ആഹ്ലാദമില്ല ആശയറ്റ് പ്രകടനം

സ്വന്തം ലേഖകൻ
Published on May 15, 2026, 12:36 AM | 1 min read
കൊല്ലം
വി ഡി സതീശനെ മുഖ്യമന്ത്രിയാക്കുമെന്ന ഹൈക്കമാൻഡ് പ്രഖ്യാപനം വന്നതോടെ നിരാശയിലാണ്ട് ജില്ലയിലെ കോൺഗ്രസ് നേതൃത്വം. പേരിന് ചെറിയ പ്രകടനങ്ങൾ നടന്നെങ്കിലും കെ സി വേണുഗോപാൽ, ചെന്നിത്തല പക്ഷങ്ങൾ വിട്ടുനിന്നു. പ്രധാന നേതാക്കളാരും പങ്കാളികളായില്ല. അതേസമയം ഐഎൻടിയുസി പ്രവർത്തകരാണ് ആഹ്ലാദപ്രകടനത്തിൽ പങ്കെടുത്തതിൽ ഏറെയും. ജില്ലയിലെ കോൺഗ്രസ് എംഎൽഎമാർ കെ സി വേണുഗോപാലിനും രമേശ് ചെന്നിത്തലയ്‌ക്കുമൊപ്പം ഉറച്ചുനിൽക്കുകയാണ്. കൊല്ലത്തുനിന്നുള്ള നിയുക്ത എംഎൽഎ ബിന്ദുകൃഷ്‌ണ, ചടയമംഗലത്തുനിന്നുള്ള എം എം നസീർ, കുണ്ടറ എംഎൽഎ പി സി വിഷ്‌ണുനാഥ് എന്നിവർ കെ സി വേണുഗോപാലിനൊപ്പമാണ്. പത്തനാപുരത്തുനിന്നുള്ള ജ്യോതികുമാർ ചാമക്കാല രമേശ് ചെന്നിത്തലയുടെ വിശ്വസ്‌തനും മുൻനിരക്കാരനുമാണ്. അടിയുറച്ച രമേശ് ചെന്നിത്തല പക്ഷക്കാരനായിരുന്ന സി ആർ മഹേഷ് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം കെ സി വേണുഗോപാലിനൊപ്പമായി. വി ഡി സതീശൻ മുഖ്യമന്ത്രിയായതോടെ ഇനി വി ഡിയുടെ കരങ്ങൾക്ക് ശക്തിപകരുമെന്ന് മഹേഷും എഫ്‌ബി കുറിപ്പിലൂടെ വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനാർഥികളായി ഹൈക്കമാൻഡിന് മുന്നിൽ മൂന്നുപേരും നിരന്നപ്പോൾ ജില്ലയിൽ വി ഡി സതീശനെ പിന്തുണയ്‌ക്കാൻ എംഎൽഎമാരുണ്ടായില്ല. ഇതിൽ കെപിസിസി ജനറൽ സെക്രട്ടറികൂടിയായ എം എം നസീർ കെ സി വേണുഗോപാലിന് പരസ്യപിന്തുണയുമായി രംഗത്തെത്തുകയും ചെയ്‌തു. പത്തുദിവസത്തെ കാത്തിരിപ്പ് കോൺഗ്രസ് പ്രവർത്തകരിലുണ്ടാക്കിയ നിരാശയും നേതാക്കളുടെ നിസ്സഹകരണവും മുഖ്യമന്ത്രി പ്രഖ്യാപനത്തിനുശേഷം നടന്ന പ്രകടനത്തിൽ പ്രതിഫലിച്ചു. ജില്ലയിൽ ആഹ്ലാദപ്രകടനത്തിന് വൻ തയ്യാറെടുപ്പിലായിരുന്നു കെ സി വേണുഗോപാൽ പക്ഷവും രമേശ് ചെന്നിത്തല വിഭാഗവും. എന്നാൽ, ഇതെല്ലാം തകിടംമറിച്ച് സതീശനെ പ്രഖ്യാപിച്ചതോടെ ഡിസിസി ഓഫീസിൽ വിരലിലെണ്ണാവുന്ന പ്രവർത്തകർ മാത്രമാണ് എത്തിയത്. വൈകിട്ട് ചിന്നക്കടയിൽ നടന്ന ആഹ്ലാദപ്രകടനത്തിൽ ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് കൂടിയായ മേയർ എ കെ ഹഫീസും കെപിസിസി ജനറൽ സെക്രട്ടറി സൂരജ്‌രവിയും ആർഎസ്‌പി പ്രവർത്തകരും പങ്കെടുത്തു.










0 comments