ad
Deshabhimani

ഒച്ച്‌ ഒരു ഭീകരജീവി

ochu

മുള്ളൻകുഴി ഭാഗത്തെ ഭിത്തികളിൽ ഇരിക്കുന്ന ആഫ്രിക്കൻ ഒച്ചുകൾ

വെബ് ഡെസ്ക്

Published on Jun 08, 2026, 12:33 AM | 1 min read

കോട്ടയം മഴ തുടങ്ങിയതോടെ ആഫ്രിക്കൽ ഒച്ചിന്റെ ശല്യം രൂക്ഷം. പലയിടത്തും ഇവ വീടുകളുടെ അടുക്കളവരെ എത്തുന്ന സ്ഥിതിയാണ്‌. കോട്ടയത്ത്‌ ഗുഡ്‌ഷെഡ്‌ റോഡ്‌, മുള്ളൻകുഴി, ജില്ലാ വ്യവസായ കേന്ദ്രം എന്നിവിടങ്ങളിലാണ്‌ ഒച്ചിന്റെ സാന്നിധ്യം കൂടുതൽ. ഇവയുടെ ദേഹത്തിൽനിന്ന് പുറത്തുവരുന്ന ദ്രവം സ്പർശിച്ചാൽ ത്വക്ക് രോഗം മുതൽ മസ്തിഷ്‌കജ്വരം വരെയുണ്ടാകാമെന്ന് വിദഗ്ദ്ധർ പറയുന്നു. അത്രയ്‌ക്ക്‌ മാരകമാണ്‌ ആഫ്രിക്കൻ ഒച്ചുകൾ. കോട്ടയം കോടിമത ടി ബി റോഡിന് സമീപത്തെ വീടുകളിലും ഇവയുടെ ശല്യം രൂക്ഷമാണ്. പുറത്തേക്ക് ഇറങ്ങാൻ പോലും കഴിയാത്ത സ്ഥിതിയാണെന്ന് പ്രദേശവാസികൾ പറയുന്നു. മഴക്കാലപൂർവ ശുചീകരണങ്ങൾ പാളിയതാണ് ആഫ്രിക്കൻ ഒച്ചിന്റെ ശല്യം കൂടാൻ കാരണമെന്നും പരാതിയുണ്ട്. മഴക്കാലപൂർവ ശുചീകരണ പ്രതിരോധ നടപടികൾ ഏകോപിപ്പിക്കാനും സംവിധാനമില്ല. കുരുമുളകിന്റെ അത്രയും വലുപ്പമുള്ള ഒച്ചിന്റെ കുഞ്ഞുങ്ങൾ പച്ചില തിന്ന്‌ ദിവസങ്ങൾക്കുള്ളിൽ വലിപ്പം വയ്ക്കും. മരങ്ങളിലും ഇവ വ്യാപിക്കുന്നുണ്ട്. വിറകുപുരകൾ, ഷെഡുകൾ, കുളിമുറികൾ ഇവിടെയൊക്കെ ഇവ എത്തുന്നു. രൂക്ഷമായ ദുർഗന്ധവുമുണ്ട്. ഉപ്പ് വിതറിയാണ്‌ ഇവയെ കൊല്ലുന്നത്‌. കൈയിൽ ഗ്ല‍ൗസ്‌ ഇട്ട്‌ വേണം ഒച്ചിന്റെ സാന്നിധ്യമുള്ള ഭാഗം സ്‌പർശിക്കാൻ. എത്ര കൊന്നാലും മണ്ണിനടയിൽ ഒച്ചിന്റെ സാന്നിധ്യം ഉണ്ടാകും. മഴക്കാലത്ത്‌ ഇവ പുറത്തിറങ്ങുകയും വ്യാപിക്കുകയും ചെയ്യും. പുറംതോട് ശംഖ് പോലിരിക്കുന്നത് കൗതുകമുണ്ടാക്കുന്നതിനാൽ കുട്ടികൾ അവയെ പിടിക്കാൻ സാധ്യത കൂടുതലാണ്‌. ഇത്‌ കരുതിയിരിക്കണം. പ്രതികൂല കാലാവസ്ഥയിൽ മൂന്ന് വർഷം വരെ മണ്ണിനടിയിൽ ഒളിച്ചിരിക്കുന്ന ഇവയെ നശിപ്പിക്കുക അത്ര എളുപ്പവുമല്ല. ലോകത്തിലെ ഏറ്റവും വലിയ ഒച്ചെന്ന് കരുതപ്പെടുന്ന ഇവയ്‌ക്ക്‌ കൃഷിയുൾപ്പെടെ എന്തും നശിപ്പിക്കാൻ ശേഷിയുണ്ട്‌. ചേമ്പ്, ചേന, ഇഞ്ചി, വെണ്ട, ചീര, പയർ, വാഴ, കപ്പളം തുടങ്ങിയവയുടെ ഇലകൾ ഒച്ചുകൾ തിന്നുതീർക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home