Deshabhimani

പത്താം ക്ലാസുകാരിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച സംഭവം; പ്രതിയെ എൻകൗണ്ടറിൽ വധിക്കണമെന്ന് കുടുംബം

STUDENT
വെബ് ഡെസ്ക്

Published on Nov 01, 2026, 03:15 PM | 1 min read

അനന്തപുരം: ആന്ധ്രാപ്രദേശിൽ സ്കൂളിൽ കയറി പത്താം ക്ലാസ് വിദ്യാർഥിനിയെ ചെയിൻസോ ഉപയോഗിച്ച് ആക്രമിച്ച സംഭവത്തിൽ പ്രതിയെ പൊലീസ് ഏറ്റുമുട്ടലിൽ വധിക്കണമെന്ന് പെൺകുട്ടിയുടെ കുടുംബം. പെൺകുട്ടിയുടെ ബന്ധുവായ ഹേമന്ത് എന്ന ഡുമ്മു (21) ആണ് ആക്രമണം നടത്തിയത്. ഇയാൾക്ക് പെൺകുട്ടിയോട് ഏകപക്ഷീയമായ പ്രണയമുണ്ടായിരുന്നുവെന്ന കാര്യം കുടുംബത്തിന് അറിയില്ലായിരുന്നുവെന്ന് മുത്തച്ഛൻ മുഡഗ കടമയ്യ പറഞ്ഞു. ഇക്കാര്യം അറിഞ്ഞിരുന്നെങ്കിൽ കൂടുതൽ ജാഗ്രത പുലർത്തുമായിരുന്നു. മുമ്പൊരിക്കലും ഇയാൾ ഭീഷണിപ്പെടുത്തുകയോ ആക്രമണത്തിന്റെ സൂചന നൽകുകയോ ചെയ്തിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.


അനന്തപുരം ജില്ലയിലെ രാപ്താഡു ഗ്രാമത്തിലെ ജില്ലാ പരിഷത്ത് ഹൈസ്കൂളിൽ ശനിയാഴ്ച രാവിലെയാണ് സംഭവം. ക്ലാസ് നടന്നുകൊണ്ടിരിക്കെ യന്ത്രവാളുമായി അകത്തുകയറിയ ഹേമന്ത് വിദ്യാർഥിനിയെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ മറ്റൊരു വിദ്യാർഥിനിക്കും പരിക്കേറ്റു. പ്രണയാഭ്യർഥന നിരസിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന വിവരം. പെൺകുട്ടിയെ പ്രതി നിരന്തരം പിന്തുടർന്ന് ശല്യപ്പെടുത്തിയിരുന്നതായും പൊലീസ് അറിയിച്ചു. സംഭവത്തിനുശേഷം രക്ഷപ്പെട്ട പ്രതിയെ പിന്നീട് പൊലീസ് പിടികൂടി.


പരിക്കേറ്റ വിദ്യാർഥിനികളെ അനന്തപുരത്തെ സർക്കാർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിനിരയായ പെൺകുട്ടി അപകടനില തരണം ചെയ്തെങ്കിലും കൂടുതൽ ശസ്ത്രക്രിയകൾ ആവശ്യമായി വരുമെന്ന് മുത്തച്ഛൻ അറിയിച്ചു. ചികിത്സയ്ക്കായി സർക്കാർ സാമ്പത്തിക സഹായം നൽകുന്നുണ്ട്.


സംഭവത്തെത്തുടർന്ന് വിദ്യാർഥികൾക്ക് മാനസിക പിന്തുണ നൽകാൻ 20 കൗൺസലർമാരെ നിയോഗിച്ചതായി വിദ്യാഭ്യാസ മന്ത്രി നാരാ ലോകേഷ് അറിയിച്ചു. ആക്രമണത്തിന് സാക്ഷികളായ പത്താം ക്ലാസിലെ 32 വിദ്യാർഥികളുടെയും എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ പെൺകുട്ടികളുടെയും വീടുകൾ സന്ദർശിച്ച് കൗൺസലർമാർ ആവശ്യമായ സഹായം നൽകും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home