ad
Deshabhimani

ദുരിതപർവം താണ്ടി 
അനിൽകുമാർ ആശ്വാസതീരത്ത്

Slavery
avatar
അമൽ ഷൈജു

Published on Apr 24, 2026, 12:33 AM | 2 min read

കൊല്ലം

കനലെരിയുന്ന വെയിലിൽ കുടിനീരും അന്നവുമില്ലാതെ ആടുജീവിതം നയിച്ച ഒരുപറ്റം മനുഷ്യർ. പുറംലോകവുമായി ബന്ധമില്ല. കന്നുകാലികളെപ്പോലെ രാപകലറിയാതെ വേലചെയ്ത്‌ തളർന്നുറങ്ങും. രക്ഷയ്‌ക്കായി ആരും എത്തിയില്ലെങ്കിൽ ഉറ്റവരും ഉടയവരും അറിയാതെ വെന്തുരുകി തീർന്നേനെ. വാക്കുകളുടെ ഇടർച്ചയിലും കർണാടകയിലെ ഹസനിൽ കൃഷിയിടത്തിലെ അടിമവേലയിൽനിന്ന്‌ ആശ്വാസതീരത്ത്‌ എത്തിയതിന്റെ സന്തോഷമാണ്‌ കൊല്ലം പരവൂർ സ്വദേശി അനിൽകുമാറിന്റെ മനസ്സിൽ. നാൽപ്പത്തിരണ്ടുകാരനായ അനിൽകുമാർ തൊഴിൽതേടി പല നാടുകൾ അലഞ്ഞിട്ടുണ്ട്‌. ഏറെനാളായി കർണാടകത്തിലാണ്‌. മംഗലാപുരത്തെ തെരുവുകളിൽ ദിവസേന രാവിലെ കാത്തുനിൽക്കും. തൊഴിലാളികളെത്തേടി ആവശ്യക്കാർ എത്തിയാൽ അവരോടൊപ്പം പോകും. വൈകിട്ട്‌ കയറ്റിയയിടത്ത്‌ തിരികെ എത്തിക്കും. ഒരിക്കൽ കാറിലെത്തിയ കർണാടക സ്വദേശി രണ്ടുദിവസം കാപ്പിത്തോട്ടത്തിൽ തൊഴിലുണ്ടെന്നും 700 രൂപ കൂലിനൽകാമെന്നും പറഞ്ഞാണ്‌ അനിൽകുമാറിനെയും മറ്റു നാലുപേരെയും കൊണ്ടുപോകുന്നത്‌. ഒരാൾ കാസർകോട്ടുകാരനും മലയാളിയുമാണ്‌. മറ്റു മൂന്നുപേർ കർണാടകക്കാർ. തെങ്ങും കവുങ്ങും ഉൾപ്പെടെ ഏക്കറുകണക്കിന്‌ കൃഷിയിടങ്ങൾ കടന്നാണ്‌ ആ ദുരിതഭൂമിയിൽ അനിൽകുമാറും സംഘവും എത്തുന്നത്‌. ഒരാഴ്ചയോളം അവിടെ കഴിഞ്ഞതിനേക്കാളും ഏറെ വേദനിപ്പിച്ചത്‌ വർഷങ്ങളായി ആ തുരുത്തിൽ കുടുങ്ങിയവരുടെ നോവുന്ന കഥകളാണ്‌. ​ദുരിതംപേറിയ തകര ഷെഡ്ഡ്‌ അനിൽകുമാറിനെക്കൂടാതെ ഒഡിഷ, യുപി, ജാർഘണ്ഡ്‌ സ്വദേശികൾ ഉൾപ്പെടെ 17പേരാണ്‌ ഒറ്റമുറി ഷെഡ്ഡിലുണ്ടായിരുന്നത്‌. 28 മുതൽ 60 വയസ്സ്‌ വരെയുള്ളവർ. എല്ലാവരുടെയും ഫോണുകൾ കാവൽക്കാർ കൈക്കലാക്കി. തലചായ്ക്കാൻ കീറപ്പായ അല്ലാതെ ഷെഡ്ഡിൽ മറ്റൊന്നുമുണ്ടായില്ല. ജോലി കഴിഞ്ഞെത്തിയാൽ കാവൽക്കാർ ഷെഡ്ഡ്‌ പുറത്തുനിന്ന്‌ പൂട്ടും. പിറ്റേന്ന്‌ പുലർച്ചെയാണ്‌ തുറക്കുക. പ്രാഥമികാവശ്യങ്ങൾക്ക്‌ സമീപത്തെ പറമ്പിനെ ആശ്രയിക്കണം. ​മണിക്കൂറുകൾ 
അടിമവേല പുലർച്ചെ പണിക്കാർ പിക്കപ്‌ വാനിൽ എത്തും. പ്രാഥമിക കൃത്യങ്ങൾപോലും നിർവഹിക്കാൻ കാത്തുനിൽക്കാതെ തൊഴിലാളികളെ വണ്ടിയിൽ കയറ്റി പണിയിടങ്ങളിലേക്ക്‌ കൊണ്ടുപോകും. ഇഞ്ചിയും മഞ്ഞളുമായിരുന്നു കൃഷി. ഭക്ഷണം ലഭിക്കുന്നത്‌ അപൂർവമാണ്‌. കിട്ടുന്നതാകട്ടെ പഴകിയ കഞ്ഞിയും സാമ്പാറും. വെള്ളം കുടിക്കാൻ പണി നിർത്തിയാൽ അതിനും മർദനം. എത്രമണിക്കൂർ ജോലി ചെയ്യാറുണ്ടെന്ന്‌ അനിൽകുമാറിന്‌ ഓർമയില്ല. പണിക്കിറങ്ങുമ്പോഴും തിരികെ കയറുമ്പോഴും ചുറ്റും ഇരുട്ടാണ്‌. ​രക്ഷതേടിയവർക്ക്‌ 
അതിക്രൂരമർദനം അടിമവേലയുടെ പാരമ്യത്തിൽ രക്ഷപ്പെടാൻ ചിലർ ശ്രമിച്ചു. എന്നാൽ, നരകവേദനയായിരുന്നു ഫലം. ഗുണ്ടകൾചേർന്ന്‌ പിടിക‍ൂടി തലങ്ങും വിലങ്ങും അടിച്ചു. എന്നെങ്കിലും കൂലി കിട്ടുമെന്നും അതുവരെ പിടിച്ചുനിൽക്കാമെന്നും കരുതിയവർ വേറെയും. നിവൃത്തിയില്ലാതായപ്പോഴാണ്‌ ഒരു ചെറുപ്പക്കാരൻ രക്ഷപ്പെട്ട്‌ നാട്ടിലെത്തിയതും പൊലീസിനെ സമീപിച്ചതും. കർണാടക പൊലീസും റവന്യു വകുപ്പും ചേർന്നാണ്‌ ഇവരെ രക്ഷപ്പെടുത്തിയത്‌. അവിവാഹിതനായ അനിൽകുമാർ നിലവിൽ കൊല്ലത്ത്‌ സഹോദരി സുനിതയോടും കുടുംബത്തോടുമൊപ്പമാണ്‌ താമസം. ‘കർണാടകത്തിലേക്ക്‌ ഇനിയൊരു യാത്രയില്ല. പൊലീസുകാർ എത്തിയില്ലായിരുന്നെങ്കിൽ ഞങ്ങളുടെ ജീവിതവും നരകതുല്യമാകുമായിരുന്നു'–അനിൽകുമാർ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home