ജില്ലയിൽ പാഠപുസ്‌തക വിതരണം ആരംഭിച്ചു
ഇതിൽ എല്ലാമുണ്ട് ഗയ്സ‍്...

അടുത്ത അധ്യയന വർഷത്തേക്കുള്ള പാഠപുസ്തകം ലഭിച്ച മുട്ടമ്പലം ഗവ. യുപി സ്‌കൂളിലെ കുട്ടികളുടെ ആഹ്ലാദം ഫോട്ടോ: ദേശാഭിമാനി
അതുല്യ ഉണ്ണി [email protected]
Published on Feb 19, 2026, 01:24 AM | 1 min read
കോട്ടയം
‘‘ദാണ്ടേ ടീച്ചറെ ഭൂമി’’ രണ്ടാംക്ലാസുകാരൻ തേജസ് ഉച്ചത്തിൽ വിളിച്ചുപറഞ്ഞു. ‘‘ഇതിലൊരു നാടുതന്നെയുണ്ടല്ലേ’’ സുഹൃത്ത് ഇവാനയും വിട്ടുകൊടുത്തില്ല. കൂട്ടുകാർ പുസ്‌തകത്തിലെ ചിത്രങ്ങളിലൂടെ കണ്ണോടിച്ചപ്പോൾ അക്ഷരങ്ങൾ വായിക്കാനുള്ള ശ്രമത്തിലായിരുന്നു മീനാക്ഷിയും വിജേഷും. ഇത് കൂടി പഠിക്കണമല്ലോയെന്ന സങ്കടത്തിലായി മറ്റുചിലർ. പുതിയ പാഠപുസ്‌തകങ്ങൾ കണ്ടതിന്റെ കൗതുകമായിരുന്നു മുട്ടമ്പലം ഗവ. യുപി സ്‌കൂളിലെ കുരുന്നു മുഖങ്ങളിൽ. വേനലവധിക്ക് മുമ്പേ അടുത്ത അധ്യയനവർഷത്തേക്കുള്ള പുസ്തകം വിദ്യാർഥികളുടെ കൈകളിലെത്തിയിരിക്കുന്നു. പുസ്‌തകം എത്തിക്കാത്ത യുഡിഎഫ് കാലത്തെ ദുരനുഭവം തിരുത്തുകയാണ് ഇത്തവണയും എൽഡിഎഫ് സർക്കാർ. പാഠപുസ്‌തകത്തിന്റെ ജില്ലാതല വിതരണോദ്ഘാടനം മുട്ടമ്പലം ഗവ. യുപി സ്‌കൂളില്‍ കലക്ടര്‍ ചേതന്‍കുമാര്‍ മീണ നിർവഹിച്ചു. സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് കുടുംബശ്രീ മിഷന്റെ സഹകരണത്തോടെയാണ് ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് സ്‌കൂളുകളിലെ ഒന്നാംക്ലാസ് മുതല്‍ പത്താംക്ലാസ് വരെയുള്ള 15 ലക്ഷത്തോളം പാഠപുസ്തകങ്ങള്‍ വിതരണംചെയ്യുന്നത്. കേരള ബുക്സ് ആന്‍ഡ് പബ്ലിക്കേഷന്‍സ് സൊസൈറ്റി അച്ചടിച്ച മൂന്ന് ലക്ഷത്തിലധികം പുസ്തകങ്ങള്‍ പുതുപ്പള്ളി സെന്റ് ജോര്‍ജ് ഗേള്‍സ് ഹൈസ്‌കൂളിലുള്ള കുടുംബശ്രീ ബുക്ക് ഹബ്ബില്‍ എത്തിച്ചിട്ടുണ്ട്. ആദ്യഘട്ടമായി ചങ്ങനാശേരി ഉപജില്ലയിലെ സ്കൂളുകളിൽ വിതരണം ആരംഭിച്ചു. ചടങ്ങിൽ കുടുംബശ്രീ ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ അഭിലാഷ് കെ ദിവാകർ, അസി. ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ പ്രകാശ് ബി നായർ, എസ് ശ്രീജിത്ത്, അനുരാജ് പ്രസാദ്, അനിൽ കെ തോമസ്, പി ജി ജ്യോതിമോൾ, പി ആർ രാജേഷ്, ആർ രാജീവ്, പ്രതിഭ മേരി നൈനാൻ, പ്രനീഷ പ്രസാദ് എന്നിവർ സംസാരിച്ചു.









0 comments