പ്രതിസന്ധിയുടെ ഓണപ്പരീക്ഷണം

കോട്ടയം ഒന്നുമുതൽ 10 വരെയുള്ള ക്ലാസുകളിലെ ഓണപരീക്ഷകൾക്ക് വ്യാഴാഴ്ച തുടക്കമാകും. പാഠങ്ങൾ പൂർണമായും പഠിപ്പിച്ച് തീരാത്തതിനാൽ എന്ത് എഴുതുമെന്ന ആശങ്കയിലാണ് വിദ്യാർഥികൾ. അധ്യാപകരുടെ സെൻസസ് ഡ്യൂട്ടിയും മഴക്കെടുതിയും മൂലം വിദ്യാർഥികൾക്ക് നിരവധി പഠനദിവസങ്ങളാണ് നഷ്‌ടപ്പെട്ടത്. പാഠഭാഗങ്ങൾ പൂർത്തിയാക്കാൻ സാധിക്കാത്തതിനാൽ പരീക്ഷ മാറ്റിവയ്ക്കണമെന്ന് ഭൂരിഭാഗം അധ്യാപകസംഘടനകളും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അക്കാദമിക് കലണ്ടർ ചൂണ്ടിക്കാട്ടി പരീക്ഷാ തീയതിയിൽ മാറ്റം വരുത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് തയ്യാറായില്ല. വീടുകളിൽനിന്ന് വെള്ളം പൂർണമായും ഇറങ്ങാത്തതിനാൽ ഒമ്പത് ദുരിതാശ്വാസ ക്യാമ്പുകൾ ഇപ്പോഴും ജില്ലയിൽ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ മിക്കതും സ്‌കൂളുകളിലുമാണ്. അവിടങ്ങളിൽ പിന്നീടാകും പരീക്ഷ. മഴ അവധിയും സെൻസസ് ഡ്യൂട്ടിക്കായി വലിയൊരു വിഭാഗം അധ്യാപകരെ നിയോഗിച്ചതും ഔദ്യോഗിക പരിശീലനങ്ങളും സ്‌കൂളുകളുടെ പ്രവർത്തനങ്ങളെ താളം തെറ്റിച്ചു. അധ്യാപകർക്ക് പകരമായി താൽക്കാലിക സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കാത്തത് സ്‌കൂളുകളിലെ പഠനപ്രവർത്തനങ്ങളെ പൂർണമായും ബാധിച്ചു. ജില്ലയിലെ ഭൂരിഭാഗം സ്കൂളുകളിലും പകുതി പാഠഭാഗങ്ങൾപോലും പൂർത്തിയാകാതെയാണ് പരീക്ഷ നടക്കുക. കുട്ടികളും രക്ഷിതാക്കളും കടുത്ത മാനസിക സമ്മർദത്തിലാണ്.









0 comments