ശബ്ദം കേട്ട് ഉണർന്ന കുട്ടി രക്ഷാപ്രവർത്തകർക്ക് കൈവീശി. തുടർന്ന് കയർ ഉപയോഗിച്ച് ഹെലികോപ്റ്ററിലേക്ക് ഉയർത്തി സുരക്ഷിതമായി പുറത്തെത്തിച്ചു.
ക്യാമ്പിലേക്ക് മടങ്ങാനുള്ള വഴി തെറ്റിയതോടെ കുറ്റിക്കാടുകൾക്കിടയിൽ വിശ്രമിക്കുകയായിരുന്നുവെന്ന് വില്യം അമ്മയോട് പറഞ്ഞു. പിറ്റേന്ന് വീണ്ടും ക്യാമ്പ് കണ്ടെത്താൻ നടക്കുന്നതിനിടെ കുത്തനെയുള്ള പുഴയോരത്തേക്ക് വീഴുകയായിരുന്നു. തുടർന്ന് രണ്ടു ദിവസത്തോളം അവിടെ കഴിയേണ്ടിവന്നു.
കുട്ടിക്ക് ചെറിയ മുറിവുകളും സൂര്യാഘാതവും കാലിൽ വേദനയുമുണ്ടെങ്കിലും ആരോഗ്യനില തൃപ്തികരമാണ്. നിലവിൽ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. മകന്റെ ആരോഗ്യനിലയിൽ അത്ഭുതമുണ്ടെന്ന് അമ്മ എലിസബത്ത് ബാർക്ലി പ്രതികരിച്ചു.
മകനെ ജീവനോടെ തിരിച്ചുകിട്ടിയതിൽ അതിയായ സന്തോഷമുണ്ടെന്നും ഇനി ക്യാമ്പിങ്ങിന് പോകാൻ അനുവദിക്കില്ലെന്നും അമ്മ തമാശരൂപേണ പറഞ്ഞു. രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത പോലീസിനും സന്നദ്ധപ്രവർത്തകർക്കും കുടുംബം നന്ദി അറിയിച്ചു.
ഹെലികോപ്റ്റർ ഇല്ലായിരുന്നെങ്കിൽ കുട്ടിയെ കണ്ടെത്തുക അസാധ്യമായിരുന്നുവെന്ന് വിക്ടോറിയ പോലീസ് ആക്ടിങ് ഇൻസ്പെക്ടർ ജേസൺ ബെൻബോ പറഞ്ഞു. കടുത്ത തണുപ്പും പകൽ ചൂടും അതിജീവിച്ച് ആറു ദിവസം കാട്ടിൽ കഴിഞ്ഞത് അത്ഭുതകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.








0 comments