ചലോ ദില്ലി മഹാറാലിക്ക് തുടക്കം; രാംലീല മൈതാനിയിലേക്ക് ജനകീയ പ്രക്ഷോഭം നയിച്ച് 'ഇന്ത്യ'

ന്യൂഡൽഹി : മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും, എന്റെ വോട്ട് എന്റെ അവകാശം എന്ന മുദ്രാവാക്യമുയർത്തിയും ജനാധിപത്യം സംരക്ഷിക്കുന്നതിന് ഇന്ത്യ കൂട്ടായ്മ നേതൃത്വം നൽകുന്ന ചലോ ദില്ലി മഹാറാലിക്ക് തുടക്കം. ഇന്ത്യ കൂട്ടായ്മയിലെ നേതാക്കൾ രാംലീല മൈതാനിയിലേക്ക് എത്തി. ഇതിനോടകം തന്നെ ലക്ഷക്കണക്കിന് ജനങ്ങളാണ് രാംലീല മൈതാനിയിലേക്ക് ഒഴുകിയെത്തിയത്. ഇന്ത്യ കൂട്ടായ്മയിലെ നേതാക്കൾക്ക് പുറമെ ഇന്നത്തെ മഹാറാലിക്ക് പിന്തുണയുമായി രാജ്യത്തെ വിവിധ വിദ്യാർഥി, തൊഴിലാളി സംഘടന പ്രതിനിധികളും, സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികളുമെല്ലാം രാംലീല മൈതാനിയിൽ എത്തിയിട്ടുണ്ട്.
എം എ ബേബി, മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, അഖിലേഷ് യാദവ്, ദീപാങ്കുർ ഭട്ടാചാര്യ, ഫാറുഖ് അബ്ദുള്ള തുടങ്ങി ഇന്ത്യ കൂട്ടായ്മയിലെ പ്രമുഖ നേതാക്കളാണ് മഹാറാലിക്ക് നേതൃത്വം നൽകുന്നത്. രാംലീല മൈതാനത്ത് വൻ സുരക്ഷാ സന്നാഹമാണ് ഡൽഹി പൊലീസ് ഒരുക്കിയിരിക്കുന്നത്. എത്ര തന്നെ തടസങ്ങളുണ്ടായാലും കരുത്തോടെ ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്നുറപ്പിച്ചാണ് ഇന്ത്യ കൂട്ടായ്മയിലെ നേതാക്കൾ രാംലീല മൈതാനിയിലെത്തിയത്. രാജ്യം സമീപകാലത്ത് കണ്ടിട്ടില്ലാത്ത വൻ ജനകീയ മുന്നേറ്റത്തിനാണ് രാംലീല മൈതാനം സാക്ഷ്യം വഹിക്കുന്നത്. ഏകദേശം 10 ലക്ഷം പേർ ചലോ ദില്ലി മഹാറാലിയിൽ പങ്കെടുക്കും. വൈകുന്നേരം 5 മണിവരെയാണ് രാംലീല മൈതാനത്ത് പ്രതിഷേധിക്കാൻ അനുമതി നൽകിയിരിക്കുന്നത്.









0 comments