Deshabhimani

എംഎൽസി തെരഞ്ഞെടുപ്പിൽ വിജയിച്ചവരെ മറുകണ്ടം ചാടിച്ച് ബിജെപി; കൂറുമാറ്റ പ്രശ്നം ഉയര്‍ന്നതോടെ സ്ഥാനാര്‍ഥികൾ തിരികെ പോയി

 U-turn
വെബ് ഡെസ്ക്

Published on Nov 01, 2026, 04:01 PM | 2 min read

പട്ന:എംഎൽസി തെരഞ്ഞെടുപ്പിൽ വിവിധ സംസ്ഥാനങ്ങളിലെ നിര്‍ണായക മണ്ഡലങ്ങളിൽ പരാജയം നേരിട്ടതോടെ വിജയിച്ച സ്ഥാനാര്‍ഥികളെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും മറുകണ്ടം ചാടിച്ചുള്ള ബിജെപി തന്ത്രത്തിനും കനത്ത തിരിച്ചടി. ബിഹാറിൽ ബിജെപിയിൽ ചേര്‍ന്നതായി നേതാക്കൾ പ്രഖ്യാപിച്ച രണ്ട് സ്വതന്ത്ര സ്ഥാനാര്‍ഥികൾ അയോഗ്യതാ പ്രശ്നം ഉയ‍ർന്നതോടെ തീരുമാനം മാറ്റി.


ബിഹാർ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി, ബി ജെ പി സംസ്ഥാന പ്രസിഡന്റ് സഞ്ജയ് സറോഗി, പാര്‍ടി സംസ്ഥാന പ്രഭാരി ഹരീഷ് ദ്വിവേദി തുടങ്ങി മുതിർന്ന നേതാക്കൾ മാധ്യമ സമ്മേളനം വിളിച്ചാണ് സരൺ, തിര്‍ഹുത്ത് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ പാര്‍ടി പ്രവേശനം ആഘോഷിച്ചത്.


തിർഹുത് ബിരുദധാരി മണ്ഡലത്തിൽ നിന്നും വിജയിച്ച ബൻഷിധർ ബ്രജ്‌വാസി, സാരൺ അധ്യാപക മണ്ഡലത്തിൽ നിന്നും വിജയിച്ച ഡോ രാഹുൽ രാജ് എന്നിവരാണ് ബിജെപി തന്ത്രത്തിന് ഇരയായത്. ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിൽ ജെ ഡി യു സ്ഥാനാർത്ഥികളെ പരാജയപ്പെടുത്തിയാണ് ഇരുവരും വിജയിച്ചത്. ഭീഷണിയും പ്രലോഭനവും നേരിടാനാവാതെ ബിജെപി പ്രവേശനം പ്രഖ്യാപിച്ചു. പാര്‍ടി ഔദ്യോഗിക പരിപാടികളിൽ പങ്കെടുപ്പിക്കുകയും ചെചയ്തു.


ഇതോടെ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് ഇരു എംഎൽസിമാരും ചതിയിൽ അകപ്പെട്ടത് ചൂണ്ടികാട്ടി രംഗത്തെത്തി. ഭരണഘടനയുടെ പത്താം ഷെഡ്യൂളിലെ പാരഗ്രാഫ് 2(2) പ്രകാരം സ്വതന്ത്രനായി ജയിച്ച ഒരു അംഗം തെരഞ്ഞെടുപ്പിന് ശേഷം ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിൽ ചേർന്നാൽ അംഗത്വം റദ്ദാക്കപ്പെടും. ബിഹാർ ലെജിസ്ലേറ്റീവ് കൗൺസിൽ ചെയർമാനാണ് അയോഗ്യതാ ഹർജിയിൽ തീരുമാനം കൈക്കൊള്ളേണ്ടത്.


നിയമനടപടികൾ ഉയർന്നുവന്നതോടെ ഇരുവരും നിലപാട് തിരുത്തി. തങ്ങൾ ബി.ജെ.പിയിൽ ചേർന്നിട്ടില്ലെന്ന് സോഷ്യൽ മീഡിയയിലൂടെ വിശദീകരണം നൽകി. ബിജെപി സംസ്ഥാന പ്രസിഡന്റ് സഞ്ജയ് സറോഗിയും തിരുത്തൽ പ്രസ്താവന നടത്തി. പിന്തുണ പ്രഖ്യാപിക്ക മാത്രമാണ് ചെയ്തത് എന്ന് പറഞ്ഞാണ് നാണക്കേടിൽ നിന്നും തലയൂരിയത്. എന്നാൽ നേതാക്കളുടെ സാന്നിധ്യത്തിലുള്ള കൂറുമാറ്റ പ്രഖ്യാപനം മാധ്യമങ്ങൾ തത്സമയം റിപ്പോര്‍ട് ചെയ്തിരുന്നു.


മുന്നണിയിലും വിളളൽ


സംസ്ഥാനത്ത് ബിജെപിക്ക് ഏറ്റവും സ്വാധീനമുള്ള ദർഭംഗ മണ്ഡലത്തിൽ വരെ ബിജെപിക്ക് തെരഞ്ഞെടുപ്പിൽ തിരിച്ചടി ഏറ്റിരുന്നു. ഇതിനിടെ സ്വന്തം മൂന്നണിയിലെ ഇതര പാര്‍ടി സ്ഥാനാർഥികൾക്ക് പാരപണിതതും വലിയ പടലപ്പിണക്കത്തിന് ഇടയാക്കി. കൂറുമാറ്റിക്കൽ ശ്രമം നടത്തിയ മണ്ഡലത്തിൽ മത്സരിച്ച് തോറ്റ ജെ ഡി യു സ്ഥാനാര്‍ഥി ആനന്ദ് പുഷ്കർ ഇക്കാര്യം തുറന്നടിച്ചു. തിർഹുത് ബിരുദധാരി മണ്ഡലത്തിൽ നിന്നും വിജയിച്ച ബൻഷിധർ ബ്രജ്‌വാസി, സാരൺ അധ്യാപക മണ്ഡലത്തിൽ നിന്നും വിജയിച്ച ഡോ രാഹുൽ രാജ് എന്നിവരോടുള്ള തോൽവി തന്നെ അട്ടിമറിയാണെന്ന് ആരോപിച്ചു.


Related News

ബിജെപി എംപിമാരായ രാജീവ് പ്രതാപ് റൂഡി സാരൺ മണ്ഡലത്തിലും, രാധാമോഹൻ സിംഗ് മോത്തിഹാരി മണ്ഡലത്തിലും മുന്നണി സ്ഥാനാര്‍ഥികളെ തോൽപ്പിക്കാൻ പ്രവര്‍ത്തിച്ചതായി പരാതിപ്പെട്ടു. ഇരുവരുടെയും പാര്‍ടി പ്രവേശനം ഇതിന് തെളിവാണെന്നും പരാജയപ്പെട്ട ജെഡിയു സ്ഥാനാര്‍ഥികൾ ആരോപിച്ചു. കൂറുമാറ്റ ശ്രമം തന്നെ ഇതിനുള്ള നന്ദി സൂചനയാണെന്നും വ്യക്തമാക്കി.


Related News

ബിജെപിയെ വിശ്വസിക്കാൻ പ്രയാസമാണെന്നും നേതാക്കളുടെ വഞ്ചന വ്യകതമാണെന്നും പുഷ്കർ പറഞ്ഞു. എങ്കിലും നിതിഷ് കുമാറിന്റെ നേതൃത്വത്തിൽ ഉറച്ചുനിൽക്കുമെന്നും അന്തരിച്ച തന്റെ പിതാവ് കേദാർനാഥ് പാണ്ഡെയുടെ പാത പിന്തുടർന്ന് അധ്യാപകർക്കായി പ്രവർത്തിക്കുമെന്നും പുഷ്കർ പിന്നീട് പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home