പുതുമകളുടെ ‘സിഗ്നേച്ചർ'

തിരുനക്കരയിലെ സപ്ലൈകോയുടെ സിഗ്നേച്ചർ മാർട്ട്
കോട്ടയം
ഷോപ്പിങ് മാളുകളിലെ തിളക്കവും കോർപ്പറേറ്റ് റീട്ടെയിൽ ശൃംഖലകളുടെ സൗകര്യങ്ങളും ഇനി സാധാരണക്കാരനും സ്വന്തം. സപ്ലൈകോയ്‌ക്ക് പുതുനിറം നൽകി ജില്ലയിലെ ആദ്യത്തെ ‘സിഗ്നേച്ചർ മാർട്ട്' വെള്ളിയാഴ്ച ഉദ്‌ഘാടനംചെയ്യും. തിരുനക്കര മൈതാനത്തിന് എതിർവശത്തുള്ള ഹൈപ്പർ മാർക്കറ്റാണ് അത്യാധുനിക രീതിയിൽ നവീകരിച്ച് സിഗ്നേച്ചർ മാർട്ടായി മാറ്റിയത്. സാധാരണ സപ്ലൈകോ സ്റ്റോറുകളിൽനിന്ന് വേറിട്ട്, ഉപഭോക്താക്കള്‍ക്ക് ആധുനിക രീതിയിലുള്ള ഷോപ്പിങ് അനുഭവം സര്‍ക്കാര്‍ വിപണിയിലൂടെ ലഭ്യമാക്കുകയാണ് ലക്ഷ്യം. പ്രമുഖ കോര്‍പ്പറേറ്റ് റീട്ടെയില്‍ ശൃംഖലകള്‍ക്ക് സമാനമായ സൗകര്യങ്ങളോടൊപ്പം സബ്സിഡി സാധനങ്ങളും നിത്യോപയോഗ സാധനങ്ങളും സർക്കാർ നിശ്ചയിച്ച മിതമായ നിരക്കിൽ തന്നെ ലഭ്യമാക്കും. ഗുണമേന്മയുള്ള ഉൽപന്നങ്ങൾ മാന്യമായ അന്തരീക്ഷത്തിൽ സാധാരണക്കാർക്ക് ലഭ്യമാക്കുക വഴി പൊതുവിപണിയിൽ ശക്തമായ ഇടപെടൽ നടത്തുകയാണ് സർക്കാർ. പ്രമുഖ ബ്രാൻഡുകളായ വിപ്രോ, കിച്ചൻ ട്രഷേഴ്സ്, ഡെവൺ എന്നിവരുടെ സഹകരണത്തോടെയാണ് മാർട്ട് സജ്ജീകരിച്ചത്. സംസ്ഥാനത്തെ തന്നെ ഇത്തരത്തിലുള്ള രണ്ടാമത്തെ സംരംഭമാണ് ജില്ലയിൽ യാഥാർഥ്യമാകുന്നത്. സിഗ്നേച്ചർ മാർട്ട് രാവിലെ 10ന് മന്ത്രി ജി ആര്‍ അനില്‍ ഉദ്ഘാടനംചെയ്യും. മന്ത്രി വി എന്‍ വാസവന്‍ അധ്യക്ഷനാകും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ആദ്യ വില്‍പ്പന നടത്തും. എംപി മാരായ ജോസ് കെ മാണി, ഫ്രാന്‍സിസ് ജോര്‍ജ്, നടന്‍ ഇര്‍ഷാദ് അലി എന്നിവര്‍ മുഖ്യാതിഥികളാകും.









0 comments