Deshabhimani

print edition രാഷ്ട്രീയ തിരക്കഥയ്‌ക്ക് തിരിച്ചടി

P JAYARAJAN.jpg
വെബ് ഡെസ്ക്

Published on Nov 20, 2026, 02:24 AM | 2 min read

തലശേരി : അരിയിൽ ഷുക്കൂർ കൊല്ലപ്പെട്ട കേസിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി ജയരാജൻ, സംസ്ഥാന കമ്മിറ്റി അംഗം ടി വി രാജേഷ്‌ എന്നിവരുൾപ്പെടെ 18 പേരെ വിട്ടയച്ച എറണാകുളം പ്രത്യേക സിബിഐ കോടതിവിധി കോൺഗ്രസ്‌ –മുസ്ലിംലീഗ്‌ രാഷ്‌ട്രീയ തിരക്കഥയ്‌ക്കേറ്റ തിരിച്ചടി. ‘പാർടി കോടതി’ വിചാരണ നടത്തി ‘വധശിക്ഷ’ വിധിച്ചെന്ന നുണ പടച്ചുവിട്ട്‌ സിപിഐ എമ്മിനെ വേട്ടയാടിയ അതിബുദ്ധി കോടതിയിൽ വിലപ്പോയില്ല. രാഷ്ട്രീയ യജമാനന്മാരുടെ കൽപ്പനയിൽ പൊലീസും സിബിഐയും കെട്ടിപ്പൊക്കിയ ഗൂഢാലോചനാ സിദ്ധാന്തവും തകർന്നടിഞ്ഞു. അധികാരവും നുണപ്രചാരണത്തിന്‌ മാധ്യമങ്ങളുമുണ്ടെങ്കിൽ എന്തു നെറികേടുമാകാമെന്ന രാഷ്‌ട്രീയ ഹുങ്കിനുള്ള തിരിച്ചടിയാണിത്‌. ​പൊലീസ് അന്വേഷണം നടക്കുന്നതിനിടെ, ഷുക്കൂർ കൊല്ലപ്പെട്ട്‌ 25–ാം ദിവസമാണ് സംഭവത്തിന് അസാധാരണത്വം കൈവന്നത്. 2012 മാർച്ച് 15ന്‌ മലയാള മനോരമയും മാതൃഭൂമിയും "പാർടിക്കോടതി'യുടെയും "വധശിക്ഷ'യുടെയും നുണപ്രചാരണം വാർത്തയായി പുറത്തുവിട്ടു.

പൊലീസിന്റെ എഫ്ഐആർപോലും അപ്രസക്തമാക്കിയ സ്-കൂപ്പ്‌ കെട്ടുകഥയാണെന്ന്‌ വ്യക്തമായി. മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ടാണ്‌ അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനങ്ങളെന്ന പേരിൽ രണ്ടുപത്രത്തിലും വാർത്ത കൊടുത്തത്. ഈ തിരക്കഥയനുസരിച്ചായിരുന്നു പിന്നീടുള്ള അന്വേഷണം. കണ്ണൂരിലെ സിപിഐ എം നേതാക്കളെ കേസിൽക്കുടുക്കി പാർടിക്ക് ക്ഷീണമുണ്ടാക്കുകയായിരുന്നു ലക്ഷ്യം. പി ജയരാജനെ രണ്ടുതവണ കണ്ണൂർ ഗസ്റ്റ്ഹൗസിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തെങ്കിലും പ്രതിചേർക്കാൻ തെളിവുലഭിച്ചില്ല. 2012 ആഗസ്ത് ഒന്നിന് ഡിവൈഎസ്‌പി ഓഫീസിൽ നടന്ന മൂന്നാംവട്ടം ചോദ്യംചെയ്യലും വിഫലമായതോടെ, കുറ്റകൃത്യം നടക്കുന്നത്‌ മുൻകൂട്ടി അറിഞ്ഞിട്ടും തടയാൻ ശ്രമിച്ചില്ലെന്ന ഐപിസി 118 വകുപ്പ്‌ ചുമത്തി അറസ്‌റ്റ്‌ ചെയ്‌തു. ആഗസ്ത് 13ന് ഇതേ കാരണം പറഞ്ഞ് ടി വി രാജേഷിനെയും അറസ്റ്റുചെയ്‌തു. ​​വ്യാജമൊഴിയിൽ കെട്ടിപ്പൊക്കിയ കേസ്‌ കേസിൽ പി ജയരാജനെയും ടി വി രാജേഷിനെയും പ്രതിചേർത്തതിന്റെ രാഷ്ട്രീയ ഗൂഢാലോചന വിചാരണയ്‌ക്ക്‌ മുന്പേ പുറത്തുവന്നു. ലീഗുകാരായ രണ്ട് കള്ളസാക്ഷികളെ അവതരിപ്പിച്ചാണ് ഇരുവരെയും കേസിൽപ്പെടുത്തിയത്.

2012 ഫെബ്രുവരി 20ന് അരിയിൽ ലീഗുകാരുടെ ആക്രമണത്തിൽ പരിക്കേറ്റ ഇരുവരെയും പ്രവേശിപ്പിച്ചിരുന്ന തളിപ്പറമ്പ് സഹകരണ ആശുപത്രിയുടെ 315–ാം നന്പർ മുറിയുടെ വരാന്തയിൽവച്ച്‌, സിപിഐ എം അരിയിൽ ലോക്കൽ സെക്രട്ടറി യു വി വേണു "ഷുക്കൂറിനെ വേണ്ടവിധം കൈകാര്യം ചെയ്യണം' എന്ന് ഫോണിലൂടെ നിർദേശിക്കുന്നത് സാക്ഷികളായ പി പി അബുവും മുഹമ്മദ് സാബിറും കേട്ടുവെന്നാണ് കുറ്റപത്രത്തിലുള്ളത്. പി ജയരാജനും ടി വി രാജേഷും ഇത് കേട്ടിട്ടും തടയാൻ ശ്രമിച്ചില്ലെന്നാണ്‌ കേസ്‌. സഹകരണ ആശുപത്രിയുടെ ഭാഗത്തേക്ക്‌ പോയിട്ടില്ലെന്നും സമ്മർദത്തിന്‌ വഴങ്ങിയാണ് മൊഴിയെന്നും അബുവും മുഹമ്മദ് സാബിറും മറ്റൊരു കേസിൽ സത്യവാങ്മൂലം നൽകിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home