ജാനകിയമ്മ
ഓർമകളിൽ ഇൗണമായി

പ്രേം പ്രകാശ്
കോട്ടയം
""ആ വിനയവും സംഗീതത്തോടുള്ള ആത്മാർഥതയും അസാമാന്യമായിരുന്നു. എന്റെ ചിത്രങ്ങളിൽ ജാനകിയമ്മ പാടിയത് വലിയ ഭാഗ്യവും അഭിമാനവുമായിരുന്നു'' – നടനും നിർമാതാവും കോട്ടയം സ്വദേശിയുമായ പ്രേം പ്രകാശ് ഓർത്തെടുത്തു. പ്രേം പ്രകാശിന്റെ കൂടെവിടെ, പറന്ന് പറന്ന് പറന്ന്, കുഞ്ഞാറ്റക്കിളികൾ, ജോണിവാക്കർ എന്നീ ചിത്രങ്ങളിലാണ് എസ് ജാനകി പാടിയത്. കൂടെവിടെ എന്ന ചിത്രത്തിലെ "ആടിവാ കാറ്റേ' എന്ന ഗാനം എവർഗ്രീൻ ഹിറ്റാണ്. 1983ലാണ് പി പത്മരാജൻ സംവിധാനം ചെയ്‌ത കൂടെവിടെ ഇറങ്ങിയത്. ചിത്രത്തിൽ എസ് ജാനകി പാടിയ "പൊന്നുരുക്കും പൂക്കാലം' എന്ന ഗാനവും സൂപ്പർഹിറ്റായി. പത്മരാജന്റെ തന്നെ സംവിധാനത്തിൽ 1984ലാണ് പ്രേം പ്രകാശ് നിർമിച്ച "പറന്ന് പറന്ന് പറന്ന്' എന്ന ചിത്രം റിലീസായത്. ഇതിലെ "കരിമിഴിക്കുരുവികൾ കവിത മൂളിയോ' എന്ന ഗാനം കെ ജെ യേശുദാസിനൊപ്പമാണ് ജാനകിയമ്മ ആലപിച്ചത്. 1986ലെ "കുഞ്ഞാറ്റക്കിളികളി'ൽ "ഇൗ പൊന്നുപൂത്ത കാടുകളിൽ' എന്ന ഗാനം ജാനകിയമ്മ ആലപിച്ചു. കോട്ടയം സ്വദേശിയായ ജയരാജ് സംവിധാനംചെയ്‌ത 1992ലെ മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് ചിത്രമായ ജോണിവാക്കറിൽ "ചെമ്മാന പൂമഞ്ചം' എന്ന ഗാനമാണ് എസ് ജാനകി ആലപിച്ചത്. ""1992നുശേഷം ജാനകിയമ്മയെ കാണുന്നത് ആറേഴ് വർഷങ്ങൾമുമ്പ് തിരുവനന്തപുരം വിമാനത്താവളത്തിൽവച്ചാണ്'' – പ്രേംപ്രകാശ് ഓർക്കുന്നു. ""ഞാൻ അടുത്തുചെന്ന് തൊഴുതു. എന്നെ കണ്ടപ്പോൾതന്നെ മനസിലായി. വിശേഷങ്ങൾ അന്വേഷിച്ചു. "ആടി വാ കാറ്റേ' എല്ലാവരും പാടി നടക്കുമായിരുന്നു എന്ന് വളരെ സന്തോഷത്തോടെ പറഞ്ഞു.'' ""നാല് ചിത്രങ്ങളുടെയും ഗാനങ്ങളുടെ റെക്കോർഡിങ് നടന്നത് ചെന്നൈയിലെ സ്‌റ്റുഡിയോയിലായിരുന്നു. ജാനകിയമ്മ കൃത്യസമയത്ത് സ്‌റ്റുഡിയോയിൽ വരും. സംഗീത സംവിധായകൻ പറയുന്നതിനപ്പുറമുള്ള ഭാവങ്ങൾ ഇടുമായിരുന്നു ജാനകിയമ്മ. എത്രയെത്ര ഗാനങ്ങൾ..പറഞ്ഞാൽ തീരില്ല. ആ വിയോഗം വലിയ നഷ്ടം തന്നെ.'' – പ്രേം പ്രകാശ് പറഞ്ഞു.










0 comments