അമൃതാനന്ദമയി ജന്മദിനാഘോഷത്തിന് തുടക്കം

കൊല്ലം
അമൃതാനന്ദമയിയുടെ ജന്മദിനത്തിനോട് അനുബന്ധിച്ചുള്ള വിശ്വസേവാദിനാഘോഷത്തിന് തുടക്കം. കേന്ദ്രമന്ത്രി അമിത് ഷാ ഉദ്ഘാടനംചെയ്തു. സ്നേഹച്ചരടിൽ കോര്‍ത്ത് സമൂഹത്തെ ഒറ്റക്കെട്ടായി മാതാ അമൃതാനന്ദമയി പരിപാലിക്കുകയാണെന്നും അത് ഒരിടത്തുമാത്രം ഒതുങ്ങുന്നതല്ല. ലോകത്തിന്റെ എല്ലാ ഭാഗത്തും അനേകായിരം പേര്‍ക്ക് ആശ്വാസം പകരുന്നതായും മന്ത്രി പറഞ്ഞു. കൊച്ചി, ഫരീദാബാദ് അമൃത ആശുപത്രികളില്‍ നടത്തുന്ന 20 കോടി രൂപയുടെ ചികിത്സാ പദ്ധതികൾക്കും പരിപാടിയില്‍ തുടക്കമായി. അര്‍ഹരായവര്‍ മന്ത്രിയിൽനിന്ന് സാക്ഷ്യപത്രം ഏറ്റുവാങ്ങി. 1000 രോഗികൾക്ക് സൗജന്യമായി വിദഗ്‌ധ ചികിത്സ ലഭ്യമാക്കുന്നതാണ് പദ്ധതി. കേരളത്തിലാദ്യമായി ഗർഭപാത്രം മാറ്റിവയ്‌ക്കുന്ന ശസ്ത്രക്രിയയും പദ്ധതി വഴി നടപ്പാക്കുന്നുണ്ട്. അസമില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി അമൃതാനന്ദമയി മഠം നല്‍കുന്ന രണ്ടുകോടി രൂപയുടെ ധനസഹായം അസം വിദ്യാഭ്യാസ മന്ത്രി രനോജ് പെഗുവിന് കൈമാറി. ഈ വര്‍ഷത്തെ അമൃതകീര്‍ത്തി പുരസ്കാരത്തിന് അര്‍ഹനായ പി എസ് ശ്രീധരന്‍ പിള്ള അമിത് ഷായില്‍നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. 1,23,456 രൂപയും ആര്‍ട്ടിസ്റ്റ് നമ്പൂതിരി രൂപകല്‍പ്പനചെയ്ത ശില്‍പ്പവും പ്രശസ്തിപത്രവുമാണ് പുരസ്കാരം. സംസ്ഥാന മന്ത്രിമാരായ രമേശ് ചെന്നിത്തല, കെ മുരളീധരൻ, എം ലിജു, എന്‍ കെ പ്രേമചന്ദ്രന്‍ എംപി, എംഎല്‍എമാരായ സി ആര്‍ മഹേഷ്, അബിന്‍ വര്‍ക്കി, മഠം ജനറല്‍ സെക്രട്ടറി പൂര്‍ണാമൃതാനന്ദപുരി, വൈസ് ചെയർമാൻ അമൃത സ്വരൂപാനന്ദ തുടങ്ങിയവർ സംസാരിച്ചു. പിറന്നാള്‍ ദിനമായ ഞായറാഴ്ച നടക്കുന്ന പരിപാടിയില്‍ ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ വിശിഷ്ടാതിഥിയാകും.









0 comments