ഹം ജീത് രഹേങ്കെ...
നഗരം ഏറ്റുപാടി ആസാദി

കൊല്ലം
പ്രക്ഷുബ്ധമായി ഒഴുകുന്ന കടൽ പോലെയായി കൊല്ലം നഗരം. ഇൻക്വിലാബും ആസാദിയും തിരമാല പോലെ അലയടിച്ചു. ആ കടലിനെ നയിച്ചുകൊണ്ട് ഇന്ത്യൻ വിദ്യാർഥി പ്രസ്ഥാനത്തിന്റെ സമര നായിക ഐഷി ഘോഷ്. ആയിരക്കണക്കിനു ഡിവൈഎഫ്ഐ, എസ്എഫ്ഐ, ഇടതുപക്ഷ പ്രവർത്തകരും പൊതുജനങ്ങളുമാണ് പ്ലക്കർഡുകളും മഹാത്മാ ഗാന്ധിയുടെ ചിത്രങ്ങളും കൊടികളും പന്തങ്ങളുമേന്തി മുദ്രാവാക്യത്തോടെ ജാഥയിൽ അണിനിരന്നത്. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച നൈറ്റ് മാർച്ചിനാണ് എസ്‌എഫ്‌ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ് നേതൃത്വം നൽകിയത്. പോളയത്തോടുനിന്ന് ആരംഭിച്ച നൈറ്റ് മാർച്ച് പള്ളിമുക്കിൽ സമാപിച്ചു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് എം ഹരികൃഷ്ണൻ അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോം, കേന്ദ്ര കമ്മിറ്റിഅംഗം എസ് ആർ അരുൺ ബാബു, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ശ്യാം മോഹൻ, ജില്ലാ സെക്രട്ടറി ടി ആർ ശ്രീനാഥ്, ട്രഷറർ യു പവിത്ര, ജില്ലാ ജോയിന്റ് സെക്രട്ടറി ശബരിനാഥ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ വി മിഥുൻ, അമീഷ് ബാബു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി പി അഭിമന്യു, പി അനന്തു, എസ് ശ്യാം, എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ആര്യ പ്രസാദ്, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആർ ഗോപീകൃഷ്ണൻ, പ്രസിഡന്റ് മുഹമ്മദ് അസ്‌ലം, ജില്ലാ സെക്രട്ടറി വിഷ്ണു, സംസ്ഥാന കമ്മിറ്റി അംഗം ജ്യോതി മൈക്കിൾ, അജ്മൽ എന്നിവർ സംസാരിച്ചു.









0 comments