പ്രൗ--ഢം, പൗരാണികം

കോട്ടയം പഴമയുടെ പ്രൗഢിയും നാവിൽ തൊട്ടറിഞ്ഞ നാടൻ രുചികളുടെ മധുരവും ചേർന്നപ്പോൾ കോട്ടയം സിഎംഎസ് കോളേജ് ഹയർ സെക്കൻഡറി സ്കൂൾ അങ്കണം മറ്റൊരു കാലഘട്ടത്തിലേക്ക് വഴിമാറി. കേരളപ്പിറവിയുടെ എഴുപതാം വാർഷികം ആഘോഷിക്കാൻ അധ്യാപകരും വിദ്യാർഥികളും ചേർന്നൊരുക്കിയത് സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും നേർക്കാഴ്ചയായിരുന്നു. സ്‌കൂളിൽ സംഘടിപ്പിച്ച ‘കേരള പെരുമ @ 70’ പുരാവസ്‌തു പ്രദർശനവും ഭക്ഷ്യമേളയും നാടിന് നവ്യാനുഭവമായി. പുരാവസ്‌തു പ്രദർശനത്തിലേക്ക് കാലെടുത്തുവച്ച ഓരോരുത്തരും എത്തിയത് ചരിത്രത്തിന്റെ അടരുകളിലേക്കായിരുന്നു. പഴയകാല വീട്ടുപകരണങ്ങളും ഫോണുകളും കാമറകളും നാണയങ്ങളും വിളക്കുകളും പെട്ടികളും പൈതൃക വസ്തുക്കളും കുട്ടികളിൽ കൗതുകമുണർത്തി. ആവി പറക്കുന്ന നാടൻ ഭക്ഷണങ്ങളും പലഹാരങ്ങളും ബിരിയാണിയുമെല്ലാം മേളയുടെ മാറ്റ് കൂട്ടി. പ്ലസ് ടു വിദ്യാർഥികളുടെ നേതൃത്വത്തിലായിരുന്നു മേള. ഫോട്ടോ ബൂത്ത്, ഡോക്യൂമെന്ററി എന്നിവയും ഒരുക്കി. പ്രദർശനം സിഎൻഐടിടിഐ പ്രിൻസിപ്പൽ മിനു ആനി ജോർജ്, സ്‌കൂൾ പ്രധാനാധ്യാപിക എസി എബ്രഹാം, പിടിഎ പ്രസിഡന്റ് സക്കീർ ചങ്ങമ്പള്ളി എന്നിവർ ഉദ്‌ഘാടനംചെയ്‌തു. സ്‌കൂൾ പ്രിൻസിപ്പൽ റോസലിൻ എം ജോയി സംസാരിച്ചു.








0 comments