അടിമവ്യാപാര നിരോധന വിളംബര വാർഷികം 16ന്

തിരുവല്ല അടിമവ്യാപാര നിരോധന വിളംബരത്തിന്റെ 172-–ാം വാർഷികം 16ന് പിന്നാക്ക ജനതയുടെ സ്വാതന്ത്ര്യദിനമായി തിരുവല്ല മുനിസിപ്പൽ ഗ്രൗണ്ടിൽ പ്രത്യക്ഷരക്ഷാ ദൈവസഭ സംസ്ഥാനതലത്തിൽ ആഘോഷിക്കുമെന്ന് സഭാനേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സഭാ ആസ്ഥാനത്ത് രാവിലെ ഒന്പതിന് പ്രസിഡന്റ് വൈ സദാശിവൻ കൊടിയുയർത്തും. തുടർന്ന് അടിമസ്‌മാരക സ്തംഭത്തിൽ പുഷ്പാർച്ചന. 10.30ന് ചങ്ങനാശേരി അമര പിആർഡിഎസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ "വിമോചനത്തിന്റെ ശബ്ദം: പൊയ്കയിൽ ശ്രീകുമാര ഗുരുദേവന്റെ കാവ്യദർശനങ്ങൾ' എന്ന വിഷയത്തിൽ സെമിനാർ നടക്കും. സഭാ ഹൈകൗൺസിലംഗം എസ് മധുകുമാർ സെമിനാർ ഉദ്ഘാടനം ചെയ്യും. പകൽ മൂന്നിന് തിരുവല്ല രാമൻചിറ ബൈപ്പാസ് ജങ്‌ഷനിൽനിന്നും സാംസ്‌കാരിക ഘോഷയാത്ര ആരംഭിക്കും. സഭാ ട്രഷറർ ആർ ആർ വിശ്വകുമാർ ഉദ്‌ഘാടനം ചെയ്യും. വൈകിട്ട് 5ന് ചേരുന്ന അടിമവ്യാപാര നിരോധന വിളംബര വാർഷികസമ്മേളനം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. സംവിധായകൻ ബ്ലസ്സി ആദിയർ ദീപം സ്പെഷ്യൽ പതിപ്പ് പ്രകാശനം ചെയ്യും. സഭാ വൈസ് പ്രസിഡന്റ് എം പൊന്നമ്മ അടിമവ്യാപാര നിരോധന വിളംബര സന്ദേശവും സഭാ ജനറൽ സെക്രട്ടറി കെ ഡി സീത്കുമാർ അവകാശ പ്രഖ്യാപനവും നടത്തും.. വാർത്താസമ്മേളനത്തിൽ സഭാ പ്രസിഡന്റ് വൈ സദാശിവൻ, ജനറൽ സെക്രട്ടറിമാരായ റ്റി കെ അനീഷ്, കെ ഡി സീത്കുമാർ, ട്രഷറർ ആർ ആർ വിശ്വകുമാർ, ജോയിന്റ് സെക്രട്ടറി കെ ജ്ഞാനസുന്ദരൻ, ഹൈകൗൺസിലംഗം കെ ദേവകുമാർ, മീഡിയാ കൺവീനർ സുരേഷ് മോഹൻ എന്നിവർ പങ്കെടുത്തു.









0 comments