പറഞ്ഞത് ചെയ്‌ത് എൽഡിഎഫ് മുടന്തി യുഡിഎഫ്

കോട്ടയം
തദ്ദേശതെരഞ്ഞെടുപ്പിന് ഒരാഴ്‌ച മാത്രം. പ്രചാരണം മൂർധന്യത്തിലാണ്. എല്ലാവരും ഉറ്റുനോക്കുന്ന ജില്ലാ പഞ്ചായത്തിൽ ആദ്യം സ്ഥാനാർഥി പ്രഖ്യാപനം നടത്തിയ എൽഡിഎഫ് വികസനം പറഞ്ഞ് മുന്നേറുന്നു. അഞ്ച് വർഷത്തിനിടെ നാടിന്റെ മുക്കിലും മൂലയിലുമെത്തിയ വികസനപദ്ധതികൾ എണ്ണിയെണ്ണി പറഞ്ഞാണ് പ്രചാരണം. സംസ്ഥാന സർക്കാരിന്റെ പ്രവർത്തനവും കരുത്തായിട്ടുണ്ട്. എടുത്തുപറയാൻ വിഷയമില്ലാതെ ഉഴലുകയാണ് യുഡിഎഫും എൻഡിഎയും. വിമർശനത്തിന് തെല്ലുപോലും ഇടനൽകാതെയുള്ള പ്രവർത്തനമായിരുന്നു ജില്ലാ പഞ്ചായത്തിലെ കഴിഞ്ഞ ഭരണസമിതിയുടേത്. യുഡിഎഫിന്റെ സ്ഥാനാർഥി പ്രഖ്യാപനം അവസാനനിമിഷത്തിലായിരുന്നു. അവരുടെ പ്രചാരണത്തിനുള്ള ഒരുക്കങ്ങളെ അത് ബാധിച്ചു. മുസ്ലിംലീഗിനും കേരള കോൺഗ്രസിനും നൽകിയ ഓരോ സീറ്റ് ജയസാധ്യതയില്ലാത്തതിനാൽ പ്രതിഷേധിച്ച് കോൺഗ്രസിന് തിരികെ നൽകിയത് തുടക്കത്തിലേ നാണക്കേടായി. 23 ഡിവിഷൻ 83 മത്സരാർഥികൾ 23 ഡിവിഷനുള്ള ജില്ലാ പഞ്ചായത്തിൽ 83 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. വൈക്കം സീറ്റ് പട്ടികജാതി സംവരണവും വെള്ളൂർ പട്ടികജാതി വനിതാ സംവരണവുമാണ്. ഇതുകൂടാതെ 11 വനിതാ സംവരണ സീറ്റുകളുണ്ട്. എൽഡിഎഫിൽ സിപിഐ എമ്മും കേരള കോൺഗ്രസ് എമ്മും ഒന്പത് വീതം സീറ്റിൽ മത്സരിക്കുന്നു. സിപിഐ നാല് സീറ്റിലും. ഒരാൾ പൊതുസ്വതന്ത്രയാണ്. യുഡിഎഫിൽ കോൺഗ്രസ് 16 സീറ്റിലും കേരള കോൺഗ്രസ് ഏഴ് സീറ്റിലുമാണ് മത്സരിക്കുന്നത്. എൽഡിഎഫ് ഒറ്റക്കെട്ട് സ്ഥാനാർഥികളുടെ ജനപ്രീതിയും സംശുദ്ധരാഷ്‌ട്രീയവും എൽഡിഎഫിന് കരുത്താകുന്നുണ്ട്. 2020ൽ 14 സീറ്റ് നേടിയ എൽഡിഎഫ് ഇത്തവണ കൂടുതൽ സീറ്റുകൾ പ്രതീക്ഷിക്കുന്നുണ്ട്. എൽഡിഎഫ് ഡിവിഷൻ കൺവൻഷനുകൾ ആവേശകരമായി നടന്നു. മലയോരം മുതൽ കായലോരം വരെയുള്ള പ്രദേശങ്ങളിൽ അഞ്ചുവർഷത്തിനിടെ ജില്ലാ പഞ്ചായത്ത് നിരവധി പദ്ധതികൾ നടപ്പാക്കി. ലൈഫ് ഭവനപദ്ധതിയിൽ വീടിനായി 95 കോടി രൂപ അനുവദിച്ചു. കരൾമാറ്റ ശസ്‌ത്രക്രിയ നടത്തിയവർക്ക് സൗജന്യമായി മരുന്നുകൾ നൽകുന്ന പുനർജനി പദ്ധതി, ആംബുലൻസ് സേവനം, തെരുവുനായ നിയന്ത്രണ പദ്ധതികൾ, കോഴായിലെ കുടുംബശ്രീ കഫേ, സ്‌കൂളുകളിൽ നാപ്‌കിൻ വെൻഡിങ് മെഷീൻ, ഭിന്നശേഷിക്കാർക്ക് മുച്ചക്ര സ്‌കൂട്ടർ വിതരണം തുടങ്ങി എല്ലാ മേഖലയിലുമെത്തുന്ന പദ്ധതികളാണ് ജില്ലാ പഞ്ചായത്ത് നടപ്പാക്കിയത്. ഭരണസമിതിയെ പ്രതിപക്ഷ അംഗങ്ങൾ തന്നെ പരസ്യമായി അഭിനന്ദിച്ചിരുന്നു. ഐക്യത്തോടെ അഞ്ചുവർഷം ജില്ലാ പഞ്ചായത്തിനെ നയിക്കാൻ മൂന്ന് പ്രസിഡന്റുമാർക്കും കഴിഞ്ഞു.









0 comments