കേരളത്തിൽ വികസനവിരുദ്ധതയുടെ കലിയുഗം; കിഫ്ബി പദ്ധതികള് അട്ടിമറിക്കാനുള്ള നീക്കം : എം വി ജയരാജൻ

തിരുവനന്തപുരം : കിഫ്ബിയുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കലിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച സർക്കാർ നടപടിക്കെതിരെ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ജയരാജൻ. കിഫ്ബിയെ നിഷ്ക്രിയമാക്കിയതും ഭൂമി ഏറ്റെടുക്കുന്നതിനെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതും വികസനം മുടക്കാനാണെന്ന് എം വി ജയരാജൻ പറഞ്ഞു.
വികസനവിരുദ്ധതയുടെ കലിയുഗമാണ് കേരളത്തിൽ നടമാടുന്നതെന്ന് പറഞ്ഞ അദ്ദേഹം കണ്ണൂരിലും പാലക്കാടും സംസ്ഥാനത്തെ വിവിധ ജില്ലകളിലും ദേശീയപാതയ്ക്കും വികസനം ലക്ഷ്യമാക്കിയാണ് എൽഡിഎഫ് സർക്കാർ ഭൂമി ഏറ്റെടുത്തതെന്ന് വ്യക്തമാക്കി.
'ഭരണാനുമതി നൽകിയതും കരാർ നൽകിയതും പണി നടന്നുവരുന്നതുമായ 60,000 കോടി രൂപയുടെ പദ്ധതികൾ മുഴുവൻ തകർക്കുന്നതാണ് യുഡിഎഫ് സർക്കാറിന്റെ വിജിലൻസ് അന്വേഷണം. അതിൽ കണ്ണൂർ ജില്ലയിൽ മാത്രം പിണറായിയിലെ എജുക്കേഷണൽ ഹബ്ബും വിമാനത്താവളത്തിന് സമീപം 1000 ഏക്കർ ഭൂമിയിൽ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന നിർദ്ദിഷ്ട വ്യവസായ പാർക്കും ചൊവ്വ മേൽപ്പാലം ഉൾപ്പെടെയുള്ള നിരവധി പാലങ്ങളും റോഡുകളും ഉൾപ്പെടും. അത്തരം പദ്ധതികൾ നിർത്തലാക്കാനാണ് സർക്കാരിന്റെ നീക്കമെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭം ഉയർന്നുവരും'.
എയർപോർട്ട് റൺവേ വിപുലീകരണം, വ്യവസായ പാർക്ക് എന്നിവയ്ക്ക് വേണ്ടിയാണ് ഭൂമി ഏറ്റെടുത്തതെന്നും നടപടികളെല്ലാം കലക്ടറുടെ നേതൃത്വത്തിൽ സ്പെഷ്യൽ തഹസിൽദാർമാരെ നിയോഗിച്ചുകൊണ്ടാണ് ചെയ്തതെന്നും ജയരാജൻ പറഞ്ഞു.
2013ലെ കേന്ദ്ര ഭൂമി ഏറ്റെടുക്കൽ നിയമമനുസരിച്ചാണ് ഈ നടപടികൾ കലക്ടറുടെ നേതൃത്വത്തിൽ സ്വീകരിച്ചത്. കിഫ്ബിയല്ല ഭൂമി ഏറ്റെടുക്കുന്നത്. കേരളത്തിന്റെ സമഗ്രവികസനം ലക്ഷ്യമാക്കിക്കൊണ്ട് പദ്ധതികൾക്ക് പണം മുടക്കുന്നത് മാത്രമാണ് കിഫ്ബി ചെയ്യുന്ന കാര്യം. അതാവട്ടെ, സർക്കാർ ഖജനാവിൽ വികസന പദ്ധതികൾക്ക് മാറ്റിവെക്കാൻ പണമില്ലാത്തതുകൊണ്ടാണ് താനും. യുഡിഎഫിന്റെ കാലത്ത് കടലാസിൽ മാത്രമായിരുന്നു വികസനം. കിഫ്ബിയിലൂടെ ഏതാണ്ട് ഒരു ലക്ഷം കോടി രൂപയോളം വൻകിട വികസന പദ്ധതികൾക്ക് ഭരണാനുമതി നൽകുകയുണ്ടായി. അതിൽ 45000 കോടി രൂപയുടെ വികസന പദ്ധതികൾ പൂർത്തീകരിച്ചു. കേരളത്തിലാണെങ്കിൽ വികസനത്തിനും പശ്ചാത്തല സൗകര്യത്തിനും ആവശ്യമായിട്ടുള്ള ഭൂമി എളുപ്പത്തിൽ ലഭ്യവുമല്ല. ലഭ്യമാകുന്ന തരിശുഭൂമി ഇപ്പോൾ തന്നെ ഏറ്റെടുത്തില്ലെങ്കിൽ പിന്നീട് വീടുകളും കെട്ടിടങ്ങളും അവിടെ ഉയർന്നുവരും. ദേശീയപാതയ്ക്ക് ആവശ്യമായ ഭൂമി യുഡിഎഫ് ഭരിക്കുമ്പോൾ ഏറ്റെടുക്കാത്തതുകൊണ്ടാണ് 5 വർഷം നമുക്ക് നഷ്ടമായത് എന്നോർക്കുക, എം വി ജയരാജൻ പറഞ്ഞു.
'ഭൂമി ഏറ്റെടുക്കുന്നത് വൈകിയപ്പോൾ കോൺഗ്രസുകാരും ലീഗുകാരും സമരം ചെയ്തു. പ്രതിപക്ഷനേതാവായിരിക്കുമ്പോൾ വിഡി സതീശൻ എൽഡിഎഫ് സർക്കാരാണ് ഭൂമി ഏറ്റെടുക്കൽ നടപടി വൈകിപ്പിക്കുന്നതെന്ന് ആപേക്ഷപിക്കുകയും ചെയ്തു. ഭൂമി ഏറ്റെടുത്തത് മൂലം നഷ്ടപരിഹാരമായി വൻ തുക കിട്ടിയവരുടെ കൂട്ടത്തിൽ മട്ടന്നൂർ മണ്ഡലത്തിലെയും ജില്ലയിലെയും പ്രമുഖ കോൺഗ്രസ് നേതാക്കളുമുണ്ട്. വികസനത്തിനുവേണ്ടി ഭൂമി ഏറ്റെടുക്കുന്നത് നിർത്തിവെക്കുന്നതിനോട് പ്രാദേശിക കോൺഗ്രസ് നേതാക്കൾ യോജിക്കുമോ?'
'പാലക്കാട് ഭൂമി ഏറ്റെടുത്തത് കൊച്ചി - ബാംഗ്ലൂർ വ്യവസായ ഇടനാഴിയ്ക്ക് വേണ്ടിയാണ്. ഏറ്റെടുക്കുന്നില്ലെങ്കിൽ ആ കേന്ദ്ര പദ്ധതി നഷ്ടമാകും. കൊച്ചിൻ പോർട്ട് ട്രസ്റ്റിന് സമീപം ഭൂമി കൊടുക്കാൻ സർക്കാറിന് കഴിയാത്തതുകൊണ്ട് ഒരു വൻകിട പദ്ധതിയാണ് നമുക്ക് നഷ്ടമായത്'.
'ഭൂമി ഏറ്റെടുത്തത് നിയമാനുസൃതമാണെന്ന് 2026 ഒക്ടോബർ 29ന് റവന്യൂ മന്ത്രി നിയമസഭാ ചോദ്യത്തിനുള്ള മറുപടിയിൽ വ്യക്തമാക്കിയതാണ്. വ്യവസായ മന്ത്രിയാവട്ടെ ഭൂമി ഏറ്റെടുത്തത് വ്യവസായ വികസനത്തിന് വേണ്ടിയാണെന്നും അത്തരം പദ്ധതികളുടെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നുമാണ് നിയമസഭയിൽ വ്യക്തമാക്കിയത്. രണ്ട് മന്ത്രിമാരുടെ അഭിപ്രായങ്ങൾ തിരസ്കരിച്ചിട്ടാണ് വകുപ്പുതല അന്വേഷണം പോലുമില്ലാതെ ഒക്ടോബർ 30ന് വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടത്. മുഖ്യമന്ത്രി ഒരു തിരക്കഥ ഉണ്ടാക്കുകയും 'ഒരാളെയും വെറുതെ വിടില്ല' എന്ന് ഭീഷണിപ്പെടുത്തുകയും കിഫ്ബി പദ്ധതികൾ നിർത്തലാക്കുകയും ചെയ്തുകൊണ്ട് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. കേരളത്തിൽ വികസനത്തിന് പൂർണവിരാമമിടുകയാണ് ലക്ഷ്യം. വികസന തൽപരരായ ജനങ്ങൾ ഇത്തരം നടപടികൾക്കെതിരെ രംഗത്തിറങ്ങുക തന്നെ വേണം', എം വി ജയരാജൻ പറഞ്ഞു.









0 comments