മുടക്കിയ 4 സർവീസ് പുനരാരംഭിച്ചു

പാലാ ശബരിമല പ്രത്യേക സർവീസിന് ബസുകൾ പൂൾചെയ്യുന്നതിന്റെ മറവിൽ പാലാ ഡിപ്പോ അധികൃതർ പകരം ക്രമീകരണമില്ലാതെ മുടക്കിയ നാല് ദീർഘദൂര പ്രഭാത സർവീസുകൾ പുനരാരംഭിച്ചു. പുലർച്ചെ മൂന്നിനുള്ള കണ്ണൂർ, ആറിനുള്ള തൃശൂർ, 6.40ന് പുറപ്പെടുന്ന തൊടുപുഴ, 2.30നുള്ള ഒലിപ്പാറ സർവീസുകളാണ് പുനരാരംഭിച്ചത്. കണ്ണൂർ ഉൾപ്പെടെ 10 ദീർഘദൂര സർവീസുകൾ ചൊവ്വാഴ്ച മുതലാണ് മുന്നറിയിപ്പുകളോ പകരം ക്രമീകരണങ്ങളോ ഏർപ്പെടുത്തിയില്ല. ഇതിനെതിരെ യാത്രക്കാരും പാസഞ്ചേഴ്സ് അസോസിയേഷനും രംഗത്തുവന്നിരുന്നു. ജനപ്രിയ ദീർഘദൂര സർവീസുകളാണ് പകരം ക്രമീകരണം ഇല്ലാതെ റദ്ദ് ചെയ്തത്. ശബരിമല സർവീസിന് പാലായിൽനിന്ന് ആറ് ബസുകൾ പൂൾ ചെയ്തതിന്റെ മറവിലാണ് മലബാർ മേഖലകളിലേക്കും ഹൈറേഞ്ച്, തെക്കൻ ജില്ലകളിലേയ്ക്കടക്കമുളള 10 സർവീസുകൾ മുടക്കിയത്. ഇത് സ്ഥിരം യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കിയിരുന്നു. കോഴിക്കോട് ഉൾപ്പെടെ ദീർഘദൂര സൂപ്പർ ക്ലാസ് സർവീസുകളും ഉടൻ പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാണ്. ചരിത്രത്തിൽ ആദ്യമായാണ് കോഴിക്കോട് സർവീസ് മുടക്കുന്നത്. ദീർഘകാലമായി സർവീസ് നടത്തിവരുന്ന കൊല്ലം, കുമളി ബസുകളും മുടങ്ങി. പാലാ ഡിപ്പോയുടെ എട്ടിലേറെ ബസുകളാണ് അറ്റകുറ്റപ്പണിക്കായി കാത്തുകിടക്കുന്നത്. ഡിപ്പോ അധികൃതർ മുന്നൊരുക്കം നടത്താത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ ചെയർമാൻ ജയ്സൺ മാന്തോട്ടം പറഞ്ഞു. കോട്ടയം, തൊടുപുഴ ഫാസ്റ്റ് പാസഞ്ചർ ചെയിൻ 16ൽ നിന്ന് 10 ആക്കിയത് റൂട്ടിൽ വലിയ യാത്രാ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. കാലപ്പഴക്കംചെന്ന ബസുകളിൽ നിന്നുതിരിയാൻ ഇടമില്ലാതെ 100ൽപരം യാത്രക്കാരെവരെ കുത്തിനിറച്ചാണ് യാത്ര.








0 comments