മഴ ശക്തിപ്പെടുന്നു
വെള്ളപ്പൊക്ക ഭീഷണി

മണിപ്പുഴ ഈരയിൽകടവ് ബൈപാസിൽ വെള്ളക്കെട്ടിലൂടെ പോകുന്ന വാഹനങ്ങളും വെള്ളക്കെട്ട് ഒഴിവാക്കി ഫുട്പാത്തിലൂടെ പോകുന്ന വാഹനങ്ങളും
കോട്ടയം മഴ ശക്തമായതോടെ കോട്ടയം നഗരത്തിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളും താഴ്‌ന്ന സമീപപ്രദേശങ്ങളും വെള്ളപ്പൊക്ക ഭീഷണിയിൽ. കുമരകം, തിരുവാർപ്പ്, തിരുവാതുക്കൽ, പതിനഞ്ചിൽ കടവ്, കാരാപ്പുഴ, ആർപ്പൂക്കര, അയ്‌മനം ഭാഗങ്ങളിലാണ് വെള്ളപ്പൊക്ക ഭീഷണി. മീനച്ചിലാറ്റിലെയും കൊടൂരാറ്റിലേയും ജലനിരപ്പ് ക്രമാതീതമായി ഉയർന്നിരിക്കുന്നതിനാൽ വെള്ളംകയറാൻ സാധ്യതയേറി. ഇടതടവില്ലാതെ ശക്തമായി പെയ്യുന്ന മഴയാണ് വെള്ളം ഉയരാൻ കാരണം. തിരുവാർപ്പിൽ താമരശേരി, മാധവശേരി ഭാഗത്തുള്ള വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. മഴ ശക്തമായാൽ അടുത്ത ദിവസം തന്നെ വെള്ളം കയറുന്ന അവസ്ഥയിലാണ്. കുമരകത്ത് കരിയിൽ ഭാഗവും സമീപ താഴ്‌ന്ന പ്രദേശങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. കാരാപ്പുഴയിൽ ഇടറോഡുകളിൽ ഡ്രെയിനേജ് സംവിധാനം ഇല്ലാത്തതിനാൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. കോട്ടയം നഗരസഭയുടെ തിരുവാതുക്കൽ മേഖലാ കാര്യാലയത്തിന് സമീപവും വെള്ളം കെട്ടിനിൽക്കുന്ന അവസ്ഥയാണ്. ഓഫീസിലേക്ക് പൊതുജനത്തിന് കയറാൻ പറ്റാത്ത തരത്തിലാണ് വെള്ളക്കെട്ട്. നാല് പ്രധാനറോഡുകൾ ചേരുന്ന തിരുവാതുക്കലിൽ റോഡ് നവീകരിച്ചപ്പോൾ വെള്ളം ഒഴുകാൻ ഒരുവശത്ത് ഓട നിർമിക്കാത്തതാണ് വെള്ളക്കെട്ടിന് കാരണം. കെട്ടിടത്തിന് താഴത്തെ നിലയിലുള്ള വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറുന്ന സ്ഥിതിയാണ്. സമീപകാലത്ത് തിരുവാതുക്കലിൽ റോഡ് നവീകരിച്ചപ്പോൾ മുന്പത്തേക്കാളും റോഡ് ഉയർന്നു. ഇതോടെ ഒരുഭാഗത്ത് നിന്നെത്തുന്ന വെള്ളം കെട്ടിക്കിടക്കും. കോട്ടയം മണിപ്പുഴ ഇൗരയിൽകടവ് ബൈപാസിൽ വെള്ളം കയറിയിട്ടുണ്ട്. ഇവിടെ മണിപ്പുഴ ഭാഗത്ത് എത്തുന്ന റോഡിലാണ് വെള്ളം കയറിയിരിക്കുന്നത്. വെള്ളം ഒഴുകിപ്പോകാൻ സംവിധാനമില്ലാത്തതാണ് വെള്ളം പൊങ്ങാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. ഏറെ പ്രയാസപ്പെട്ടാണ് വാഹനങ്ങൾ ഇതുവഴി കടന്നുപോകുന്നത്.










0 comments