ad
Deshabhimani

കുരുന്നുകൾക്ക്‌ സുരക്ഷിത പരിചരണം

ഹിറ്റായി ‘അങ്കണവാടി കം ക്രഷ്‌ '

തിരുമുല്ലവാരം കുന്നേമുക്കിലുള്ള അങ്കണവാടി കം ക്രഷിലെ കുട്ടികൾ അങ്കണവാടി ജീവനക്കാർക്കൊപ്പം
avatar
അഖിൽ സദാശിവൻ

Published on Jan 28, 2026, 01:37 AM | 1 min read

​കൊല്ലം

കുരുന്നുകൾക്ക്‌ പകൽസമയങ്ങളിൽ സംരക്ഷണം നൽകുന്ന ‘അങ്കണവാടി കം ക്രഷ് ' പദ്ധതിക്ക് ജില്ലയിൽ പ്രചാരമേറുന്നു. അങ്കണവാടി കുട്ടികൾക്കൊപ്പം ആറുമാസം മുതൽ മൂന്നുവയസ്സ്‌ വരെയുള്ള കുട്ടികളെക്കൂടി ഉൾപ്പെടുത്തുന്നതാണ് പദ്ധതി. അങ്കണവാടി ഹെൽപ്പർ, വർക്കർ, അങ്കണവാടി കം ക്രഷ് ഹെൽപ്പർ, അങ്കണവാടി കം ക്രഷ് വർക്കർ ഉൾപ്പെടെ നാല് ജീവനക്കാരുണ്ടാകും. സർക്കാർ അവധി ദിനങ്ങളിലൊഴികെ മറ്റെല്ലാ ദിവസവും അങ്കണവാടി കം ക്രഷ് പ്രവർത്തിക്കും. വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിലുള്ള പൽന സ്കീമിന്റെ ഭാഗമായാണ് പദ്ധതി ആരംഭിച്ചത്. രാവിലെ 7.30 മുതൽ രാത്രി ഏഴുവരെയാണ് പ്രവർത്തന സമയം. കുട്ടികളുടെ ആരോഗ്യപോഷണ നിലവാരം ഉയർത്തുക, ബൗദ്ധിക– വൈകാരിക– ശാരീരിക വികാസത്തിന് അടിത്തറപാകുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. രക്ഷിതാക്കൾ ജോലിക്കുപോയി മടങ്ങിയെത്തുംവരെ കുട്ടികളെ സുരക്ഷിതമായി പരിചരിക്കുക, കുട്ടികൾക്കുള്ള ഹെൽത്ത് ചെക്കപ്പ് , ഇമ്യൂണൈസേഷൻ, പ്രീ സ്കൂൾ പ്രവർത്തനങ്ങൾ തുടങ്ങിയ സേവനങ്ങളും പദ്ധതിയിലൂടെ ലഭിക്കും. ഇതിനോടകം അഞ്ചാലുംമൂട്, കൊല്ലം അർബൻ ഒന്ന്, രണ്ട്, ചടയമംഗലം, പത്തനാപുരം, അഞ്ചൽ, ശാസ്താംകോട്ട, ഇത്തിക്കര, വെട്ടിക്കവല എന്നിവിടങ്ങളിലാണ് പദ്ധതി ആരംഭിച്ചത്. ആദ്യഘട്ടത്തിൽ ജില്ലയിൽ 24 അങ്കണവാടി കം ക്രഷുകൾക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ട്‌, ഇതിൽ 12 എണ്ണം പ്രവർത്തനം തുടങ്ങി. ഒരു വാർഡിൽ ഒന്നുവീതമെന്ന നിലയിലാണ് പദ്ധതി നടപ്പാക്കുന്നത്. ബാക്കിയുള്ളവയുടെ നടപടികൾ പുരോഗമിച്ചു വരികയാണെന്ന് വനിതാ ശിശുവികസന വകുപ്പ് അധികൃതർ പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home