‘മാറ്റം’ പ്രകടം

കോട്ടയം പ്ലസ് വൺ ക്ലാസുകൾ തുടങ്ങി, പാഠപുസ്‌തകമില്ലാതെ. ആവശ്യമായ പുസ്‌തകത്തിന്റെ പകുതി പോലും മിക്ക സ്‌കൂളുകളിലും എത്തിയിട്ടില്ല. ഹിന്ദി, മലയാളം, ഇംഗ്ലീഷ്, കംപ്യൂട്ടർ സയൻസ് തുടങ്ങി പരിഷ്‌കരിച്ച പാഠപുസ്‌തകങ്ങളാണ് കിട്ടാനുള്ളവയിൽ കൂടുതലും. മറ്റുകുട്ടികളുടെ പാഠപുസ്‌തകങ്ങൾ വാങ്ങി ഫേ-ാട്ടോസ്‌റ്റാറ്റ് എടുത്ത് പഠിക്കേണ്ട അവസ്ഥയാണ്. പാഠപുസ്‌തകം കിട്ടാതെ ഫോട്ടോ കോപ്പി എടുത്തു പഠിക്കേണ്ട വന്ന മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്തെ സമാന അവസ്ഥയിലേക്ക് വിദ്യാഭ്യാസ മേഖല മാറുകയാണ്. എസ്‌സിഇആർടിയുടെ വെബ്‌സൈറ്റിൽ പാഠപുസ്‌തകത്തിന്റെ പിഡിഎഫുണ്ട്. ഇതിന്റെ കോപ്പി എടുക്കാൻ അധ്യാപകർ കുട്ടികളോട് ആവശ്യപ്പെടുന്നുണ്ട്. മൂന്നൂറ് പാഠപുസ്‌തകങ്ങൾ ആവശ്യമുള്ള സ്‌കൂളിൽവരെ 50 – 60 പുസ്‌തകങ്ങൾ മാത്രമാണ് കിട്ടിയത്. 10 വർഷത്തിനിടെ ഇത്തരമൊരു അവസ്ഥ ആദ്യമാണെന്ന് അധ്യാപകർ പറയുന്നു. സി ഡിറ്റിനാണ് പുസ്‌തകവിരണത്തിന്റെ ചുമതല. ജില്ലയിൽ 17, 528 കുട്ടികളാണ് ഇൗ വർഷം പ്ലസ് വണിന് പ്രവേശനം നേടിയത്. ക്ലാസ് തിങ്കളാഴ്‌ച ആരംഭിച്ചു. പാഠപുസ്‌തകമില്ലാതെ എത്രനാൾ പഠിക്കേണ്ടിവരുമെന്ന ആശങ്കയിലാണ് വിദ്യാർഥികൾ. ഇതിനിടെ പാഠപുസ്‌തകങ്ങളുടെ വ്യാജ പതിപ്പുകളും ഇറങ്ങി. ഇവ കൂടിയ വിലയ്‌ക്ക് കുട്ടികൾക്ക് വിറ്റ് പണമുണ്ടാക്കുന്ന ലോബികളും സജീവമായി. പ്ലസ്‌വൺ അധ്യാപകർക്ക് മുൻവർഷങ്ങളിൽ മെയ്‌മാസത്തിൽ പരിശീലനം നൽകിയിരുന്നു. ഇത്തവണ അധ്യാപകകർക്ക് പരിശീലനം നൽകില്ല. പരിഷ്‌കരിച്ച പാഠപുസ്‌തകങ്ങൾ പരിശീലനം നേടാത്ത അധ്യാപകർ പഠപ്പിക്കേണ്ടിവരും. മേയിൽ പരിശീലനം നടത്താത്തതിനാൽ ജൂണിൽ നടത്താൻ സർക്കാർ തീരുമാനിച്ചിരുന്നു. സേ പരീക്ഷ, പുനർമൂല്യനിർണയം, സേ മൂല്യനിർണയം എന്നിവയുടെ തിരക്ക് കാരണം നടത്താനായില്ല. സർക്കാർ കൃത്യമായ രീതിയിൽ ക്രമീകരണം നടത്തിയിരുന്നെങ്കിൽ ജൂണിൽ പരിശീലനം പൂർത്തിയാക്കാൻ സാധിക്കുമായിരുന്നെന്ന് അധ്യാപകർ പറയുന്നു.
പ്രവേശനം കാത്ത് 2,178 കുട്ടികൾ
കോട്ടയം ജില്ലയിൽ ഇനിയും പ്ലസ് വണ്ണിന് സീറ്റ് ലഭിക്കാനുള്ളത് 2,178 വിദ്യാർഥികൾക്ക്. 14, 095 മെറിറ്റ് സീറ്റാണുള്ളത്. അതിൽ 13, 411 സീറ്റുകളിലും പ്രവേശനം പൂർത്തിയായി. സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലായി 684 മെറിറ്റ് സീറ്റുകൾ മാത്രമാണ് ബാക്കിയുള്ളത് 1, 314 മാനേജ്‌മെന്റ് സീറ്റുകളിൽ പ്രവേശനം പൂർത്തിയായില്ല. വിവിധ സംവരണ സീറ്റുകൾ ഒഴിച്ചുള്ളവയിൽ പണം നൽകി പ്രവേശനം നേടാം. സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, മാനേജ്മെന്റ്, കമ്യൂണിറ്റി, സ്പോർട്‌സ് ക്വാട്ട സീറ്റുകൾ ഉൾപ്പെടെ ആകെ 22,064 സീറ്റാണ്. 17, 528 പേർ പ്രവേശനം നേടി. 19,706 അപേക്ഷയാണ് ലഭിച്ചത്. വിവിധ വിഭാഗങ്ങളിലായി 4, 536 സീറ്റിൽ ഒഴിവുണ്ട്. സയൻസ് വിഷയത്തിൽ സർക്കാർ, എയ്ഡഡ് സ്കൂളുകളിലായി 1,199 സീറ്റാണ് ഒഴിവുള്ളത്. ഹ്യൂമാനിറ്റീസ്– 559, കൊമേഴ്സ്– 589 എന്നിങ്ങനെയാണ് എണ്ണം. ആദ്യഘട്ടത്തിൽ അലോട്ട്മെന്റ് ലഭിക്കാത്തവർക്കും തെറ്റായ വിവരങ്ങൾ നൽകിയതുമൂലം ഓപ്ഷനുകൾ നൽകാത്തതിനാലും അലോട്ട്മെന്റിന് പരിഗണിക്കാത്തവർക്കും അലോട്ട്മെന്റ് ലഭിച്ചശേഷം പ്രവേശനം നിഷേധിക്കപ്പെട്ടവർക്കും സപ്ലിമെന്ററി ഘട്ടത്തിൽ അപേക്ഷ പുതുക്കാം. 13 മുതൽ അപേക്ഷ നൽകി തുടങ്ങാം.










0 comments