എങ്ങുമെത്താതെ ശുചീകരണവും മുൻകരുതലും

ചാലുകുന്നിനു സമീപം ശ്രീനിവാസഅയ്യർ റോഡ് തുടങ്ങുന്നിടത്ത് മാലിന്യം കൂട്ടിയിട്ടിരിക്കുന്നു
കോട്ടയം ജില്ലയിൽ മഴ കനക്കുകയാണ്. എന്നിട്ടും തദ്ദേശ സ്ഥാപനങ്ങളുടെ ശുചീകരണം കാര്യമായി നീങ്ങുന്നില്ല. മഴക്കാലത്തുണ്ടാകുന്ന അപകടങ്ങൾ ചെറുക്കാനുള്ള മുൻകരുതൽ നടപടികളും ഇഴയുകയാണ്. സർക്കാർ കൃത്യമായി മേൽനോട്ടം വഹിക്കാത്തതാണ് തദ്ദേശ സ്ഥാപനങ്ങളുടെ മെല്ലെപ്പോക്കിന് കാരണം. കോട്ടയം നഗരസഭയടക്കമുള്ള പല നഗരസഭകളും മഴക്കാലപൂർവ ശുചീകരണം തുടങ്ങിയത് രണ്ടുദിവസം മുമ്പ് മാത്രമാണ്. ശുചീകരണം പൂർത്തിയാക്കേണ്ട സമയമാണിത്. കുടുംബശ്രീ, ഹരിതകർമസേന, വ്യാപാരികൾ, സന്നദ്ധ സംഘടനകൾ എന്നിവയെല്ലാം സംയോജിപ്പിച്ച് നടത്തുന്ന ശുചീകരണത്തിന് ചുക്കാൻ പിടിക്കേണ്ടത് തദ്ദേശസ്ഥാപനങ്ങളാണ്. ജില്ലയിൽ ഇടക്കിടെ വേനൽമഴ ലഭിക്കുന്നുണ്ടായിരുന്നു. മഴ ഇപ്പോൾ ശക്തി പ്രാപിച്ചിട്ടുണ്ട്. മുൻ വർഷത്തെ അപേക്ഷിച്ച് ഇക്കൊല്ലം കാലവർഷത്തിന് ശക്തി കുറവായിരിക്കുമെന്നാണ് കാലാവസ്ഥാ പഠനകേന്ദ്രത്തിന്റെ നിരീക്ഷണം. പക്ഷേ മഴക്കാലത്തിനു മുമ്പുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കണം. മഴയിൽ കൃഷിക്ക് സാരമായ നാശനഷ്ടമുണ്ടായിട്ടുണ്ട്. ഇടിമിന്നലും ശക്തമാണ്. ജാഗ്രതാ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. മലയോരമേഖലയിൽ കൂടുതൽ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തണം. മുൻ വർഷങ്ങളിൽ മെയ് മാസം പകുതിയാകുന്നതിനു മുമ്പേ മലയോരമേഖലയുടെ സുരക്ഷയ്‌ക്ക് പ്രത്യേക യോഗങ്ങൾ ചേർന്ന് നടപടികൾ ആരംഭിച്ചിരുന്നു. ഇത്തവണ അതിന്റെ പ്രാരംഭപ്രവർത്തനങ്ങൾ പോലും ആരംഭിച്ചിട്ടില്ല.










0 comments