ഫിറ്റ്‌നസ് പരിശോധനയുമായി മോട്ടോർവാഹന വകുപ്പ്
കുരുന്നുകളുടെ യാത്ര സുരക്ഷിതമാക്കാം

കോട്ടയം
അധ്യയനവർഷം ആരംഭിക്കുന്നതിന് മുന്നോടിയായി സ്‌കൂൾ ബസുകളുടെ സുരക്ഷ ഉറപ്പാക്കാൻ മോട്ടോർ വാഹനവകുപ്പ് പരിശോധന ആരംഭിച്ചു. കോട്ടയം, വൈക്കം, ചങ്ങനാശേരി, പാലാ, ഉഴവൂർ, കാഞ്ഞിരപ്പള്ളി എന്നിങ്ങനെ ജില്ലയിലെ ആറ് സബ് ആർടി ഓഫീസുകളുടെ പരിധിയിലാണ് പരിശോധന. ഫിറ്റ്‌നസ് ഇല്ലാത്ത വാഹനങ്ങളിൽ വിദ്യാർഥികളെ കൊണ്ടുപോകുന്നതിലൂടെ ഉണ്ടാകുന്ന അപകടം ഒഴിവാക്കാനാണ് അധ്യയനവർഷം തുടങ്ങുംമുമ്പേ പരിശോധനയ്‌ക്ക് ഹാജരാക്കാൻ നിർദേശിക്കുന്നത്. ഇതിനായി ആർടി ഓഫീസുകളിൽ പ്രത്യേകം ടീം സജ്ജമാണ്. കുട്ടികളുടെ സുരക്ഷയുറപ്പിക്കാൻ എല്ലാ സ്‌കൂൾ ബസുകളും ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നേടണം. ജില്ലയിൽ 1,720 സ്‌കൂൾ ബസുകളാണുള്ളത്. ചട്ടങ്ങൾ പൂർണമായി പാലിക്കാത്ത എല്ലാ സ്‌കൂൾ ബസുകളും മോട്ടോർ വാഹനവകുപ്പ് ഷെഡ്ഡിൽ കയറ്റും. ചട്ടങ്ങൾ പാലിച്ചിട്ടുള്ള ബസുകൾക്ക് അന്ന് തന്നെ സർട്ടിഫിക്കറ്റ് നൽകും. ബുധനാഴ്ച കോട്ടയം സബ് ആർടിഒയുടെ പരിധിയിലെ ബസുകളുടെ പരിശോധന മണർകാട് പള്ളി മൈതാനിയിൽ നടക്കും. പാലാ, വൈക്കം സബ് ആർടി ഓഫീസിന്റെ പരിധികളിലെ പരിശോധനയുടെ ആദ്യഘട്ടം പൂർത്തിയായി. വൈക്കത്തെ രണ്ടാംഘട്ട പരിശോധന വൈക്കം ആശ്രമം സ്‌കൂൾ മൈതാനിയിൽ ബുധനാഴ്ച നടക്കും. പാലായിൽ ചൂണ്ടച്ചേരി സെന്റ് ജോസഫ്‌സ് എന്‍ജിനിയറിങ് കോളേജ് മൈതാനിയിൽ ശനിയാഴ്ചയാണ് രണ്ടാംഘട്ടം. ഉഴവൂരിൽ 26, 29 തീയതികളിൽ കുറവിലങ്ങാട് ഡി പോൾ പബ്ലിക് സ്‌കൂൾ മൈതാനിയിലാണ്. കാഞ്ഞിരപ്പള്ളി സബ് ആർടി ഓഫീസിന്റെ പരിധിയിലെ പരിശോധന ഇൗ ആഴ്ച നടക്കും. വാഹനങ്ങളുടെ ഫിറ്റ്‌നസ്, സുരക്ഷാ സംവിധാനങ്ങൾ, രേഖകൾ, അടിയന്തര സുരക്ഷാ ഉപകരണങ്ങൾ എന്നിവ പരിശോധിക്കും. കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച ബസുകൾക്ക് സ്റ്റിക്കർ പതിക്കും. സ്റ്റിക്കർ പതിപ്പിക്കാത്ത വാഹനങ്ങൾ സർവീസ് നടത്താൻ അനുവദിക്കില്ല. ഡ്രൈവർമാർക്ക് പൊലീസും മോട്ടോർ വാഹന വകുപ്പും ഫയർ ആൻഡ് സേഫ്‌റ്റി വകുപ്പും പ്രത്യേക പരിശീലന ക്ലാസും നൽകും. പ്രാഥമിക ശുശ്രൂഷ സംബന്ധിച്ച് ആരോഗ്യവകുപ്പും പരിശീലനം നൽകുന്നുണ്ട്.










0 comments