അതെങ്ങനെ ശരിയാകും? അതിങ്ങനെ ശരിയായി !

എം ബി അൻസാർ
Published on Apr 16, 2025, 02:20 AM | 1 min read
പത്തനാപുരം
ആനന്ദവല്ലിയോ അതെങ്ങനെ ശരിയാകും. അവരിവിടെ 11വർഷം തൂപ്പുകാരിയായിരുന്നില്ലേ, പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി ആനന്ദവല്ലിയെ സിപിഐ എം തീരുമാനിക്കുമ്പോൾ ഉയർന്ന ചോദ്യം. അതിനെല്ലാം നാലുവർഷം കൊണ്ട് ജനാധിപത്യപരമായി മറുപടി നൽകി അഭിമാനത്തോടെ തല ഉയർത്തി നിൽക്കുകയാണ് പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനന്ദവല്ലിയും സഹപ്രവർത്തകരും ഉദ്യോഗസ്ഥരും. പദ്ധതിത്തുക ചെലവാക്കിയതിൽ 151 ബ്ലോക്ക് പഞ്ചായത്തുകളെ പിന്നിലാക്കിയാണ് പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് അഭിമാനകരമായി ഒന്നാമതെത്തിയത്. സംസ്ഥാനത്തെ ജനപ്രിയ പദ്ധതികൾ പൂർണമായും നടപ്പാക്കിയും നൂതനപദ്ധതികൾക്ക് തുടക്കം കുറിച്ചുമാണ് പഴയ ശുചീകരണത്തൊഴിലാളിയുടെ നേതൃത്വത്തെ അടയാളപ്പെടുത്തുന്നത്. തലവൂർ ഡിവിഷനിൽനിന്ന് 600ൽ അധികം ഭൂരിപക്ഷം നേടിയാണ് ആനന്ദവല്ലി വിജയിച്ചത്. ഡയാലിസിസ് രോഗികൾക്ക് സ്നേഹസ്പർശം ആരോഗ്യ മേഖലയിലെ നൂതന മാതൃക സൃഷ്‌ടിച്ചു. വർധിച്ചുവരുന്ന കിഡ്‌നി രോഗങ്ങളും തുടർചികിത്സയും കുടുംബത്തിന് വലിയ ഒരു ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട് എന്ന് മനസ്സിലാക്കി ‘ സാന്ത്വനസ്പർശം ’പദ്ധതി നടപ്പാക്കി.10ലക്ഷം രൂപയുടെ പദ്ധതി ബ്ലോക്ക് പരിധിയിലെ കിഡ്നി രോഗികൾ ഡയാലിസിസ് ചെയ്യുന്ന സ്ഥലത്തേക്കുള്ള ദൂരം എന്നിവയുടെ അടിസ്ഥാനത്തിൽ സർക്കാർ നിരക്ക് പ്രകാരമുള്ള യാത്രക്കൂലി വാഹന ഉടമയുടെ അക്കൗണ്ടിലേക്ക് നൽകുന്ന പദ്ധതി ബ്ലോക്ക് പഞ്ചായത്തിലെ താലൂക്കാശുപത്രി, ആറ് പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ എന്നിവയുടെ സഹകരണത്തോടെയാണ് നടപ്പാക്കിയത്. ഒരു കൈയിൽ പാലും മറുകൈയിൽ മുട്ടയും പച്ചക്കറിയും......... കൃഷിയും മൃഗസംരക്ഷണവും തൊഴിലായി സ്വീകരിച്ച കുടുംബങ്ങൾക്ക് സുസ്ഥിരവരുമാനം ഉറപ്പാക്കുയാണ് പദ്ധതി. വനിതാ ശാക്തീകരണവും സുരക്ഷിത ഭക്ഷ്യവസ്തുക്കളുടെ ഉല്‍പ്പാദനവും ലക്ഷ്യമിട്ട് ജനറൽ, എസ്‌സി വനിതാ വ്യക്തിഗത ഗുണഭോക്താക്കൾക്ക് ഒരുകറവ പശുവും പച്ചക്കറിത്തൈയും കിഴങ്ങുവർഗ വിളകളുടെ കിറ്റും 10 മുട്ടക്കോഴികളും നൽകുന്നു. പാലുൽപ്പാദനത്തിനായി പശു വളർത്തലിൽ ഏർപ്പെട്ടിരിക്കുന്ന വനിതകൾക്ക് ഈ മേഖലയിൽ നിലനിൽക്കാനായുള്ള സഹായം, വനിതകളുടെ സാമ്പത്തികാടിത്തറ മെച്ചപ്പെടുത്തുക, കറവപ്പശു വളർത്തലിനു പ്രോത്സാഹനം നൽകുക, സുരക്ഷിത ഭക്ഷ്യ വസ്തുക്കളുടെ ഉല്‍പ്പാദനവും വിപണനവും പ്രോത്സാഹിപ്പിക്കുക, കോഴി വളർത്തലിലൂടെയും പച്ചക്കറിക്കൃഷിയിലൂടെയും അധികവരുമാനം നേടുക, പുതിയ തലമുറയെ കാർഷിക വൃത്തിയിലേക്ക് ആകർഷിക്കാനും പദ്ധതിയിലൂടെ സാധിച്ചു.










0 comments