ഏകോപനത്തിൽ സർക്കാർ പൂർണ പരാജയം: വി എൻ വാസവൻ

സിപിഐ എം പൂഞ്ഞാർ, പാലാ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇൗരാറ്റുപേട്ട വില്ലേജ് ഓഫീസിലേക്ക് നടത്തിയ മാർച്ച് സംസ്ഥാന സെക്രട്ടറിയറ്റംഗം വി എൻ വാസവൻ ഉദ്‌ഘാടനംചെയ്യുന്നു
ഈരാറ്റുപേട്ട
ദുരന്തത്തിന്റെ മുൻകരുതലും ദുരിതാശ്വാസ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിൽ സംസ്ഥാന സർക്കാർ പൂർണ പരാജയമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം വി എൻ വാസവൻ. കൂട്ടിക്കൽ ദുരന്തമുണ്ടായപ്പോൾ എട്ടാംദിവസം സഹായധനം എത്തിയിരുന്നു. നഷ്ടമുണ്ടായ കച്ചവടക്കാർക്ക് പലിശരഹിത വായ്‌പയെടുക്കാൻ സൗകര്യം ചെയ്‌തു. എന്നാൽ, ഇത്തവണയാകട്ടെ, യുഡിഎഫ് സർക്കാർ പ്രഖ്യാപിച്ച നിസാര സഹായധനം പോലും ഇതുവരെ ലഭിച്ചിട്ടില്ല. ഇതാണ് രണ്ട് സർക്കാരുകൾ തമ്മിലുള്ള വ്യത്യാസം. വെള്ളപ്പൊക്കബാധിത പ്രദേശങ്ങളോട് സർക്കാർ കാണിക്കുന്ന അവഗണനയ്‌ക്കെതിരെ സിപിഐ എം സംഘടിപ്പിച്ച മാർച്ച് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുദ്ധകാലാടിസ്ഥാനത്തിൽ ഇടപെടേണ്ട സർക്കാർ നാടിനെ തിരിഞ്ഞുനോക്കുന്നില്ല. പൂഞ്ഞാറിലും പാലായിലും ആശ്വാസമായത് സിപിഐ എം, ഡിവൈഎഫ്‌ഐ തുടങ്ങിയ സംഘടനകളുടെയും സന്നദ്ധസംഘങ്ങളുടെയും പ്രവർത്തനങ്ങളാണ്. ദുരന്തഭൂമിയിൽ വരാൻ ഉപയോഗിക്കേണ്ട ഹെലികോപ്‌റ്റർ കേരള മുഖ്യമന്ത്രി ഉപയോഗിച്ചത് ഭാര്യാപിതാവിനെ കാണാനായിരുന്നു. വെള്ളപ്പൊക്കത്തിൽ എട്ടുപേരാണ് ജില്ലയിൽ മരിച്ചത്. അതിൽ പലതും സർക്കാരിന്റെ അനാസ്ഥമൂലം സംഭവിച്ചതാണ്. കച്ചവടസ്ഥാപനങ്ങൾ കൂടാതെ, കൃഷിയും വളർത്തുമൃഗങ്ങളും നഷ്ടപ്പെട്ട് വരുമാനമാർഗം ഇല്ലാതായ നിരവധി പേരുണ്ട്. അവരെ ഇനിയും അവഗണിക്കരുതെന്നും വി എൻ വാസവൻ പറഞ്ഞു.










0 comments