ad
Deshabhimani

വാണിജ്യ സിലിണ്ടർ വിലവർധന

വില കൂടും, ദുരിതമേറും

പാചകവാതക വിലവർധനയെ തുടർന്ന് ചായ– കാപ്പി വില കൂട്ടിയത് 
സൂചിപ്പിച്ച് കോട്ടയം നഗരത്തിലെ കടയിൽ പതിപ്പിച്ച അറിയിപ്പ്

പാചകവാതക വിലവർധനയെ തുടർന്ന് ചായ– കാപ്പി വില കൂട്ടിയത് 
സൂചിപ്പിച്ച് കോട്ടയം നഗരത്തിലെ കടയിൽ പതിപ്പിച്ച അറിയിപ്പ്

avatar
സ്വന്തം ലേഖകൻ

Published on May 04, 2026, 12:31 AM | 1 min read


കോട്ടയം

അഞ്ച്‌ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്‌ പിന്നാലെ വാണിജ്യ സിലിണ്ടർവില കുത്തനെ കൂട്ടിയ കേന്ദ്ര സർക്കാർ നടപടി വൻ വിലക്കയറ്റത്തിന്‌ വഴിതുറക്കും. 19 കിലോ വാണിജ്യ സിലിണ്ടറിന്‌ ഒറ്റയടിക്ക്‌ 993 രൂപയും അഞ്ച്‌ കിലോ സിലിണ്ടറിന്‌ 251.50 രൂപയുമാണ്‌ ഒറ്റയടിക്ക് കൂട്ടിയത്‌. വില കൂട്ടാതെ പിടിച്ചുനിൽക്കാനാകില്ലെന്ന്‌ ഹോട്ടൽ, ബേക്കറി കാറ്ററിങ് സംഘടനകൾ അറിയിച്ചു. പ്രാദേശികമായി പല സ്ഥലങ്ങളിലും ഇതിനകം വില കൂട്ടിക്കഴിഞ്ഞു. ചായയ്ക്ക് പലയിടത്തും 15 രൂപയായി. എണ്ണക്കടികൾക്കും ഇതിനകം വില കൂട്ടി. ​വില വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ട്‌ വിവിധ സംഘടനകൾ സമരം പ്രഖ്യാപിച്ചിട്ടുണ്ട്‌. ആറിന്‌ ബേക്കറികളും ഹോട്ടലുകളും അടച്ചിടും. ഹോട്ടൽ ആൻഡ്‌ റസ്‌റ്റോറന്റ്‌സ്‌ അസോസിയേഷൻ, കേരള ഹോട്ടൽ ആൻഡ്‌ ബേക്കേഴ്‌സ്‌ സമിതി, വ്യാപാരി വ്യവസായി സമിതി, വ്യാപാരി വ്യവസായി ഏകോപന സമിതി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ എണ്ണക്കമ്പനികളുടെ ഓഫീസുകളിലേക്ക്‌ മാർച്ചും പ്രഖ്യാപിച്ചിട്ടുണ്ട്‌. കാറ്ററിങ് ജീവനക്കാരുടെ സംഘടന എട്ടിന് കടയടച്ച് കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് മാർച്ച് നടത്തും.


ഇരട്ടപ്രഹരം

​അമേരിക്കയും ഇസ്രയേലും ഇറാനെ ആക്രമിച്ചതിന് പിന്നാലെയുണ്ടായ എൽപിജി ക്ഷാമത്തെ തുടർന്നുണ്ടായ പ്രതിസന്ധിയിൽനിന്ന് കരകയറാൻ ശ്രമിക്കുന്നതിനിടെയാണ് കുത്തനെയുള്ള പാചകവാതക വില വർധന. ഗ്യാസ് ക്ഷാമത്തെ തുടർന്ന് ജില്ലയിൽ 20 ശതമാനം ഹോട്ടലുകൾ അടച്ച് പൂട്ടിയിരുന്നു. വിറക് ഉൾപ്പെടെ ബദൽ പാചക വാതക മാർഗങ്ങൾ ഒരുക്കി തിരിച്ച് വരാൻ ശ്രമിക്കുന്നതിനിടെയാണ് എൽപിജി വില വർധന. ഉൽപ്പന്നങ്ങൾക്ക് വില കൂട്ടാതെ പിടിച്ച് നിൽക്കാനാകില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. ഗ്യാസിന് സബ്‌സിഡി നൽകി വിലവർധന പിൻവലിച്ചാൽ വിലക്കയറ്റം ഒഴിവാക്കാനാകുമെന്നും വ്യാപാരി സംഘടനകൾ പറയുന്നു.


ചോട്ടു സിലിണ്ടർ വിലവർധന 
അതിഥിത്തൊഴിലാളികൾക്ക് തിരിച്ചടി

ഗ്യാസ് കണക്ഷൻ ഇല്ലാതെതന്നെ വാങ്ങാവുന്ന അഞ്ച്‌ കിലോയുടെ ചോട്ടു ഗ്യാസാണ്‌ ഇതര സംസസ്ഥാന തൊഴിലാളികൾ കൂടുതലായി വാങ്ങിയിരുന്നത്‌. ഇതിന് 251.50 രൂപ കൂട്ടിയതോടെ വില 811 രൂപയായി. ഹോസ്റ്റലുകളിലും റൂമുകളിലും മറ്റും താമസിക്കുന്ന ബാച്ചിലേഴ്സും പാചകത്തിന് അഞ്ചു കിലോ സിലിണ്ടറാണ് കൂടുതലായി ഉപയോഗിച്ചിരുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home