ad
Deshabhimani

സബ്‌സിഡിയും സ്വാഹ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 11, 2026, 12:10 AM | 1 min read

കോട്ടയം ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടർ വില കൂട്ടിയതിന്‌ പിന്നാലെ സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ചത്‌ ജനങ്ങൾക്കുമേലുള്ള കനത്ത പ്രഹരം. 14.2 കിലോഗ്രാമുള്ള ഗാർഹിക സിലിണ്ടറുകൾക്ക് ഒറ്റയടിക്ക് 29 രൂപ വർധിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം ഒന്പതിൽനിന്ന്‌ നാലാക്കി കേന്ദ്രം കുറച്ചത്‌. സബ്‌സിഡി സിലിണ്ടർ വാങ്ങികഴിഞ്ഞാൽ ഉയർന്ന വില നൽകി വാണിജ്യ സിലിണ്ടർ വാങ്ങേണ്ടി വരും. ഏകദേശം 1,600 രൂപ നൽകി സബ്‌സിഡി രഹിത സിലിണ്ടർ വാങ്ങേണ്ടി വരും. കൂടുതൽ അംഗങ്ങളും ഉപയോഗവുമുള്ള വീട്ടുകാർക്ക്‌ അധികബാധ്യത ഏറും. സബ്‌സിഡി സിലിണ്ടറിന്‌ നിലവിൽ 950 രൂപ നൽകണം. ഹാൻഡ്‌ലിങ് ചാർജുകൂടി വരുന്പോൾ 1000 രൂപയാണ്‌ നിലവിൽ ഒരു സിലിണ്ടറിന്‌ നൽകേണ്ടി വരുന്നത്‌. ഇതാണ്‌ വീണ്ടും കൂടാൻപോകുന്നത്‌. 2016ൽ ഒരു വർഷം 12 സിലിണ്ടറുകൾ സബ്‌സിഡി നിരക്കിൽ വിതരണം ചെയ്തിരുന്നു. കഴിഞ്ഞ വർഷം അത് ഒമ്പതായി കുറച്ചു. ഇപ്പോഴത് നാലായി വീണ്ടും കുറച്ചു. സബ്‌സിഡി ഘട്ടം ഘട്ടമായി എടുത്തുകളയുന്നതിന്റെ ഭാഗമായാണ്‌ ഇപ്പോഴത്തെ നടപടിയെന്നാണ്‌ ആക്ഷേപമുയരുന്നത്‌. വിലക്കയറ്റത്താൽ നട്ടം തിരിയുന്ന ജനങ്ങൾക്കുമേലുള്ള കനത്ത പ്രഹരമാണ്‌ സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറയ്‌ക്കൽ. വാണിജ്യ സിലിണ്ടർ വിലയും പലതവണയായി കുത്തനെ കൂട്ടിയിരുന്നു. 19 കിലോ സിലിണ്ടറിന്‌ നിലവിൽ 3100 രൂപ കടന്നു. അതിഥിത്തൊഴിലാളികൾ കൂടുതലായി വാങ്ങുന്ന അഞ്ച്‌ കിലോ സിലിണ്ടറിന്‌ 11 രൂപയും കൂട്ടിയിരുന്നു. പാചകവാതക വില കുത്തനെ കൂട്ടിയതോടെ ഹോട്ടലുകളിലും റെസ്റ്ററന്റുകളിലും ഭക്ഷണവിലയും കൂടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home