Deshabhimani

കക്കൂസ്‌ മാലിന്യം പൊതുസ്ഥലത്ത്‌ തള്ളൽ

അനുവദിക്കാനാവില്ല, 
ഇരുട്ടിന്റെ മറവിലെ ക്രിമിനലിസം

കോർപറേഷൻ സ്ഥിരംസമിതി അധ്യക്ഷൻ സി സന്ദേശ്

കോർപറേഷൻ സ്ഥിരംസമിതി അധ്യക്ഷൻ സി സന്ദേശ്

വെബ് ഡെസ്ക്

Published on Nov 20, 2026, 02:28 AM | 2 min read

സ്വന്തം ലേഖകൻ കോഴിക്കോട്‌ അർധരാത്രിയിൽ ഇരുട്ടിന്റെ മറവിൽ കക്കൂസ്‌ മാലിന്യം പൊതുസ്ഥലത്ത്‌ തള്ളാൻ ശ്രമിച്ച മാഫിയാ സംഘത്തെ കോർപറേഷൻ സ്ഥിരംസമിതി അധ്യക്ഷൻ സി സന്ദേശിന്റെ നേതൃത്വത്തിൽ നാട്ടുകാർ പിന്തുടർന്ന്‌ പിടിച്ചു. ചെറുവണ്ണൂർ കൊളത്തറ റോഡിൽ കട്ടക്കമ്പനിക്ക്‌ സമീപത്ത്‌ നിന്നാരംഭിച്ച ചെയ്സിങ്‌ വട്ടക്കിണർ വരെ വന്ന്‌ തിരികെ കിണാശേരി കടുപ്പിനി പാലം വരെ നീണ്ടു. ആർത്തുവിളിച്ച്‌ ശബ്ദംപോലും നഷ്ടമായി. സന്ദേശ്‌ ആ രാത്രി ഓർത്തെടുക്കുന്നു. ​ ആ രാത്രിയിൽ സംഭവിച്ചത്‌ സുഹൃത്തിന്റെ മകന്‌ ഒരപകടത്തിൽ പരിക്കുപറ്റിയിരുന്നു. ഫറോക്കിൽ ആശുപത്രിയിൽ പോയി മടങ്ങുമ്പോൾ രാത്രി വൈകി. ഒന്നരയോടെയാണ്‌ സ്കൂട്ടറിൽ പോയത്‌. ഒരു സുഹൃത്തിന്റെ പത്താംക്ലാസുകാരനായ മകനും കൂടെയുണ്ടായിരുന്നു. കൊളത്തറ എത്താറായപ്പോഴാണ്‌ മുമ്പിൽ പോകുന്ന ലോറി ശ്രദ്ധയിൽപ്പെട്ടത്‌. വാഹനത്തിന്റെ രൂപം കണ്ടപ്പോൾത്തന്നെ മാലിന്യം കയറ്റിപ്പോകുന്നതാണെന്ന്‌ ഉറപ്പിച്ചു. മുന്നിൽ ഭക്ഷണ വിതരണ കമ്പനിയുടെ ബൈക്ക്‌, പിന്നാലെ ലോറി, അതിനും പിന്നിൽ ഒരു കാർ എന്നിങ്ങനെ വ്യൂഹമായിട്ടായിരുന്നു സംഘത്തിന്റെ സഞ്ചാരം. മറ്റൊരു സ്കൂട്ടർ ഇരുദിശയിലേക്കുമായി റോന്തുചുറ്റുന്നതും ശ്രദ്ധയിൽപ്പെട്ടു. മൺകുഴിയിൽ മാലിന്യം തള്ളാനാണ്‌ സംഘത്തിന്റെ പദ്ധതിയെന്ന്‌ മനസ്സിലായതോടെ അവിടെ ഒളിച്ചുനിന്നു. ആരാണ്‌ സംഘത്തിലുള്ളതെന്ന്‌ മനസ്സിലാക്കുകയായിരുന്നു ലക്ഷ്യം. തങ്ങളെ കണ്ടതോടെ സംഘം ലോറിയുമായി രക്ഷപ്പെടാനായി ശ്രമം. സ്കൂട്ടറിൽ അവരെ പിന്തുടർന്നു. കാറിലുണ്ടായിരുന്നയാൾ ഇരുമ്പ്‌ വടിയെടുത്ത്‌ വീശുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. കൊളത്തറ കട്ടക്കമ്പനിക്ക്‌ സമീപത്ത്‌ നിന്നാരംഭിച്ച ചെയ്സിങ്‌ ചെറുവണ്ണൂർ, ബിസി റോഡ്‌, വട്ടക്കിണറിലെത്തി. ഇവിടെനിന്ന്‌ അതിവേഗത്തിൽ യു ടേൺ എടുത്ത ലോറിയും കാറും തിരികെ മീഞ്ചന്ത ഭാഗത്തേയ്‌ക്ക്‌ പാഞ്ഞു. മാങ്കാവ്‌ ജങ്‌ഷൻ കഴിഞ്ഞ്‌ കിണാശേരി കടുപ്പിനി പാലത്തിന്‌ അടുത്ത്‌ എത്തിയപ്പോഴാണ്‌ സംഘത്തെ പിടിക്കാൻ സാധിച്ചത്‌. ഇതിനിടെ പലവട്ടം ലോറിയും കാറും വെട്ടിച്ചുകയറ്റി പിന്തുടർന്ന വാഹനങ്ങളെ ഇടിച്ചിടാനുള്ള ശ്രമവും നടത്തി. ​ ആരെല്ലാം ഒപ്പമുണ്ടായിരുന്നു? സുഹൃത്തുക്കളും ഓട്ടോറിക്ഷക്കാരുമടക്കം മുപ്പതോളം പേരാണ്‌ സംഘത്തെ പിടിക്കാൻ ഒപ്പം ചേർന്നത്‌. കൺട്രോൾ റൂമിൽ വിളിച്ചറിയിച്ചത്‌ പ്രകാരം കസബ പൊലീസും മാങ്കാവിൽവെച്ച്‌ ഒപ്പംചേർന്നു. ഇ‍ൗ ഓട്ടത്തിനിടയിലൊന്നും പട്രോളിങ്‌ നടത്തുന്ന പൊലീസുകാരെ കാണാനായില്ല എന്നത്‌ അത്ഭുതപ്പെടുത്തി. കസബ പൊലീസ്‌ സ്റ്റേഷനിൽ മറ്റ്‌ രണ്ട്‌ ലോറികൾ കൂടി ഇ‍ൗ തരത്തിൽ പിടിക്കപ്പെട്ടിട്ടുണ്ട്‌. ഇതിന്റെ ഉടമ ഒരു കോൺഗ്രസ്‌ നേതാവാണെന്നത്‌ ഞെട്ടിച്ചു. ​ശാശ്വത പരിഹാരം എസ്‌ടിപികൾ കക്കൂസ്‌ മാലിന്യം നീക്കാൻ മറ്റ്‌ മാർഗമില്ലാതെ ഇത്തരം മാഫിയകളെ ആശ്രയിക്കാൻ ആളുകൾ നിർബന്ധിതരാവുകയാണ്‌. സ്വിവേജ്‌ ട്രീറ്റ്‌മെന്റ്‌ പ്ലാന്റുകൾ കോർപറേഷൻ പരിധിയിൽ കൊണ്ടുവരികയെന്നതാണ്‌ ഇതിന്‌ ശാശ്വത പരിഹാരം. മൂന്ന്‌ എസ്‌ടിപികളെങ്കിലും നഗരത്തിൽ ആരംഭിക്കേണ്ടതുണ്ട്‌. എസ്‌ടിപികൾ ആരംഭിക്കാൻ കോർപറേഷൻ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്‌. ഇതിനെതിരെ പലപ്പോഴും പ്രതിഷേധം ഉയരുന്നു. കോർപറേഷൻ അഴക്‌ പദ്ധതിയിൽ ഉൾപ്പെടുത്തി കക്കൂസ്‌ മാലിന്യം ശേഖരിക്കുന്നുണ്ട്‌. എന്നാൽ, ആവശ്യത്തിന്‌ എസ്‌ടിപികൾ ഇല്ലാത്തത്‌ പ്രതിസന്ധിയാകുന്നു. ​ കോർപറേഷൻ നടപടികൾ പിടിച്ചെടുത്ത വാഹനങ്ങൾ കണ്ടുകെട്ടാനുള്ള നിർദേശം ആർടിഒയ്‌ക്ക്‌ നൽകിയിട്ടുണ്ട്‌. കർശന നിയമനടപടികൾ സ്വീകരിക്കും. ഇക്കാര്യത്തിൽ കൂടിയാലോചന നടത്തും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home