ഓൺലൈൻ ട്രേഡിങ്ങിന്റെ മറവില്‍ തട്ടിപ്പ്: പ്രതി അറസ്റ്റിൽ

രാമപുരം
ഓൺലൈൻ ഷെയര്‍ മാര്‍ക്കറ്റ് ട്രേഡിങ്ങിന്റെ മറവിൽ അമേരിക്കൻ കമ്പനിയുടെ പേരിൽ നിക്ഷേപം സ്വീകരിച്ച് ലക്ഷങ്ങൾ തട്ടിയ മലപ്പുറം സ്വദേശി അറസ്റ്റിൽ. കൂട്ടില്‍ മങ്കട വഴിയില്‍ പൂക്കാട്ടില്‍ അബ്ദുള്‍ റഷീദിനെയാണ്(40) രാമപുരം പൊലീസ് അറസ്റ്റുചെയ്തത്. രാമപുരം മരങ്ങാട് വെട്ടിക്കാട്ടിങ്കല്‍ ഷിന്റോ പി ജോസിന്റെ അക്കൗണ്ടിൽനിന്ന് 46,38,907 രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. ആലത്തൂര്‍ സ്റ്റേഷനിലും, തമിഴ്‌നാട്ടിലെ സേലം പൊലീസ് സ്‌റ്റേഷനിലും സമാനമായ കേസുകളിൽ പ്രതിയാണ് അബ്ദുള്‍ റഷീദ്. ആലത്തൂരിലെ കേസില്‍ 55 ലക്ഷവും സേലത്ത് പലരിൽനിന്നായി 10 കോടിയോളം രൂപയുമാണ് ഇയാള്‍ തട്ടിയെടുത്തത്. ഇരകളെ ഫോണില്‍വിളിച്ച് തന്ത്രപരമായി സംസാരിച്ച് വൻ തുക ലാഭം വാഗ്ദാനംചെയ്താണ് തട്ടിപ്പ്. അമേരിക്കയിലുള്ള ഫോർച്യൂണെക്‌സ് കമ്പനിയുടെ പേരിൽ ലണ്ടനിൽനിന്നുള്ള വാട്സാപ്പ് കോളിലൂടെയാണ് ഇരകളെ കുടുക്കുന്നത്. കമ്പനിയിൽ നിക്ഷേപിച്ചാൽ കൂടുൽ ലാഭം ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പ്. രാമപുരം സ്വദേശിയെ ഇത്തരത്തിൽ പലതവണ വിളിച്ചാണ് പണം തട്ടിയത്. ട്രേഡിങ്ങിലും കമീഷൻ ഇനത്തിലുമായി പരാതിക്കാരന്റെയും സുഹൃത്തുക്കളുടെയും അക്കൗണ്ടുകളിൽനിന്നായി 2025 ഒക്ടോബർ 23 മുതൽ നവംബർ 13 വരെ പല തവണകളായാണ് പണം തട്ടിയത്. നിക്ഷേപ തുകയും വാഗ്ദാനംചെയ്ത ലാഭവിഹിതവും ലഭിക്കാതെ വന്നതോടെയാണ് ഷിന്റോ രാമപുരം പൊലീസില്‍ പരാതിനല്‍കിയത്. കോട്ടയം ജില്ലാ പൊലീസ് മേധാവി ഷാഹുല്‍ ഹമീദ്, പാലാ ഡിവൈഎസ്‌പി കെ സദന്‍ എന്നിവരുടെ നിര്‍ദേശത്തിൽ രാമപുരം എസ്എച്ച്ഒ കെ ദീപക്ക്, എഎസ്ഐ മനീഷ്, സിപിഒമാരായ വിഷ്ണു, ശ്യാം മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് ആലത്തൂരില്‍നിന്ന് പ്രതിയെ പിടികൂടിയത്. വിശ്വാസ വഞ്ചന കുറ്റം ചുമത്തി പാലാ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.










0 comments