പോക്കറ്റ് കാലി
ഓണത്തിന് ചെലവേറും

കോട്ടയം
ഓണം ഇങ്ങെത്താറായിരിക്കെ വിപണിയിൽ സാധനങ്ങൾക്ക് പൊള്ളുംവില. ഉപ്പുതൊട്ട് കർപ്പൂരത്തിനുവരെ സർവ സാധനങ്ങൾക്കും തീവിലയാണ്. നിത്യോപയോഗ സാധനങ്ങളുടെ വിലയിലെ വർധന സാധാരണക്കാരന്റെ ജീവിതച്ചെലവ് ക്രമാതീതമായി ഉയർത്തുന്നു. അരിയും പഞ്ചസാരയും അടക്കമുള്ള ഭൂരിഭാഗം പലവ്യഞ്ജനങ്ങളുടെ വിലവർധന ദിനംപ്രതിയാണ്. പച്ചക്കറി വിപണിയിലെ പല ഇനങ്ങളും ഉയർന്ന നിലവാരത്തിലാണ് വ്യാപാരം തുടരുന്നത്. വെളുത്തുള്ളിയുടെ വില 240 ആയി. കാരറ്റ്, ബീൻസ്, ചെറിയ ഉള്ളി, പച്ചമാങ്ങ എന്നിവയ്‌ക്ക് 80 രൂപ ആണ് വില. ഇഞ്ചിവിലയും 200 കടന്നു. വെള്ളരി-, വെണ്ട, കബേജ്, തക്കാളി എന്നിവയ്‌ക്ക് 40, പടവലത്തിനും ചേനയ്‌ക്കും 50, ബീറ്റ്‌റൂട്ട്, പയർ, വഴുതന, പച്ചമുളക് എന്നിവയ്‌ക്ക് 60 ആണ് വിപണിയിലെ വില. വരുംദിവസങ്ങളിൽ വില ഇനിയും ഉയരാനാണ് സാധ്യത. തമിഴ്‌നാട്, കർണാടകം. മഹാരാഷ്ട്ര എന്നിവിടങ്ങളിൽനിന്നാണ് ജില്ലയിലേക്ക് പച്ചക്കറിയെത്തുന്നത്. ഇവിടങ്ങളിൽനിന്നുള്ള വരവ് കുറഞ്ഞതിനൊപ്പം മഴയിൽ കൃഷിനാശം കൂടിയായതോടെ നാടൻ പച്ചക്കറികളുടെ ലഭ്യത കുറഞ്ഞതായും വ്യാപാരികൾ പറഞ്ഞു. അരിയും പഞ്ചസാരയും അടക്കമുള്ള നിത്യോപയോഗ സാധനങ്ങളുടെ സ്ഥിതിയും സമാനമാണ്. അരിവില ഒരാഴ്ചക്കിടെ നാലുരൂപവരെയാണ് കൂടിയത്. വില ഇനിയും ഉയർന്നേക്കാം. പത്തുദിവസത്തിനിടെ പഞ്ചസാരയ്‌ക്ക് കൂടിയത് ഏഴ് രൂപ. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഫലപ്രദമായ ഇടപെടലിലൂടെ സാധനങ്ങളുടെ വില നിയന്ത്രണ വിധേയമാക്കിയിരുന്നു. എന്നാൽ, യുഡിഎഫ് സർക്കാരിന്റെ വിപണി ഇടപെടൽ കുറഞ്ഞെന്നും ഇത് വില കുത്തനെ ഉയരാൻ ഇടയാക്കിയെന്നും വ്യാപരികൾ പറയുന്നു.









0 comments