ad
Deshabhimani

കഥകളുടെ സുൽത്താന്റെ ഓർമകൾക്ക് 32 ആണ്ട്

ബഷീർ സ്മാരക മന്ദിരത്തിൽ വിപുലമായ പരിപാടികൾ

Vaikom Muhammad Basheer

വൈക്കം മുഹമ്മദ് ബഷീറിന്റെ 32-ാം ചരമവാർഷികത്തോടനുബന്ധിച്ച്‌ പെരുവ ബാപ്പുജി സെൻട്രൽ സ്കൂളിലെ വിദ്യാർഥികൾ ബഷീർ സ്മാരകമന്ദിരം സന്ദർശിച്ചപ്പോൾ

വെബ് ഡെസ്ക്

Published on Jul 04, 2026, 12:41 AM | 1 min read

തലയോലപ്പറമ്പ്

വൈക്കം മുഹമ്മദ് ബഷീറിന്റെ 32 –-ാം ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ട്രസ്റ്റിന്റെ പാലാംകടവിലെ ബഷീർ സ്മാരക മന്ദിരത്തിൽ അനുസ്മരണ പരിപാടികൾ നടത്തും. ഞായറാഴ്‌ച വൈകിട്ട് നാലിന്‌ സാഹിത്യ സദസ്സ് വനിതാ സാഹിതി ജില്ലാ സെക്രട്ടറി പി കെ ജലജാമണി ഉദ്ഘാടനം ചെയ്യും. ബഷീർ മാനവികതയുടെ സമകാലവായന എന്ന വിഷയത്തിലാണ് സംവാദം. ബഷീറിന്റെ ഓർമകൾ നിലനിർത്താനും പുതുതലമുറയിലേക്ക് ആ കഥകളുടെ സുഗന്ധം പരത്താനും വിവിധങ്ങളായ പരിപാടികളാണ് അഡ്വ. പി കെ ഹരികുമാർ ചെയർമാനും ഡോ. സി എം കുസുമൻ സെക്രട്ടറിയായും പ്രവർത്തിക്കുന്ന ട്രസ്റ്റ് ചെയ്തുവരുന്നത്. ബഷീറിന്റെ ഓർമദിനത്തോടനുബന്ധിച്ച് അദ്ദേഹത്തെപറ്റിയും അദ്ദേഹം നാടിന് നൽകിയ സംഭാവനകളെപറ്റി അറിയാനും പെരുവ കുന്നപ്പള്ളി ബാപ്പുജി സെൻട്രൽ സ്കൂളിലെ വിദ്യാർഥികൾ സ്മാരക മന്ദിരം സന്ദർശിച്ചു. ട്രസ്റ്റ്‌ സെക്രട്ടറി ഡോ. സി എം കുസുമൻ വിശദാംശങ്ങൾ നൽകി. പാത്തുമ്മയുടെ മകളും ബഷീർ കഥാപാത്രവുമായ ഖദീജയുടെ സാന്നിധ്യം കുട്ടികൾക്ക് കൗതുകവും ആവേശവുമായി. സ്കൂൾ പ്രിൻസിപ്പൽ മാതു തോമസ്, വൈസ് പ്രിൻസിപ്പൽ പ്രശാന്ത്, അധ്യാപകരായ തോമസ് മാത്യു, അരുൺ രവീന്ദ്രൻ എന്നിവരും കുട്ടികൾക്കൊപ്പമുണ്ടായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home