അൽഫോൻസാ തിരുനാൾ ഇന്ന് സമാപിക്കും

അൽഫോൻസാ തിരുനാളിനോടനുബന്ധിച്ച് ഭരണങ്ങാനം തീർഥാടന കേന്ദ്രത്തിൽനിന്ന് അൽഫോൻസാ മഠത്തിലേക്ക് നടത്തിയ ജപമാല തിരി പ്രദക്ഷിണം
ഭരണങ്ങാനം വിശുദ്ധ അൽഫോൻസാമ്മയുടെ പ്രധാന തിരുനാളാഘോഷം ചൊവ്വാഴ്ച ഭരണങ്ങാനം തീർഥാടന കേന്ദ്രത്തിൽ നടക്കും. വിശുദ്ധയെ വണങ്ങാൻ വിവിധ പ്രദേശങ്ങളിൽനിന്ന് എത്തുന്നവർ അൽഫോൻസാമ്മയുടെ കബറിടത്തിൽ പ്രാർഥന നടത്തി നേർച്ച, കാഴ്ചകൾ അർപ്പിച്ച് ഉണ്ണിയപ്പനേർച്ച സ്വീകരിച്ച് പ്രദക്ഷിണത്തിൽ പങ്കെടുക്കും. രാവിലെ 10.30 ന് ഇടവകപള്ളിയില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിൽ ആഘോഷമായ തിരുനാൾ കുര്‍ബാന അർപ്പിച്ച് സന്ദേശം നൽകും. തുടർന്ന് 12.30ന് തിരുനാൾ പ്രദക്ഷിണം ആരംഭിക്കും. പുലര്‍ച്ചെ 4.45ന് തീര്‍ഥാടന കേന്ദ്രം റെക്ടര്‍ അഗസ്റ്റ്യന്‍ പാലയ്ക്കപറമ്പിൽ വിശുദ്ധ കുര്‍ബാന അർപ്പിക്കുന്നതോടെ തിരുനാൾ സമാപനത്തിന് തുടക്കമാകും. രാവിലെ ഏഴിന് മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകി നേർച്ചയപ്പം വെഞ്ചരിക്കും. 8.30ന് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആഘോഷമായ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും. പുലർച്ചെ ആറിനും പകൽ 2.30 മുതൽ രാത്രി 9.30 വരെ ഓരോ മണിക്കൂർ ഇടവിട്ട് തുടർച്ചയായ വിശുദ്ധ കുർബാനയും ഉണ്ടാകും. സമാപനത്തിന് മുന്നോടിയായി തിങ്കളാഴ്ച അല്‍ഫോന്‍സിയന്‍ രോഗിദിനാചരണവും പ്രത്യേക ആശിര്‍വാദ പ്രാര്‍ഥനകളും നടത്തി. രാവിലെ മാര്‍ ജേക്കബ് മുരിക്കന്‍ അൽഫോൻസാമ്മയുടെ കബറിടത്തിൽ പ്രാർഥിച്ച് ആഘോഷമായ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകി. പുലർച്ചെ മുതൽ വൈകിട്ട് 7.15 വരെ നടന്ന തുടർച്ചയായ കുർബാനയിൽ വിവിധ ദേശങ്ങളിൽനിന്ന് എത്തിയവർ പങ്കാളികളായി. അല്‍ഫോന്‍സാ മഠത്തിലേയ്ക്ക് നടത്തിയ ഭക്തിസാന്ദ്ര ജപമാല തിരി പ്രദക്ഷിണത്തിൽ ആയിരക്കണക്കിനാളുകൾ പങ്കുചേർന്നു. ഭരണങ്ങാനം ഫൊറോന പള്ളി അസിസ്റ്റന്റ് വികാരി മാത്യു തയ്യില്‍ നേതൃത്വം നല്‍കി.










0 comments