എല്ലാം സെറ്റാണ്, വിട്ടോ പൂഞ്ചിറയ്ക്ക്

അനിൽകുമാറും ഭാര്യ സ്മിതയും
ജിതിൻ ബാബു
Published on Dec 03, 2025, 02:14 AM | 1 min read
മേലുകാവ് ‘
ഒന്ന് ആശുപത്രിയിൽ പോകാൻ, കുട്ടികൾക്ക് സ്‌കൂളിലെത്താൻ മണിക്കൂറുകളോളമാണ് ദുരിതം താണ്ടിയത്. റോഡ് എന്നൊന്നും പറയാനേ കഴിയില്ലായിരുന്നു. കല്ലുകൾ നിറഞ്ഞ കൂമ്പാരം. ആ കാലം കൺമുന്നിൽ തെളിയുമ്പോൾ ഇന്നും ഞെട്ടലാണ്. പക്ഷേ ഇന്നാകെ മാറി, റോഡ് തെളിഞ്ഞതോടെ സഞ്ചാരികൾ ഒഴുകിയെത്തി. ഞങ്ങളുടെയാകെ ജീവിതവും മാറി’– ഇലവീഴാപൂഞ്ചിറ പനയങ്കവയൽ സ്‌മിതയുടെ വാക്കുകളിൽ ആശ്വാസത്തിന്റെ പുഞ്ചിരി. ഒരു ജനതയുടെ സ്വപ്‌നസാക്ഷാൽക്കാരത്തിന്റെ നേർസാക്ഷ്യമായ മേലുകാവ് – -ഇലവീഴാപൂഞ്ചിറ റോഡ് നാടിന്റെയാകെ ജീവിതവഴി വെട്ടുകയാണ്. ‘46 വർഷമായി ഞങ്ങൾ ഇവിടെയുണ്ട്. ജീവിക്കുന്നു എന്നൊന്നും പറയാൻ പറ്റുമായിരുന്നില്ല. കുഞ്ഞുങ്ങളുടെ പഠിപ്പ് മുടക്കാതിരിക്കാൻ വർഷങ്ങളോളം എന്റെ വീട്ടിൽ നിർത്തി പഠിപ്പിക്കേണ്ടി വന്നു. ഒന്ന് പുറംലോകം കാണണമെങ്കിൽ 1000 രൂപയ്ക്ക് വാഹനം വിളിക്കണം. തിരിച്ച് വരാനാണെങ്കിലും അതേ അവസ്ഥ. നിരവധി വീടുകൾ ഉണ്ടായിരുന്നിടത്ത് ഇന്ന് ഞങ്ങൾ രണ്ട് വീട്ടുകാർ മാത്രമേയുള്ളൂ. ബാക്കി എല്ലാവരും ഇവിടം വിട്ടു. റോഡ് നന്നായതോടെ തിരിച്ച് വരാൻ അവർ ആഗ്രഹിക്കുന്നുണ്ട്. പറയുമ്പോഴെ അറിയാലോ ഇൗ റോഡ് എത്രത്തോളം ഇൗ നാടിന് പ്രധാനമാണെന്ന്. ഇന്ന് ഞങ്ങളുടെ ജീവിതമാണ് ഇൗ വഴി’– സ്‌മിത പറഞ്ഞു. ഒരു വ്യാഴവട്ടക്കാലത്തെ പരാതികൾക്കും പ്രതിഷേധങ്ങൾക്കും അറുതിയായാണ് മേലുകാവ്– -ഇലവീഴാപൂഞ്ചിറ റോഡ് യാഥാർഥ്യമായത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 11.19കോടി രൂപ അനുവദിക്കുകയും രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് നിർമാണം പൂർത്തീകരിക്കുകയുമായിരുന്നു. കാഞ്ഞാർ–- കൂവപ്പള്ളി–- ചക്കിക്കാവ് -ഇലവീഴാപൂഞ്ചിറ- റോഡിന്റെ ഇലവീഴാപൂഞ്ചിറ മുതൽ മേലുകാവ് വരെയുള്ള 5.5 കിലോമീറ്ററാണ് പുനർനിർമിച്ചത്. ‘പ്രകൃതിഭംഗി നിറഞ്ഞ സ്ഥലമായിരുന്നെങ്കിലും റോഡിന്റെ അവസ്ഥ കാരണം സഞ്ചാരികൾ വരില്ലായിരുന്നു. ഇപ്പോൾ എല്ലാ ദിവസവും ആളുകളുടെ ഒഴുക്കാണ്. അതോടെ ഓഫ് റോഡ് ജീപ്പുകളുടെ എണ്ണം 45 ആയി. പണ്ട് ഓടിയാൽ തന്നെ പകുതിയും വണ്ടിപ്പണിക്ക് ചെലവാകും. ഇന്ന് അവസ്ഥയാകെ മാറി. എല്ലാം സെറ്റായി’ –സ്‌മിതയുടെ ഭർത്താവും ഡ്രൈവറുമായ അനിൽ കുമാർ പറഞ്ഞു.










0 comments