Deshabhimani

ശുചിമുറി പോലുമില്ലാതെ കാപ്പാട് ഏരൂർ ബീച്ച്‌

കാപ്പാട് ഏരൂർ ബീച്ചിൽ അടച്ചിട്ട ടോയ്‌ലറ്റ് ബ്ലോക്ക്

കാപ്പാട് ഏരൂർ ബീച്ചിൽ അടച്ചിട്ട ടോയ്‌ലറ്റ് ബ്ലോക്ക്

വെബ് ഡെസ്ക്

Published on Nov 20, 2026, 02:31 AM | 1 min read

എ സജീവ് കുമാർ കൊയിലാണ്ടി തുവ്വപ്പാറയ്ക്കും കാപ്പാട് ബ്ലൂഫ്ലാഗ് ബീച്ചിനും ഇടയിലുള്ള ഏരൂർ ബീച്ചില്‍ വലിയ തുക ചെലവഴിച്ച് വീണ്ടും സൗന്ദര്യവത്കരണ പദ്ധതികള്‍ നടപ്പാക്കിയെങ്കിലും ശുചിമുറി അടഞ്ഞുകിടക്കുന്നത് സഞ്ചാരികള്‍ക്ക് വിനയാകുന്നു. എല്ലാവിധ സൗകര്യങ്ങളോടും കൂടിയാണ് ബീച്ചിൽ ശുചിമുറി സജ്ജമാക്കിയിരുന്നത്. എന്നാല്‍ ശുചിമുറിയിലെ ടാപ്പും മറ്റ് സാധന സാമഗ്രികളും നഷ്ടപ്പെട്ടതും തുരുമ്പെടുത്ത് നശിക്കുകയും ചെയ്‌തതോടെയാണ്‌ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്ത സാഹചര്യം വന്നതെന്ന്‌ അധികൃതർ പറഞ്ഞു. കഴിഞ്ഞ ദിവസം ഇവിടെയെത്തിയ കുടുംബം ശുചിമുറിയില്ലാത്തതിനെ തുടർന്ന്‌ തൊട്ടടുത്ത പെട്രോൾ പമ്പിലെത്തിയെങ്കിലും അവിടുത്തെ ശുചിമുറി ഉപയോഗിക്കാൻ സാധിക്കാത്തതിനെ തുടർന്ന്‌ പ്രശ്‌നമുണ്ടായിരുന്നു. ഏരൂർ ബീച്ചിന്റെ നടത്തിപ്പ് ചുമതലയുള്ള ഡിടിപിസിയോ ചേമഞ്ചേരി പഞ്ചായത്ത് അധികൃതരോ ശുചിമുറി തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ നടപടി എടുക്കുന്നില്ല. കരാറുകാരെ കണ്ടെത്തിയിട്ടുണ്ടെന്നും എന്നാല്‍ കരാറുകാര്‍ക്ക് ഇതുവരെ ചുമതല കൈമാറിയിട്ടില്ലെന്നുമാണ് ഡിടിപിസി അധികൃതർ പറയുന്നത്. ശുചിമുറി നടത്തിപ്പിനായി ഒരാള്‍ കരാര്‍ എടുത്തിട്ടുണ്ടെന്നും എഗ്രിമെന്റില്‍ ഒപ്പിട്ടാല്‍ ശുചിമുറി തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്നുമാണ് അധികൃതരുടെ ഭാഷ്യം. ചേമഞ്ചേരി പഞ്ചായത്ത് നിർമിച്ച ടോയ്‌ലറ്റ് സമുച്ചയം 2020 സെപ്‌തംബര്‍ ഏഴിനാണ്‌ സഞ്ചാരികൾക്ക്‌ തുറന്നുകൊടുത്തത്‌. ഒരു കോടി രൂപയോളം ചെലവഴിച്ചാണ് മുൻ എൽഡിഎഫ് സർക്കാർ സൗന്ദര്യവത്‌കരണ പദ്ധതികള്‍ നടപ്പാക്കിയത്. പുതിയ ഇരിപ്പിടങ്ങള്‍, അലങ്കാര വിളക്കുകള്‍ എന്നിവയെല്ലാം പുനഃസ്ഥാപിച്ചു. ഏരൂർ ബീച്ചിന് തൊട്ട് തെക്കുഭാഗത്തുള്ള ബ്ലൂ ഫ്ലാഗ് ബീച്ചിന് മാത്രമാണ് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ പ്രാധാന്യം കൊടുക്കുന്നത്. അവിടെ ടിക്കറ്റ് വച്ച് പണം വാങ്ങിയാണ് സന്ദർശകരെ കടത്തിവിടുന്നത്. വലിയൊരു വിഭാഗം ടൂറിസ്റ്റുകൾ അവിടെയെത്തുന്നുമുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home