ഇന്ന് വായനാദിനം
95ലും ഭാരതിയമ്മയുടെ ഹോബി വായന തന്നെ

ഭാരതിയമ്മ പുസ്തകം വായനയിൽ
പൊൻകുന്നം
ചെറുപ്പം മുതലേ അക്ഷരങ്ങളെ കൂടെ കൂട്ടിയതാണ് തെക്കേത്തുകവല പടിഞ്ഞാറേടത്ത് വീട്ടിൽ ഭാരതിയമ്മ. 95 വയസ്സ് പിന്നിടുമ്പോഴും പുസ്തകങ്ങൾ പ്രിയ കൂട്ടുകാർ. കുട്ടിയായിരുന്നപ്പോൾ അച്ഛൻ നാരായണൻ നായർ വീടിന് സമീപത്തെ വായനശാലയിൽ നിന്ന് കൊണ്ടുവന്ന പുസ്തകങ്ങൾ വായിച്ചാണ് തുടക്കം. പിന്നീട് അധ്യാപകൻ കൂടിയായിരുന്ന ഭർത്താവ് കേശവൻ നായർ വായനയെ പ്രോത്സാഹിപ്പിച്ചു. ഇപ്പോൾ മകനും ഗ്രന്ഥശാല പ്രവർത്തകനുമായ പി കെ ബാബുലാലാണ് സഹായിക്കുന്നത്. ഇദ്ദേഹം വായനശാലയിൽ നിന്ന് പുസ്തകങ്ങൾ എത്തിച്ചു നൽകുന്നു. അവ ഓരോന്നും ഒന്നൊഴിയാതെ വായിച്ചു തീർക്കും ഭാരതിയമ്മ. കഥകളാണ് ഏറെ പ്രിയം. മുന്പ് വായനശാലയിലെത്തി പുസ്തകങ്ങൾ ശേഖരിച്ചിരുന്നു. എന്നാൽ ആരോഗ്യകാരണങ്ങൾ ഇപ്പോൾ പോകാറില്ല. രാവിലത്തെ പത്രം വായന നിർബന്ധമാണ്. ടിവിയിൽ വാർത്തയാണ് കൂടുതലായും കാണാറുള്ളത്. പണ്ട് വായിച്ചിരുന്ന പുസ്തകങ്ങളെ പറ്റി നല്ല ഓർമയാണ് പുതിയകാല എഴുത്തുകൾ ഓർമയിൽ തങ്ങി നിൽക്കുന്നില്ല. വായനയെ മറന്നു തുടങ്ങിയ പുതുതലമുറയ്ക്ക് ഈ അമ്മ മാതൃകയാണ്.










0 comments