ad
Deshabhimani

​​പാലാ നഗരസഭയിൽ 
അവിശ്വാസ പ്രമേയത്തിൽ ചർച്ച ഇന്ന്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 21, 2026, 12:51 AM | 1 min read

പാലാ യുഡിഎഫ്- സ്വതന്ത്ര കൂട്ടായ്മ ഭരിക്കുന്ന പാലാ നഗരസഭയിൽ, ചെയർപേഴ്സൺ സ്വതന്ത്ര കൂട്ടായ്മയിലെ ദിയ ബിനുവിനെതിരെ എൽഡിഎഫ് പ്രതിപക്ഷം നൽകിയ അവിശ്വാസ പ്രമേയത്തിൽ ചർച്ചയും വോട്ടെടുപ്പും ചൊവ്വാഴ്ച നടക്കും. പകൽ 11ന് ചേരുന്ന യോഗത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് കോട്ടയം ജോയിന്റ് ഡയറക്ടർ വരണാധികാരിയാകും. അവിശ്വാസ പ്രമേയം ചർച്ച ചെയ്യാൻ ചേരുന്ന കൗൺസിലിൽനിന്ന് വിട്ട് നിൽക്കാനാണ് യുഡിഎഫ് അംഗങ്ങൾക്ക് മുന്നണിയിലെ കക്ഷികളുടെ ജില്ലാ നേതൃത്വങ്ങൾ നൽകിയിരിക്കുന്ന നിർദേശം. കോൺഗ്രസ് അംഗങ്ങൾക്ക് വിപ്പ് നൽകുമെന്നാണ് ഡിസിസി പ്രസിഡന്റ് വാർത്താസമ്മേളനത്തിൽ അറിയിച്ചത്. എന്നാൽ ഇത് സംബന്ധിച്ച് അംഗങ്ങൾക്ക് ഡിസിസി നേതൃത്വവും ബന്ധപ്പെട്ട കക്ഷികളുടെ ഭാരവാഹികളും നിർദേശം നൽകിയതല്ലാതെ രേഖാമൂലം വിപ്പ് നൽകിയിട്ടില്ല. തിങ്കളാഴ്ച ഓഫിസ് സമയം കഴിയും വരെ ഇതു സംബന്ധിച്ച് രേഖകളൊന്നും നഗരസഭ അധികൃതർക്ക് ലഭിച്ചതായി വിവരം ഇല്ല. 26 അംഗ കൗൺസിലിൽ എൽഡിഎഫ് 12, യുഡിഎഫ് 10, സ്വതന്ത്രർ നാല് എന്നിങ്ങനെയാണ് കക്ഷി നില. ഭരണസഖ്യത്തിലെ തർക്കങ്ങളെ തുടർന്ന് ആറംഗ കോൺഗ്രസ് പ്രതിനിധികളടക്കം പാർട്ടി മണ്ഡലം കമ്മിറ്റി യോഗം ചേർന്ന് ചെയർപേഴ്സണിൽ അവിശ്വാസം പ്രഖ്യാപിച്ച് പിന്തുണ പിൻവലിച്ചിരുന്നു. ഇതേ തുടർന്ന് നഗരസഭയിൽ ഭരണസ്തംഭനം ഒഴിവാക്കാനും വികസന പദ്ധതികളുടെ സുഗമ നടത്തിപ്പിനും പൊതുജനങ്ങളുടെ താൽപര്യം സംരക്ഷിക്കാനും ബദൽ സംവിധാനം ഒരുക്കാൻ ലക്ഷ്യമിട്ടാണ് എൽഡിഎഫ് അവിശ്വാസ നോട്ടിസ് നൽകിയത്. കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ ഓട്ടോ സ്റ്റാൻഡ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഭരണ സഖ്യത്തിന്റെ പാർലമെന്ററി പാർടി യോഗത്തിൽ കോൺഗ്രസ് അംഗം ബിജു മാത്യൂസിനെ സ്വതന്ത്ര കൂട്ടായ്മയിലെ രണ്ട് അംഗങ്ങൾ കൈയേറ്റം ചെയ്തിരുന്നു. ഇതിലെ പരാതിയിൽ പൊലീസ് കേസ് എടുത്തതോടെ ചെയർപേഴ്സന്റെ ഓഫിസിൽനിന്ന് ഫയലും വാച്ചും മോഷ്ടിച്ചുവെന്ന് ആരോപിച്ച് ബിജു മാത്യൂസിനെതിരെ ചെയർപേഴ്സണും സെക്രട്ടറിയും പരാതി നൽകി. ഇതിനിടെ ഭരണസഖ്യത്തിലെ തർക്കത്തെ തുടർന്ന് യുഡിഎഫിലെ രണ്ട് ഘടകകക്ഷികളെ അടർത്തിമാറ്റി നാല് അംഗങ്ങളെ സ്വതന്ത്ര കൂട്ടായ്മ കൂടെ ചേർത്തിരുന്നു. ഇതോടെയാണ് കോൺഗ്രസ് അംഗങ്ങൾ ചെയർപേഴ്സണ് എതിരെ രംഗത്തെത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home