Deshabhimani

സമൂഹമാധ്യമത്തിലൂടെ അപവാദപ്രചാരണം; കോൺഗ്രസ് നേതാവിനെതിരെ കാൽ നഷ്ടമായ അബ്ദുൽ ജബ്ബാർ പരാതി നൽകി

abdul jabbar
വെബ് ഡെസ്ക്

Published on Nov 12, 2026, 09:07 PM | 1 min read

പറവൂർ : പറവൂർ താലൂക്ക് ആശുപത്രിയിലെ ചികിത്സാപ്പിഴവിനെ തുടർന്ന് കാൽ മുറിച്ചുമാറ്റേണ്ടി വന്ന വയൽക്കര ആറ്റുവെപ്പിൽ അബ്ദുൽ ജബ്ബാർ തനിക്കെതിരെ സമൂഹമാധ്യമത്തിലൂടെ അപവാദപ്രചാരണങ്ങൾ നടത്തുന്ന കോൺഗ്രസ് നേതാവിനെതിരെ പരാതി നൽകി. മാഞ്ഞാലി അഞ്ചുപറമ്പിൽ എ എം അലിക്കെതിരെ നടപടി ആവശ്യപ്പെട്ട് പൊലീസ് മേധാവിക്കും ആലുവ റൂറൽ സൈബർ പൊലീസിനും പരാതി നൽകി.


കഴിഞ്ഞദിവസം ഫേസ്ബുക്കിൽ അബ്ദുൽ ജബ്ബാറിനെതിരായി അലി വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇത് തന്നെ അപമാനിക്കുന്നതും തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതിനും ഉദ്ദേശിച്ചുള്ളതാണെന്ന് പരാതിയിൽ പറയുന്നു. ആഗസ്‌ത്‌ മാസത്തിലാണ് പറവൂര്‍ ഗവ. താലൂക്ക് ആശുപത്രിയില്‍ അബ്ദുൽ ജബ്ബാർ ചികിത്സതേടിയതെന്നും, ചികിത്സയ്‌ക്കായി എത്തിയ ദിവസംതന്നെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് റെഫര്‍ ചെയ്തെന്നും അമിത പുകവലിമൂലമാണ് കാല്‍ മുറിച്ചുമാറ്റേണ്ടിവന്നതെന്നും വീഡിയോയിലൂടെ അലി പറയുന്നുണ്ട്.


സാമ്പത്തിക മുതലെടുപ്പിനുവേണ്ടിയുള്ള വ്യാജപരാതിയാണെന്നും, നാട്ടില്‍ അന്വേഷിച്ചാല്‍ അബ്ദുൽ ജബ്ബാർ തട്ടിപ്പുകാരനാണെന്ന് മനസ്സിലാകുമെന്ന്‌ വീഡിയോയിൽ ഉണ്ടെന്ന് പരാതിയിലുണ്ട്. ദീർഘകാലം കരുമാല്ലൂർ പഞ്ചായത്ത്‌ അംഗമായിരുന്ന അലി കോൺഗ്രസ് കരുമാല്ലൂർ മണ്ഡലം കമ്മിറ്റി മുൻ പ്രസിഡന്റുമായിരുന്നു. ഗുരുതരമായ ചികിത്സാപ്പിഴവ്‌ ആരോപിച്ച്‌ സംസ്ഥാന പൊലീസ് മേധാവിക്ക് അബ്ദുൽ ജബ്ബാർ നൽകിയ പരാതി തുടരന്വേഷണത്തിനായി റൂറൽ ജില്ലാ പൊലീസ് മേധാവിക്ക് കൈമാറിയിട്ടുണ്ടെങ്കിലും യാതൊരുവിധ അന്വേഷണവും ഇതുവരെയും നടന്നിട്ടില്ലെന്ന് അബ്ദുൽ ജബ്ബാർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home