അജയ്യനായി അജയപ്രസാദ്

രാജേഷ് ജാൻവി
Published on May 05, 2026, 12:15 AM | 1 min read
പുനലൂർ
തൊഴിലാളി നേതാവിന്റെ വിജയം പുനലൂർ ജനത ഏറ്റെടുത്തു. ജനങ്ങളുമായുള്ള സംവാദവും നാലരപ്പതിറ്റാണ്ടിന്റെ പൊതുപ്രവർത്തനവും അജയപ്രസാദിന്റെ വിജയവഴി തുറന്നു. ഇടതുകോട്ടയിൽ മൂന്ന് പതിറ്റാണ്ട് പുനലൂർ ജനത നൽകിയ വിശ്വാസമാണ് 20,000ന് മുകളിലുള്ള ഭൂരിപക്ഷം. തൊഴിലാളികളുടെ പ്രശ്‌നപരിഹാരത്തിനായി മുന്നിൽനിന്ന തൊഴിലാളിനേതാവിനെ ജനങ്ങൾ ഏറെ സ്വീകാര്യതയോടെയാണ് ഏറ്റെടുത്തത്. മലയോര മണ്ഡലമായ പുനലൂരിൽ കൂടുതലും സാധാരണക്കാരും തൊഴിലാളികളുമാണ് താമസിക്കുന്നത്. അജയപ്രസാദിന്റെ വിജയം ഏറെ അഭിമാനവും സന്തോഷവും നൽകുന്നുവെന്ന് തൊഴിലാളികൾ പറഞ്ഞു. നിലവിൽ സിപിഐ കൊല്ലം ജില്ലാ എക്സിക്യൂട്ടീവ് അംഗമാണ്. എഐടിയുസി സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗം. കൂടാതെ ഓയിൽപാം ഇന്ത്യ ഡയറക്ടർ ബോർഡ് അംഗമായും പുനലൂർ താലൂക്ക് സമാജം ഭരണസമിതി അംഗമായും പ്രവർത്തിക്കുന്നു. തോട്ടം തൊഴിലാളികൾ ധാരാളമായി അധിവസിക്കുന്ന മണ്ഡലത്തിൽ ഉജ്വലനായ ട്രേഡ് യൂണിയൻ നേതാവാണ്. അച്ചൻകോവിൽ മുതൽ ഇടമുളയ്‌ക്കൽ വരെ വ്യാപിച്ചുകിടക്കുന്ന പുനലൂർ അസംബ്ലി മണ്ഡലത്തിൽ ജനങ്ങളിലൊരാളായി പ്രവർത്തിച്ചു. കിഴക്കൻ മലയോര മേഖലയുടെ ഹൃദയമായ രണ്ടു പ്രമുഖ ട്രേഡ് യൂണിയനുകളായ ആർപിഎൽ വർക്കേഴ്സ് യൂണിയൻ, തെന്മല വാലി എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ എന്നീ സംഘടനകളുടെ ജനറൽ സെക്രട്ടറിയാണ്. അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. എഐവൈഎഫ് പുനലൂർ മണ്ഡലം സെക്രട്ടറി, ജില്ലാ വൈസ് പ്രസിഡന്റ്, ജില്ലാ ജോയിന്റ് സെക്രട്ടറി എന്നീ നിലകളിൽ നിരവധി യുവജന സമരങ്ങൾക്ക് നേതൃത്വം നൽകി. സിപിഐ തെന്മല മണ്ഡലം സെക്രട്ടറി, മൂന്നുതവണ പുനലൂർ മണ്ഡലം സെക്രട്ടറിയായും പ്രവർത്തിച്ചു. യുഡിഎഫ് ഭരണകാലത്ത് പൊലീസ് മർദനത്തിൽ വലതുകണ്ണിന് ഗുരുതരമായി പരിക്കേറ്റു. ആലഞ്ചേരി പ്രസാദ് ഭവനിൽ ചെല്ലപ്പൻപിള്ളയുടെയും സരസ്വതിയമ്മയുടെയും അഞ്ച് മക്കളിൽ മൂത്ത മകനായി ജനനം. അധ്യാപികയായ ശ്രീലതയാണ് ഭാര്യ. മക്കൾ: ആദിത്യൻ, അഭിനന്ദൻ.











0 comments