ad
Deshabhimani

ജീവനക്കാരും മരുന്നുമില്ല 
രക്ഷയില്ലാതെ രോഗികൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 26, 2026, 01:47 AM | 2 min read

കോട്ടയം

ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ആരോഗ്യ ജീവനക്കാരും മരുന്നുമില്ലാതെ വലഞ്ഞ്‌ രോഗികൾ. താലൂക്ക് ആശുപത്രികളിൽ ഉൾപ്പെടെ പല ആരോഗ്യ കേന്ദ്രങ്ങളിലും ഡോക്ടർമാരില്ലാതെയും മരുന്ന്‌ ലഭ്യമാകാതെയും രോഗികൾ ദുരിതത്തിലായി. മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ ഉൾപ്പെടെ സർക്കാർ നേരിട്ട്‌ മരുന്നു എത്തിക്കുന്നത്‌ മുടങ്ങിയ അവസ്ഥയിലാണ്‌. കാരുണ്യ ഉൾപ്പെടെയുള്ള സൗജന്യ ചികിത്സാ പദ്ധതികളുടെ ആനുകൂല്യങ്ങൾ നിലച്ചമട്ടാണ്‌. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സ്ഥിതി സമാനമാണ്‌. പനിയ്‌ക്കടക്കം മരുന്ന് കിട്ടാനില്ലെന്നും പരാതി ഉയരുന്നു. ജില്ലാ ആശുപത്രിയിൽ ജിവൻരക്ഷാ മരുന്നുകളുടെ സ്റ്റോക്ക് നാമമാത്രമാണെന്നാണ്‌ വിവരം. ഒരാഴ്ചത്തേക്കുള്ള മരുന്നേ നിലവിൽ സ്റ്റോക്കുള്ളു. നെടുകുന്നം, കറുകച്ചാൽ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ അഞ്ചുവയസിൽ താഴെയുള്ള കുട്ടികൾക്ക് നൽകുന്ന വിറ്റാമിൻ(എ) തുള്ളിമരുന്ന് ഉൾപ്പെടെയുള്ളവ ലഭ്യമല്ല. ഇടയാഴം കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാർ കുറിച്ച്‌ നൽകുന്ന പല പ്രധാന മരുന്നുകളും കിട്ടുന്നില്ല. മരുന്നുകളുടെ ലഭ്യത കുറയുമ്പോൾ ബ്ലോക്ക്‌ പഞ്ചായത്ത്‌ ഇടപ്പെട്ട്‌ രോഗികൾക്ക്‌ ബുദ്ധിമുട്ടുണ്ടാകാതെ നോക്കുകയാണ്‌. മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൃക്കരോഗികൾക്ക് ഒഴിച്ചുകൂടാനാകാത്ത ഹെപ്പാരിൻ, എറിത്രോപോയിറ്റിൻ റിഫാഗട്ട്‌– 550, കാർഡിവാസ്‌ തുടങ്ങിയവ കിട്ടാനില്ലാതായിട്ട് രണ്ടു മാസമായി . രക്തസമ്മർദം നിയന്ത്രിക്കുന്ന മരുന്നുകളും അപസ്മാര രോഗികൾക്കുള്ള അടിയന്തര മരുന്നുകളും സ്റ്റോക്കില്ല. പകർച്ചവ്യാധികളും പനിയും പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ മരുന്ന്‌ ക്ഷാമം പരിഹരിക്കാൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ല. വലിയ വിലനൽകി പുറത്തെ മെഡിക്കൽ ഷോപ്പുകളിൽനിന്ന്‌ മരുന്നുകൾ വാങ്ങാൻ നിർബന്ധിതരാകുകയാണ്‌ രോഗികൾ. ഡോക്ടർമാരില്ലാത്തതും രോഗികളെ പ്രതിസന്ധിയിലാക്കി. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ആവശ്യത്തിന്‌ ഡോക്ടർമാരോ ജീവനക്കാരോ ഇല്ല. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് ആധുനികരീതിയിൽ പോസ്റ്റ്മോർട്ടം റൂം നിർമിച്ചെങ്കിലും ഫോറൻസിക് സർജൻ ഇല്ലാത്തതിനാൽ പോസ്റ്റ്മോർട്ടം നടക്കാത്ത സ്ഥിതിയാണ്. ഡയാലിസിസ് യൂണിറ്റിൽ നെഫ്രോളജി ഡോക്ടർ ഇല്ലാത്തതിനാൽ പ്രവർത്തനം തുടങ്ങിയിട്ടില്ല. കാത്ത്‌ ലാബിൽ ഡോക്ടർമാർ ഇല്ലാത്തതിനാൽ ചൊവ്വാഴ്ച മാത്രമാണ്‌ ഒപി പ്രവർത്തിക്കുന്നത്‌. ഇടയാഴത്തെ ആശുപത്രിയിൽ ഡോക്‌ടർമാരുടെ സേവനം വർധിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ വൈക്കം ബ്ലോക്ക്‌ പഞ്ചായത്ത്‌ ആരോഗ്യവകുപ്പിന്‌ കത്ത്‌ നൽകി. എരുമേലി മുണ്ടക്കയം ഗവ. ആശുപത്രികളിൽ കിടത്തിച്ചികിത്സയും രാത്രികാല ചികിത്സയും മുടങ്ങി. ആവശ്യത്തിന്‌ ഡോക്ടർമാരും ജീവനക്കാരുമില്ല. എല്ലാ മലയാള മാസവും ഒന്നാം തീയതി മുതൽ അഞ്ചാം തീയതി വരെ ശബരിമല തീർഥാടകരെത്തുന്നുണ്ട്. കൂട്ടിക്കൽ, പറത്താനം ആശുപത്രികളിലും സ്ഥിതി വ്യത്യസ്ഥമല്ല. കാഞ്ഞിരപ്പള്ളി കാളകെട്ടി ഗവ. ആശുപത്രിയിൽ ഒരു ഡോക്ടർ മാത്രമാണുള്ളത്. 150ലേറെ രോഗികൾ ഇവിടെ ഒപിയിൽ ദിനംപ്രതി എത്തുന്നുണ്ട്. വിഴിക്കിത്തോട് ആശുപത്രിയിലും ഡോക്ടർമാരുടെ കുറവുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home