ad
Deshabhimani

റബറിന്‌ താങ്ങുവില പ്രഖ്യാപനം

രാഹുലിന്റെ ഗ്യാരണ്ടിയും നടപ്പായില്ല

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 19, 2026, 01:14 AM | 1 min read


​കോട്ടയം

യുഡിഎഫ്‌ അധികാരത്തിൽ വന്നാൽ റബറിന്റെ താങ്ങുവില 250 രൂപയാക്കുമെന്ന കോൺഗ്രസ്‌ നേതാവ്‌ രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം നടപ്പായില്ല. റബറിന്‌ താങ്ങുവില 250 രൂപയാക്കുമെന്നും ആദ്യ മന്ത്രിസഭാ യോഗത്തിൽ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്നുമായിരുന്നു രാഹുൽഗാന്ധിയുടെ പ്രഖ്യാപനം. കോട്ടയം പാന്പാടിയിൽ നടന്ന യുഡിഎഫ്‌ തെരഞ്ഞെടുപ്പ്‌ പൊതുയോഗത്തിലായിരുന്നു രാഹുലിന്റെ വാഗ്‌ദാനം. എന്നാൽ വി ഡി സതീശൻ സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിൽ റബർ താങ്ങുവിലയേക്കുറിച്ച്‌ പരാമർശമുണ്ടായില്ല. റബറിന്‌ താങ്ങുവില 250 ആക്കുമെന്നും ഘട്ടംഘട്ടമായി 300 രൂപയാക്കി ഉയർത്തുമെന്നുമായിരുന്നു രാഹുലിന്റെ പ്രഖ്യാപനം. റബർ കർഷകരുടെ സുരക്ഷ ഉറപ്പാക്കുമെന്നും വ്യാജ വാഗ്‌ദാനങ്ങൾ നൽകുന്നതിൽ യുഡിഎഫിന് താല്പര്യമില്ലെന്നും രാഹുൽ പ്രഖ്യാപിച്ചിരുന്നു. റബറിന് 300 രൂപ തറവില ഉറപ്പാക്കുമെന്നും സിയാൽ മാതൃകയിൽ റബർ കമ്പനി ആരംഭിക്കുമെന്നും പ്രകടനപത്രികയിലും പറഞ്ഞിരുന്നു. 2009ൽ മൻമോഹൻ സിങ്‌ സർക്കാർ ആസിയാൻ സ്വതന്ത്ര വ്യപാര കരാറിൽ ഒപ്പുവച്ചതുവഴി റബർ കർഷകരെ പാപ്പരാക്കിയത്‌ കോൺഗ്രസാണെന്ന വസ്‌തുത മറച്ചുവച്ചായിരുന്നു രാഹുൽ ഗാന്ധിയുടെ അന്നത്തെ പ്രഖ്യാപനം. റബർ ഇറക്കുമതി കുത്തനെ കൂടിയതും വില കുത്തനെ കുറഞ്ഞതും ആസിയാൻ കരാറിനുശേഷമായിരുന്നു. റബറിന്‌ 150 രൂപ കിട്ടിയിരുന്ന സമയത്ത്‌, 2021ൽ അന്നത്തെ ധനമന്ത്രി ടി എം തോമസ്‌ ഐസക്‌ അവതരിപ്പിച്ച ബജറ്റിൽ താങ്ങുവില 170 രൂപയാക്കി. 2024ൽ മന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിൽ തുക 180 ആക്കി. ഒന്നര വർഷത്തിനു ശേഷം, തുക 200ലെത്തിച്ച്‌ എൽഡിഎഫ്‌ സർക്കാർ കർഷകരോടുള്ള പ്രതിബദ്ധത തെളിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home