ad
Deshabhimani

സ്വാതന്ത്ര്യസമര സ്‌മരണകളിൽ 
രാജേന്ദ്രമൈതാനവും ബ്രിട്ടീഷ് കിണറും

പൊന്‍കുന്നം രാജേന്ദ്രമൈതാനത്ത് ചിറക്കടവ് പഞ്ചായത്ത് നിര്‍മിച്ച സ്റ്റേജ്

പൊന്‍കുന്നം രാജേന്ദ്രമൈതാനത്ത് ചിറക്കടവ് പഞ്ചായത്ത് നിര്‍മിച്ച സ്റ്റേജ്

വെബ് ഡെസ്ക്

Published on Aug 15, 2026, 12:46 AM | 1 min read

ടി എസ്‌ സുജേഷ്‌

പൊൻകുന്നം

സ്വാതന്ത്ര്യസമര ചരിത്രതാളുകളില്‍ തലയെടുപ്പോടെ പൊന്‍കുന്നം രാജേന്ദ്രമൈതാനവും ഇതിനോട്‌ ചേര്‍ന്നുള്ള ബ്രിട്ടീഷ് കിണറും. ദേശീയപാതയില്‍ കോട്ടയം കുമളി പാതയാേരത്താണ് ഈ സ്വാതന്ത്ര്യസമര സ്മാരകം. ബ്രിട്ടീഷ് ഭരണകാലത്ത് വണ്ടിപ്പേട്ടയായിരുന്ന പ്രദേശം പിന്നീട് രാജേന്ദ്രമൈതാനമായി മാറുകയായിരുന്നു. 1947 ജൂലൈയിൽ തിരുവനന്തപുരത്ത് പേട്ട മൈതാനിയിൽ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി നടന്ന സമ്മേളനത്തിൽ വെടിയേറ്റ് മരിച്ച രാജേന്ദ്രൻ എന്ന പതിമൂന്നുകാരന്റെ സ്മരണക്കാണ് സമരഭടന്മാര്‍ വണ്ടിപ്പേട്ടയെ രാജേന്ദ്ര മൈതാനമാക്കിയത്. എ കെ പാച്ചുപിള്ളയുടെ നേതൃത്വത്തിൽ പി ചന്ദ്രശേഖരൻ നായർ അധ്യക്ഷനായ യോഗമാണ് നാമകരണം നടത്തിയത്. കേരളത്തിലും ദേശീയതലത്തിലും അക്കാലത്തും പിന്നീട് വന്നതുമായ രാഷ്ട്രീയ -സാമൂഹിക- മത സമുദായ -സാഹിത്യ നായകന്മാര്‍ ഇവിടെ പ്രസംഗിച്ചിട്ടുണ്ട്. അനവധി സമരങ്ങൾക്കും സാക്ഷ്യംവഹിച്ചു. 1912 ൽ ബ്രിട്ടനിൽ ജോർജ് അഞ്ചാമൻ രാജാവിന്റെ കിരീടധാരണം നടന്നപ്പോൾ സ്മരണക്കായി ഈ മൈതാനത്ത് കിണർ നിർമിച്ചു. മജിസ്ട്രേറ്റിന്റെ നിർദേശപ്രകാരം പ്രദേശത്തെ ഓരോ കുടുംബത്തിൽനിന്ന് 100 രൂപ വീതം പിരിച്ചെടുത്താണ് കിണർ നിർമിച്ചത്. ജോർജ് അഞ്ചാമൻ കോറണേഷണൽ വെൽ എന്ന് കരിങ്കല്ലിൽ കൊത്തിവച്ച ഫലകം കിണറിന്റെ വക്കിലുണ്ട്. കിണർ ഇന്നും പൊൻകുന്നം പട്ടണത്തിന്റെ ദാഹമകറ്റുന്നു. നിവധി വ്യാപാരസ്ഥാനങ്ങള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്നു. ശോഭയൊട്ടും കെടാതെ നാടൊന്നാകെ മൈതാനവും കിണറും കാത്ത് പരിപാലിക്കുന്നു. സ്മാരകത്തിന്റെ സംരക്ഷണത്തിനായി ചിറക്കടവ് പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കിണറിന് മുകളിലായി സ്റ്റേജ് നിര്‍മിച്ചു. ഏടുത്ത്‌ മാറ്റാവുന്ന തരത്തില്‍ പ്രത്യേക ഡിസൈനിലാണ് ഇത്‌. പൊൻകുന്നത്തെ പ്രധാന പൊതുപരിപാടികളും പാർടി സമ്മേളനങ്ങളും നടക്കുന്നത് ഇവിടെയാണ്‌. നാടിന്റെ സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ പ്രതീകമാണ് രാജേന്ദ്രമൈതാനവും ബ്രിട്ടീഷ് കിണറും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home